1 GBP = 103.84
breaking news

കൊച്ചിയില്‍ മൂന്ന് പേരുടെ മരണത്തിന് കാരണമായ കപ്പല്‍, അപകടം നടക്കുമ്പോള്‍ നിയന്ത്രിച്ചത് സെക്കന്‍ഡ് ഓഫീസര്‍

കൊച്ചിയില്‍ മൂന്ന് പേരുടെ മരണത്തിന് കാരണമായ കപ്പല്‍, അപകടം നടക്കുമ്പോള്‍  നിയന്ത്രിച്ചത് സെക്കന്‍ഡ് ഓഫീസര്‍

കൊച്ചി: കൊച്ചിയില്‍ മൂന്ന് പേരുടെ മരണത്തിന് കാരണമായ അപകടമുണ്ടാക്കിയ പനാമ കപ്പല്‍, ആമ്പര്‍ എല്‍ നിയന്ത്രിച്ചിരുന്നത് സെക്കന്‍ഡ് ഓഫീസറാണെന്ന് കണ്ടെത്തി. കപ്പലിലെ രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം കണ്ടെത്തിയത്. അതേസമയം, ബോട്ടിലിടിച്ച കാര്യം തങ്ങള്‍ അറിഞ്ഞിട്ടില്ലെന്ന നിലപാടില്‍ തന്നെയാണ് ബോട്ടിലെ ക്യാപ്റ്റനും മറ്റ് ജീവനക്കാരും ഉള്ളത്.

എന്നാല്‍, കപ്പലിലെ ക്യാപ്റ്റനെയും ജീവനക്കാരെയും കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുന്നത് വൈകുമെന്നാണ് വിവരം. കേസില്‍ ചില റിപ്പോര്‍ട്ടുകള്‍ കൂടി വന്നതിന് ശേഷം മാത്രമേ അറസ്റ്റുണ്ടാകൂ എന്നാണ് വിവരം. അതേസമയം, കപ്പലിലെ ഇലക്ട്രോണിക് രേഖകള്‍ പിടിച്ചെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഞായറാഴ്ച്ച പുലര്‍ച്ചെ 2.30നായിരുന്നു സംഭവം. പുതുവൈപ്പിന്‍ തീരത്ത് നിന്ന് 20 നോട്ടിക്കല്‍മൈല്‍ അകലെ വച്ച് കാര്‍മല്‍ മാത എന്ന ബോട്ടില്‍,? പനാമയില്‍ രജിസ്റ്റര്‍ ചെയ്ത കപ്പല്‍ ഇടിക്കുകയായിരുന്നു. ബോട്ടില്‍14 പേരാണ് ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ ശക്തമായി ഉലഞ്ഞു പോയ ബോട്ടില്‍ നിന്ന് മൂന്നു പേര്‍ കടലില്‍ വീഴുകയായിരുന്നു. ഇടിയുടെ ശബ്ദം കേട്ടെത്തിയ മറ്റൊരു ബോട്ടിലെ ജീവനക്കാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രണ്ടു പേരെ രക്ഷപ്പെടുത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബോട്ട് പൂര്‍ണമായും തകര്‍ന്നു. കാണാതായ ഒരാളുടെ മൃതദേഹം ഇനിയും കിട്ടാനുണ്ട്.

മരിച്ച രണ്ടു പേരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മരിച്ച തമിഴ്‌നാട് സ്വദേശി തമ്പിദുരൈ എന്ന ആന്റണിജോണിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സ്വദേശമായ കുളച്ചലിലേക്ക് കൊണ്ടു പോയ മൃതദേഹം ഇന്ന് സംസ്‌കരിക്കും.

മരിച്ച അസം സ്വദേശി രാഹുല്‍ ദാസിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം എംബാം ചെയ്തു സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ട് പോകും. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് രാവിലെ 10.30ന് ഉള്ള ഇന്‍ഡിഗോ എയര്‍ഫ്‌ളൈറ്റില്‍ അസമിലെ ഗുവാഹട്ടി വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങും.

14 പേരുണ്ടായിരുന്ന ബോട്ടിലെ 11 പേരെ രക്ഷപ്പെടുത്തിയിരുന്നു. അസം സ്വദേശി മോത്തി ദാസിനായുള്ള തിരച്ചിലാണ് ഇപ്പോള്‍ തുടരുന്നത്. നേവി, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ പോലീസ് എന്നിവയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ തിരച്ചിലിനുള്ള പ്രതികൂലമായ സാഹചര്യമാണ് നിലവിലുള്ളത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more