1 GBP = 103.12

M 14 മോട്ടോർവേയിലുണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥി മരണമടഞ്ഞു. ദുഃഖവെള്ളിയാഴ്ചയുണ്ടായ ദാരുണ ദുരന്തത്തിൽ വിറങ്ങലിച്ച് യു കെ മലയാളികൾ…..

M 14 മോട്ടോർവേയിലുണ്ടായ  വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥി മരണമടഞ്ഞു. ദുഃഖവെള്ളിയാഴ്ചയുണ്ടായ ദാരുണ ദുരന്തത്തിൽ വിറങ്ങലിച്ച് യു കെ മലയാളികൾ…..

നോർവിച്ച്:- ഇന്ന് വെളുപ്പിനെ M 14 മോട്ടോർവേയിൽ മലയാളി വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ട് തിരുവനന്തപുരം വർക്കല സ്വദേശി അമൽ പ്രസാദ് (24) മരണമടഞ്ഞു. M 14 മോട്ടോർ വേയിൽ ജംഗ്ഷൻ 51 നും 50 യ്ക്കുമിടയിൽ കോഡെൻഹാമിലാണ് അപകടം സംഭവിച്ചത്. ഇന്ന് പുലർച്ചെ 4.50 നാണ് അപകടം നടന്നതെന്ന് പോലീസ് പറയുന്നു. സഫോൾക്ക് പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.

ബയോ മെട്രിക് കാർഡ്, ഡിബിഎസ് സർട്ടിഫിക്കറ്റ് എന്നിവ വാങ്ങുവാനായി ലണ്ടനിൽ പോയി മടങ്ങി വരുന്നതിനിടയിലാണ് ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ചത്. അമൽ അപകട സ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞതായിട്ടാണ് അറിയുന്നത്. നിഷാൻ, ആകാശ് എന്നിവരാണ് കൂടെ യാത്ര ചെയ്തിരുന്ന മറ്റ് രണ്ട് പേർ.ഇതിൽ ആകാശ് ഇപ്സ്വിച്ച് ഹോസ്പിറ്റലിൽ ചികിത്സയിലാണ്.

മരണമടഞ്ഞ അമൽ രണ്ട് ആഴ്ചകൾക്ക് മുമ്പാണ് യു കെയിലെത്തിയതെന്നറിയുന്നു. ജോലിക്ക് കയറുവാനായി ഡിബിഎസ് സർട്ടിഫിക്കറ്റ് നേരിട്ട് കൈപ്പറ്റാൻ ലണ്ടനിലേക്ക് പോയി മടങ്ങി വരുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്ന് പറയുന്നു. കൂടെയുണ്ടായിരുന്ന രണ്ട് പേർക്ക് രാവിലെ ജോലിക്ക് പോകേണ്ടിയിരുന്നതിനാൽ വെളുപ്പിനെ തന്നെ തിരികെ പോരുകയായിരുന്നു. ഉറക്കക്ഷീണമാകാം അപകടകാരണമെന്ന് ലഭിക്കുന്ന വിവരം.

നോർവിച്ച് മലയാളി അസോസിയേഷൻ ഭാരവാഹികളും, യുക്മ ഭാരവാഹികളുമായി ചേർന്ന് ബന്ധുക്കളെ അറിയിക്കുന്നതിനും മറ്റ് കാര്യങ്ങൾക്കുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്.

നാട്ടിലെ ബന്ധുക്കളെ അമലിൻ്റെ മരണവിവരം  അറിയിച്ചതിനെ തുടർന്ന് മൃതദേഹം നാട്ടിലെത്തിക്കുവാൻ യുക്മ ഭാരവാഹികളോടും, നോർവിച്ച് അസോസിയേഷൻ ഭാരവാഹികളോടും കുടുംബാംഗങ്ങൾ അഭ്യർത്ഥിച്ചതിൻ പ്രകാരം ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കി എത്രയും വേഗം മൃതദേഹം നാട്ടിലെത്തിക്കുവാനുള്ള നടപടികൾ ചെയ്തു കൊണ്ടിരിക്കുന്നു.

അമൽ പ്രസാദിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, ജോയിൻ്റ് സെക്രട്ടറി സെലീനാ സജീവ്, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ പ്രസിഡൻ്റ് ബാബു മാങ്കുഴിയിൽ, നോർവിച്ച് മലയാളി അസോസിയേഷൻ പ്രസിഡൻ്റ് അജു ജേക്കബ് തുടങ്ങിയവർ അനുശോചിച്ചു. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more