1 GBP = 103.35
breaking news

എ ലെവൽ പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ അഭിമാനനേട്ടവുമായി മലയാളി കുട്ടികൾ; എല്ലാ വിഷയങ്ങൾക്കും എ സ്റ്റാർ കരസ്ഥമാക്കി പൂജാ മധുമോഹനും നവരസൻ പ്രദീഷും മെഡിസിൻ പoനത്തിന്…. ജിതിൻ സാജൻ ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിലേക്ക്….

എ ലെവൽ പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ അഭിമാനനേട്ടവുമായി മലയാളി കുട്ടികൾ; എല്ലാ വിഷയങ്ങൾക്കും എ സ്റ്റാർ കരസ്ഥമാക്കി പൂജാ മധുമോഹനും നവരസൻ പ്രദീഷും മെഡിസിൻ പoനത്തിന്…. ജിതിൻ സാജൻ ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിലേക്ക്….

കഴിഞ്ഞ ദിവസം പുറത്തു വന്ന എ ലെവൽ പരീക്ഷാ ഫലത്തിൽ സമ്മിശ്ര പ്രതികരണവുമായി മലയാളി വിദ്യാർത്ഥികൾ. ആദ്യമായി പരീക്ഷ എഴുതാതെ ഗവൺമെൻ്റ് നിശ്ചയിച്ച മാനദണ്ഡങ്ങൾക്കനുസരിച്ച് നടത്തിയ പരീക്ഷാ മൂല്യനിർണത്തിൽ  മലയാളികൾ ഉൾപ്പടെ വളരെയേറെ കുട്ടികൾക്ക് പ്രതീക്ഷിച്ചിരുന്ന  ഉയർന്ന ഗ്രേഡുകൾ നഷ്ടമായി. വളരെയധികം പരാതി ഉയർന്ന പശ്ചാത്തലത്തിൽ വിധി നിർണയത്തിൽ അപ്പീൽ കൊടുത്ത് പ്രതീക്ഷയർപ്പിച്ചിക്കുകയാണ് വിദ്യാർത്ഥികൾ.ഉയർന്ന ഗ്രേഡുകൾ ലഭിച്ചില്ലെങ്കിൽ കുട്ടികൾക്ക് മെഡിസിൻ തുടങ്ങിയ ഇഷ്ട വിഷയങ്ങൾക്ക് ലഭിച്ച ഓഫറുകളിലും ഇഷ്ട യൂണിവേഴ്‌സിറ്റികളിലും പ്രവേശനം ലഭിക്കില്ല. വീണ്ടും ഒക്ടോബറിൽ പരീക്ഷ എഴുതി അടുത്ത വർഷത്തെ പ്രവേശനത്തിന് കാത്തിരിക്കേണ്ടി വന്നേക്കാം.


 എ ലെവല്‍ പരീക്ഷാ ഫലം മിടുക്കന്മാരായ വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷവും ആഹ്ലാദവും ആവേശവുമെല്ലാം ഒന്നിച്ചു സമ്മാനിച്ചപ്പോള്‍ ഉദ്ദേശിച്ച ഗ്രേഡുകൾ ലഭിക്കാതെ  പോയവര്‍ക്ക് സങ്കടത്തിന്റെ ദിവസമായി മാറി.  മിടുക്കരും കഠിനാധ്വാനികളുമായ മലയാളി വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി നേടുന്ന വിജയത്തിന് പകരമായി കോവിഡിൻ്റെ പ്രത്യേക സാഹചര്യത്തിൽ  ഇത്തവണ പരീക്ഷ എഴുതിക്കാതെ അധ്യാപകര്‍ ശുപാർശ ചെയ്ത ഗ്രേഡുകളിലും വെട്ടിക്കുറച്ചിലുകൾ  നല്‍കിയാണ് എ ലെവല്‍ വിജയികളെ പ്രഖ്യാപിച്ചത്.


മുന്‍ വര്‍ഷത്തെയും ക്ലാസിലെയും പെര്‍ഫോമന്‍സ് അടിസ്ഥാനമാക്കിയാണ്  ഗ്രേഡുകൾക്കുള്ള മാനദണ്ഡം നിശ്ചയിച്ചത്. എന്നാല്‍ സ്‌കോട്‌ലന്‍ഡില്‍  കഴിഞ്ഞ ആഴ്ച അനേകായിരം വിദ്യാര്‍ത്ഥികളുടെ ഭാവി ഇരുട്ടിലാക്കി എന്ന പരാതി ഉയര്‍ന്നപ്പോള്‍ തിരക്കിട്ടു സര്‍ക്കാര്‍ 40 ശതമാനം വിദ്യാര്‍ത്ഥികളുടെ ഗ്രേഡില്‍ കുറവു വരുത്തിയാണ് കഴിഞ്ഞ ദിവസം ഫലം പ്രഖ്യാപിച്ചത്.  ഇത്തവണ എ ലെവലില്‍ മികച്ച സ്‌കോര്‍ കണ്ടെത്തിയവര്‍ രണ്ടു വര്‍ഷം മുന്‍പ് നടന്ന ജിസിഎസ്ഇ പരീക്ഷയിലും മികച്ച വിജയം നേടിയവരാണ്. 

