1 GBP = 103.21

ജയ്പൂരില്‍ അടൂര്‍ സ്വദേശിയായ യുവാവിനെ വെടി വച്ചു കൊന്നു

ജയ്പൂരില്‍ അടൂര്‍ സ്വദേശിയായ യുവാവിനെ വെടി വച്ചു കൊന്നു

ജയ്പൂര്‍:രാജസ്ഥാനില്‍ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ അംഗമായ യുവാവിനെ ബന്ധുക്കളുടെയും ഗര്‍ഭിണിയായ ഭാര്യയുടെയും മുന്നില്‍ വച്ച് വെടിവച്ചു കൊന്നു. അടൂര്‍ മണ്ണടി സ്വദേശിയായ അമിത് നായര്‍ (25 ) ആണ് കൊല്ലപ്പെട്ടത്. ഭാര്യയുടെ മാതാപിതാക്കള്‍ക്കൊപ്പം വന്ന അജ്ഞാതനാണ് വെടിവച്ചത്. ഇയാള്‍ വാടകക്കൊലയാളിയാണോ എന്ന് സംശയമുണ്ട്. ദുരഭിമാനക്കൊലയാണെന്ന് കരുതുന്നു. ജയ്പൂരിലെ കരണിവിഹാറിലെ ജഗദംബ കോളനിയിലെ വീട്ടില്‍ ഇന്നലെ രാവിലെ എട്ട് മണിക്കാണ് കൊല നടന്നത്. അമിതും ഭാര്യ മമത ചൗധരിയും രണ്ട് വര്‍ഷം മുന്‍പ് പ്രണയിച്ച് വിവാഹിതരായതാണ്. ജാതിയുടെ പേരില്‍ മമതയുടെ ബന്ധുക്കള്‍ വിവാഹത്തിന് എതിരായിരുന്നുവെന്ന് അമിതിന്റെ സുഹൃത്തുക്കള്‍ പറയുന്നു.

ബുധനാഴ്ച രാവിലെ അജ്ഞാതനൊപ്പം വീട്ടിലെത്തിയ മമതയുടെ മാതാപിതാക്കള്‍ അമിതിനെ കാണണമെന്ന് ആവശ്യപ്പെട്ടു. അമിത് മുറിയില്‍ ഉറക്കത്തിലായിരുന്നു. മമത വിളിച്ചുണര്‍ത്തി തന്റെ മാതാപിതാക്കള്‍ എത്തിയ കാര്യം അറിയിച്ചു. ഉറക്കച്ചടവോടെ എഴുന്നേറ്റ് വന്ന അമിത് ഭാര്യയുടെ മാതാപിതാക്കളെ സന്തോഷത്തോടെ സ്വീകരിച്ചു. എന്നാല്‍ മമത ഉടന്‍ തങ്ങള്‍ക്കൊപ്പം പോരണമെന്ന് മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. വിസമ്മതിച്ച മമതയെ അവര്‍ മുടിക്ക് പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചു. മമത നിലവിളിച്ചുകൊണ്ട് കുതറി സ്വതന്ത്രയാകാന്‍ ശ്രമിച്ചു. പൊടുന്നനെ അജ്ഞാതന്‍ അമിതിനെ വെടിവയ്ക്കുകയായിരുന്നു. നാല് വെടിയുണ്ടകള്‍ ഏറ്റ അമിത് കുഴഞ്ഞുവീണു. മമതയുടെ മാതാപിതാക്കളും അജ്ഞാതനും പൊടുന്നനെ കാറില്‍ കയറി സ്ഥലം വിട്ടു.

രക്തം വാര്‍ന്നൊഴുകിയ അമിതിനെ ബന്ധുക്കള്‍ ആദ്യം ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ പ്രവേശിപ്പിക്കാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് മറ്റൊരു ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അമിതിന്റെ വീട്ടില്‍ എത്തി അന്വേഷണം ആരംഭിച്ചു. കൊലയാളിക്ക് വേണ്ടി തിരച്ചില്‍ നടക്കുകയാണ്.

എന്‍ജിനീയറിംഗ് ബിരുദധാരിയായ അമിത് ജയ്പൂരിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുകയായിരുന്നു. അമിതിന്റെ കുടുംബം പത്ത് വര്‍ഷമായി ജയ്പൂരില്‍ സ്ഥിരതാമസമാണ്. അമിതിന്റെ വീട്ടില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ ഖാതിപുരയിലാണ് മമതയുടെ കുടുംബം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more