1 GBP = 103.62
breaking news

ലണ്ടനിൽ ലിത്വിനെങ്കോയെ കൊന്നത് റഷ്യൻ ഭരണകൂടം തന്നെയെന്ന് യുറോപ്യൻ കോടതി

ലണ്ടനിൽ ലിത്വിനെങ്കോയെ കൊന്നത് റഷ്യൻ ഭരണകൂടം തന്നെയെന്ന് യുറോപ്യൻ കോടതി

മുൻ റഷ്യൻ ചാരൻ അലക്സാണ്ടർ ലിത്വിനെങ്കോയെ കൊന്നത് റഷ്യൻ ഭരണകൂടം തന്നെയെന്ന് യുറോപ്യൻ മനുഷ്യാവകാശ കോടതി വിധിച്ചു. 2006 ൽ ലണ്ടനിൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ലിത്വിനെങ്കോയുടെ വിധവ മറീന നൽകിയ കേസാണിത്. കൊലപാതകത്തിൽ റഷ്യൻ പ്രസിഡന്‍റ്​ വ്ലാദിമിർ പുടിന്‍റെ നേരിട്ടുള്ള ഇടപെടൽ ഉണ്ടായെന്ന ആരോപണം നേരത്തെയുണ്ട്​. മരണത്തിന്​ മുമ്പ്​ ലിത്വിനെങ്കോ തന്നെ പുടിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു.

ലണ്ടനിലെ ആഡംബര ഹോട്ടലിൽ ലിത്വിനെങ്കോയെ കാണാനെത്തിയവർ അദ്ദേഹമറിയാതെ ഗ്രീൻ ടീയിൽ റേഡിയോ ആക്ടീവ് വിഷവസ്തുവായ പൊളോണിയം 210 കലർത്തി നൽകുകയായിരുന്നു. ഗുരുതരാവസ്​ഥയിലായ ലിത്വിനെങ്കോ മൂന്ന്​ ആഴ്ചകൾക്കു ശേഷം ആശുപത്രിയിൽ വെച്ചാണ്​ മരിക്കുന്നത്​. തന്നെ വധിക്കാൻ വ്ലാദിമിർ പുടിന്​ നേരിട്ട്​ ഉത്തരവ്​ നൽകിയതായി വിശ്വസിക്കുന്നുവെന്ന്​ ആശുപത്രികിടക്കയിൽ വെച്ച്​ ലിത്വിനെങ്കോ പറഞ്ഞിരുന്നു.

റഷ്യൻ രഹസ്യാന്വേഷണ ഏജൻസിയായ കെജിബിയിൽ പ്രവർത്തിച്ചിരുന്ന ലിത്വിനെങ്കോ പിന്നീട് ​ആ ജോലി ഉപേക്ഷിക്കുകയും റഷ്യൻ വിമർശകനായി മാറുകയും ചെയ്​തിരുന്നു. ബ്രിട്ടനിലേക്കു കുടിയേറുകയും അവിടത്തെ പൗരത്വം സ്വീകരിക്കുകയും ചെയ്ത ലിത്വിനെങ്കോ ബ്രിട്ടിഷ് രഹസ്യാന്വേഷണ ഏജൻസിയായ എംഐ 6നു വേണ്ടി പ്രവർത്തിച്ചു വരികയായിരുന്നു.

ലണ്ടനിലെ ഹോട്ടലിൽ കാണാനെത്തിയവർ അദ്ദേഹത്തിന്‍റെ ചായയിൽ വിഷം കലർത്തുകയായിരുന്നെന്ന് ബ്രിട്ടിഷ് അന്വേഷണ ഉദ്യോഗസ്ഥർ 2016 ൽ കണ്ടെത്തിയിരുന്നു. ലിത്വിനെങ്കോയെ സന്ദർശിച്ച കെജിബി മുൻ ജീവനക്കാരനായ ആന്ദ്രെ ലുഗോവോയും ദിമിത്രി കോവ്‌തനും ഈ കൃത്യം നടത്തിയത് റഷ്യൻ ഭരണകൂടത്തിന്‍റെ ആസൂത്രണം അനുസരിച്ചാണെന്നാണ് ബ്രിട്ടിഷ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്​. ഈ കണ്ടെത്തൽ ശരിവച്ചുകൊണ്ടാണ്​ യൂറോപ്യൻ കോടതിയുടെ വിധി. ലിത്വിനെങ്കോയുടെ വിധവ മറീനയ്ക്ക് 1,22,500 പൗണ്ട് റഷ്യ നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവിലുണ്ട്.

അതേസമയം, കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം റഷ്യ നിഷേധിച്ചിട്ടുണ്ട്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more