ന്യൂ പോർട്ടിൽ നിന്നുമുള്ള മിടുമിടുക്കി പൂജാ മധുമോഹൻ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത് സ്, ഇ.പി.ക്യു തുടങ്ങി എല്ലാ വിഷയങ്ങൾക്കും എ സ്റ്റാർ കരസ്ഥമാക്കിയാണ് മികച്ച വിജയം നേടിയത്. കാർഡിഫ് യൂണിവേഴ്സിറ്റിയിൽ മെഡിസിന് ചേരുവാനാണ് പൂജ തയാറെടുക്കുന്നത്. മാഞ്ചസ്റ്റർ നെക്സ് പെരിയ മാനുഫാക്ചറിംഗ് ഡയറക്ടർ മധുമോഹൻ്റെയും ന്യൂ പോർട്ടിൽ ജിഷ സംഗീതനൃത്ത്യ അക്കാദമി നടത്തുന്ന ജിഷ മധുവിൻ്റേയും മകളാണ് പൂജ. ഇളയ സഹോദരി ആതിര ഇയർ 7 വിദ്യാർത്ഥിനിയാണ്.


പ്രസ്റ്റണിലെ ഇരട്ട സഹോദരൻമാരായ നവരസനും നവ നന്ദനും ഇരട്ടി മധുരം. ഇരുവരും വൈദ്യ ശാസ്ത്ര പഠനത്തിനായി മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽ ചേരുകയാണ്. നാല് വിഷയത്തിലും നവരസന്‍ എ സ്റ്റാര്‍ നേടിയാണ് മിടുക്കരില്‍ മിടുക്കനായത്. നവനന്ദന്‍ ഒരു എ സ്റ്റാറും മൂന്നു എ യും നേടി സഹോദരന് ഒപ്പം മെഡിസിന്‍ പ്രവേശനത്തിന് അര്‍ഹത നേടിയിരിക്കുകയാണ്. പ്രസ്റ്റണ്‍ കാർഡിനൽ ന്യൂമാന്‍ കോളേജിലാണ്  ഇരുവരും എ ലെവൽ പൂർത്തിയാക്കിയത്. യുക്മ കലാമേളയിൽ ഉൾപ്പെടെയുള്ള വേദികളിൽ ആട്ടവും പാട്ടുമായി നിരവധി സമ്മാനങ്ങൾ നേടിയിട്ടുള്ള ബഹുമുഖ പ്രതിഭകളാണ് ഇരുവരും.  അമ്മയുടെ യുട്യൂബ് വിഡിയോകള്‍  എഡിറ്റ് ചെയ്യലും അപ്ലോഡ് ചെയ്യലും ഒക്കെയാണ് ലോക്ഡൗൺ കാലത്തിൽ ഈ ഇരട്ടകളുടെ പ്രധാന ജോലി. അച്ഛന്‍ പ്രദീഷ് കോമളസും അമ്മ അജി പ്രദീഷും പ്രസ്റ്റണ്‍ റോയല്‍ ഹോസ്പിറ്റല്‍ ജീവനക്കാരാണ്. 

സന്ദർലൻഡിൽ നിന്നുമുള്ള മെലിൻ സുനിൽ ജി.സി.എസ്.ഇ വിജയം എ ലെവലിലും ആവർത്തിച്ചിരിക്കുകയാണ്. രണ്ട് എ സ്റ്റാറും ഒരു എ യുമായി മെഡിസിന് ലെസ്റ്റർ യൂണിവേഴ്സിറ്റിയിൽ പഠിക്കാനൊരുങ്ങുകയാണ് മെലിൻ. സന്ദർലാൻഡ് സെൻ്റ് ആൻറണീസ് കാത്തലിക് സ്കൂളിൽ നിന്നുമാണ് എ ലെവൽ പൂർത്തിയാക്കിത്. സുനിൽ ഫ്രാൻസീസ് മിനി ഫ്രാൻസീസ് ദമ്പതികളുടെ മകളാണ് മെലിൻ.സഹോദരി മെറിൻ.


ലിവർപൂളിൽ നിന്നുമുള്ള ജേക്കബ് രാജു ഷെഫീൽഡ് യൂണിവേഴ്സിറ്റിയിലാണ് മെഡിസിന് പഠിക്കാൻ പോകുന്നത്. ഇംഗ്ലീഷ്, ലിറ്ററേച്ചർ വിഷയങ്ങൾക്ക് എ സ്റ്റാറും, ബയോളജി കൈമിസ്ട്രി വിഷയങ്ങൾക്ക് എയും കരസ്ഥമാക്കിയാണ് ജേക്കബ് മെഡിസിന് പോകുന്നത്. ലിവർപൂൾ സെൻ്റ്.സേവ്യേഴ്സ് കോളേജിൽ എ ലെവൽ പൂർത്തിയാക്കിയ ജേക്കബ് രാജു തോമസിൻ്റേയും ലിസമ്മ മ്ലാവിലിൻ്റേയും മകനാണ്. സഹോദരൻ സാം ജേക്കബ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിയാണ്.


ഓൾട്രിംങ്ഹാം ഗ്രാമർ സ്കൂളിൽ നിന്നും എ ലെവൽ പൂർത്തിയാക്കിയ ജിക്കു ജെയിൻ ന്യൂകാസിൽ യൂണിവേഴ്സിറ്റിയിലാണ് മെഡിസിന് ചേരുന്നത്. ജി.സി.എസ്.സി യിലും മികച്ച വിജയം നേടിയ ജിക്കു എ ലെവലിന് രണ്ട് എ സ്റ്റാറും ഒരു എയുമാണ് നേടിയത്. ജെയിൻ ജോസഫിൻ്റേയും ബിൻസി ജയിൻ്റേയും മകനാണ്. സഹോദരൻ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ ജിബിൻ ജെയിൻ.


ജി.സി.എസ്.ഇ യിലെ വിജയത്തിളക്കം നിലനിർത്തി മാഞ്ചസ്റ്ററിൽ നിന്നും അഭിഷേക് അലക്സ്. ഒരു എ സ്റ്റാറും മൂന്ന് എയുമാണ് അഭിഷേക് സ്വന്തമാക്കിയത്. ഓൾട്രിംങ്ങ്ഹാം സെൻ്റ്.അംബ്രോസ് കാത്തലിക് ഗ്രാമർ സ്കൂളിൽ നിന്നും വിജയിച്ച അഭിഷേക് മെഡിസിന് ഹൾ & യോർക് യൂണിവേഴ്സിറ്റിയിലാണ് മെഡിസിന് തുടർന്ന് പഠിക്കുന്നത്. യുക്മ സെക്രട്ടറി അലക്സ് വർഗ്ഗീസിൻ്റേയും ബെറ്റിമോൾ അലക്സിൻ്റേയും മകനാണ് അഭിഷേക്.യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായ അനേഖ അലക്സ്, ഇയർ 4 വിദ്യാർത്ഥിനി ഏഡ്രിയേൽ അലക്സ് എന്നിവർ സഹോദരങ്ങളാണ്.


പ്രെസ്റ്റണിലെ നിമിഷ നോബി എ ലെവലിൽ ഒരു എ സ്റ്റാറും രണ്ട് എ യും നേടി മികച്ച വിജയത്തോടെ മെഡിസിന് പ്രവേശനം നേടി. ലങ്കാസ്റ്റർ യൂണിവേഴ്സിറ്റിയിൽ പഠനം ആരംഭിക്കുന്ന നിമിഷ നോബിയുടെയും പരേതയായ ജയയുടെയും മകളാണ്. അമ്മയുടെ ആഗ്രഹം സാധിക്കാൻ കഴിഞ്ഞത് വലിയ സന്തോഷത്തോടെയാണ് കാണുന്നതെന്ന് നിമിഷ പറഞ്ഞു. നിമിഷയുടെ ജി. സി.എസ്. ഇ പരീക്ഷ സമയത്താണ് ജയ നോബി ലോകത്തോട് വിട പറഞ്ഞത്. ഇയർ 7 വിദ്യാർത്ഥി നോയൽ നോബി സഹോദരനാണ്.


ജിസിഎസ്ഇ വിജയത്തിന്റെ ഗ്രേഡുകൾ  എ ലെവലിലും സാധ്യമാക്കി ഡോണ ജോഷ്  ലോക പ്രശസ്ത ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റിയിൽ ബയോകെമിസ്ട്രി വിഷയമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.നാലു വിഷയങ്ങളില്‍ ഒരു എ സ്റ്റാറും മൂന്നു എ യുമാണ് ഡോണ നേടിയത്. 

സാധാരണ സ്‌ക്കൂളില്‍ പഠിച്ചു ജിസിഎസ്ഇ റിസള്‍ട്ടില്‍ മികച്ച വിജയം നേടിയ ഡോണ ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തലയെടുപ്പോടെയാണ് തന്റെ വിജയം ആഘോഷിച്ചത്. ആ വിജയം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കപ്പെടുമ്പോള്‍ വാറിംഗ്ടണ്‍ മലയാളി സമൂഹത്തിനു കൂടി ഈ മിടുക്കി അഭിമാനമായി മാറുകയാണ്. ജോഷ് -ജിന്‍സി ദമ്പതികളുടെ മകളാണ് ഡോണ.സഹോദരൻ ഡിയോൺ ജോഷ്.


ലിവർപൂളിൽ നിന്നുമുള്ള ജിതിൻ സാജൻ നാല് എ  സ്റ്റാറാണ് കരസ്ഥമാക്കിയത്. മാത്സ്, അഡ്വാൻസ് മാത്സ്, എക്കണോമിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിലാണ് മികച്ച വിജയം കരസ്ഥമാക്കിയത്. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് ഫോർ ഇക്കണോമിക്സിലാണ് തുടർന്ന് പഠിക്കുന്നത്. ലിവർപൂൾ ബ്ളു കോട്ട് കോളേജിൽ നിന്നുമാണ് ജിതിൻ വിജയിച്ചത്. സാജൻ തോമസ് സൂസൻ സാജൻ ദമ്പതികളുടെ മകനാണ് ജിതിൻ.


ലിവർപൂളിൽ നിന്നുമുള്ള ഫിയോൺ ജോജോ കെമിസ്ട്രി, ഫിസിക്സ്, മാത്സ് വിഷയങ്ങളിൽ എ ഗ്രേഡ് നേടിയാണ് മികച്ച വിജയം കരസ്ഥമാക്കിയത്. ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിന് ബർമിംങ്ങ്ഹാം യൂണിവേഴ്സിറ്റിയിൽ പഠിക്കാനൊരുങ്ങുകയാണ് ഫിയോൺ.  ജോജോ മാത്യു ജീൻ ജോജോ എന്നിവരാണ് മാതാപിതാക്കൾ.


 സ്റ്റോക്ക് ഓൺ ടെൻ്റിൽ നിന്നുള്ള അലീനാ വിജി എ ലെവലിൽ മികച്ച വിജയമാണ് കരസ്ഥമാക്കിയത്. സെൻ്റ്.തോമസ് മൂർ കാത്തലിക് അക്കാദമിയിലെ ഹെഡ് ഗേൾ ആയിരുന്ന അലീന മികച്ച വിജയം നേടി ബർമിംങ്ഹാം യൂണിവേഴ്സിറ്റിയിൽ ഇംഗ്ലീഷ് ലിറ്ററേച്ചർ പഠിക്കാനൊരുങ്ങുന്നു. മുൻ യുക്മ പ്രസിഡൻ്റ് വിജി കെ.പി.യടെയും ബിന്ദു വിജിയുടെയും മൂത്ത മകളാണ് അലീന. അന്ന, ആബേൽ സഹോദരങ്ങളാണ്.


റോച്ച്ഡെയിലിൽ നിന്നും ലിയോ എബ്രഹാം ഇക്കണോമിക്സ്, ലോ എന്നീ വിഷയങ്ങളിൽ എ സ്റ്റാറും, മാത്സിന് എയും കരസ്ഥമാക്കി. ലങ്കാസ്റ്റർ യൂണിവേഴ്സിറ്റിയിൽ ഇക്കണോമിക്സിന് പഠിക്കാനൊരുക്കുന്നു ലിയോ. മാതാപിതാക്കൻമാർ ഷെല്ലി & ബീന


സ്റ്റെഫിൻ ജെയിംസും മികച്ച വിജയം നേടി.റോച്ചഡെയിലെ ജെയിംസ് ആൻറണിയുടെയും ലില്ലി ജെയിംസിൻ്റെയും മകളായ സ്റ്റെഫിൻ ലീഡ്സ് യൂണിവേഴ്സിറ്റിയിൽ മാത്തമാറ്റിക്സ് ഡിഗ്രി പഠിക്കാനൊരുങ്ങുകയാണ്.

എ ലെവൽ പരീക്ഷയിൽ അഭിമാനാർഹമായ ഉന്നത വിജയം നേടിയ എല്ലാ കുട്ടികൾക്കും യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻറ് അഡ്വ.എബി സെബാസ്റ്റ്യൻ എന്നിവർ അഭിനന്ദനം അറിയിച്ചു. യുക്മ ന്യൂസ് ടീമും വിജയികൾക്ക് അനുമോദനങ്ങൾ നേരുന്നു.

ഈ പംക്തിയിൽ പ്രസിദ്ധീകരിക്കുവാൻ അഭിമാനാർഹമായ വിജയം നേടിയവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക:-

07985641921, 07904605214

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more