1 GBP = 104.00
breaking news

നിരവധി പേരെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നു; ഭീകരര്‍ ലക്ഷ്യമിട്ടത് ജനങ്ങളെ ഭീതിയുടെ മുള്‍മുനയിലാക്കാനെന്ന് എന്‍.ഐ.എ

നിരവധി പേരെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നു; ഭീകരര്‍ ലക്ഷ്യമിട്ടത് ജനങ്ങളെ ഭീതിയുടെ മുള്‍മുനയിലാക്കാനെന്ന് എന്‍.ഐ.എ

രാജ്യത്ത് വിവിധയിടങ്ങളില്‍ നിന്ന് പിടിയിലായ അല്‍ ഖ്വയ്ദ ഭീകരര്‍ വന്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). ആളുകളെ ഭീകരതയുടെ മുള്‍മുനയിലാക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് എന്‍ഐഎ വക്താവ് പറഞ്ഞു. ദേശീയ തലസ്ഥാന പ്രദേശത്തെ സുപ്രധാന സ്ഥാപനങ്ങളില്‍ ആക്രമണം നടത്താനും നിരവധി പേരെ കൊലപ്പെടുത്താനുമാണ് ഇവർ പദ്ധതിയിട്ടിരുന്നതെന്നും എന്‍ഐഎ വ്യക്തമാക്കി.

കൊച്ചിയിലും ബംഗാളിലും ഒരേസമയം എന്‍ഐഎ നടത്തിയ റെയ്ഡിലാണ് ഒന്‍പതു പേരെ പിടികൂടിയത്. കൊച്ചിയില്‍ മൂന്നു പേരും ബംഗാളിലെ  മൂര്‍ഷിദാബാദില്‍ ആറു പേരുമാണ് അറസ്റ്റിലായത്. മുര്‍ഷിദ് ഹസന്‍, ഇയാക്കുബ് ബിശ്വാസ്, മുസാറഫ് ഹസന്‍ എന്നിവരാണ് കൊച്ചിയില്‍ പിടിയിലായത്. ഒരാളെ പെരുമ്പാവൂര്‍ മൂടിക്കലില്‍ നിന്നും രണ്ടുപേരെ പാതാളത്ത് നിന്നുമാണ് പിടികൂടിയത്. സംസ്ഥാനാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്ന അല്‍ ഖ്വയ്ദ ഘടകത്തെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന.

”നിരപരാധികളായ ആളുകളെ കൊന്നൊടുക്കാനാണ് അവര്‍ പദ്ധതി ആസൂത്രണം ചെയ്തത്. തലസ്ഥാന പ്രദേശത്തെ തന്ത്രപ്രധാന സ്ഥാപനങ്ങള്‍ ആക്രമിക്കാനായിരുന്നു നീക്കം. അതുവഴി ജനങ്ങളെ ഭീതിയുടെ മുള്‍മുനയിലാക്കുക എന്നതായിരുന്നു ലക്ഷ്യം”- എന്‍ഐഎ വക്താവ് പറഞ്ഞു. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഈ മാസം 11-നാണ് എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തതെന്നും വക്താവ് അറിയിച്ചു.

ഡിജിറ്റല്‍ ഉപകരണങ്ങള്‍, രേഖകള്‍, ജിഹാദി സാഹിത്യം, മൂര്‍ച്ചയേറിയ ആയുധങ്ങള്‍, നാടന്‍ തോക്കുകള്‍, സ്‌ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനെ കുറിച്ചുള്ള വിവരണങ്ങള്‍ എന്നിവ ഇവരില്‍ നിന്നു പിടിച്ചെടുത്തതായി എന്‍ഐഎ അറിയിച്ചു. പ്രാഥമിക വിവരപ്രകാരം സോഷ്യല്‍ മീഡിയ വഴി പാക് അല്‍ ഖ്വയ്ദയിലേക്ക് എത്തിയവരാണ് ഇവരെന്ന് വക്താവ് അറിയിച്ചു.

ഭീകരപ്രവര്‍ത്തനം നടത്തുന്നതിന് ഇവര്‍ സജീവമായി ധനശേഖരണം നടത്തിയിരുന്നു. ആയുധങ്ങളും മറ്റും വാങ്ങുന്നതിന് ഡല്‍ഹിയിലേക്കു പോവാന്‍ ഒരുങ്ങുകയായിരുന്നു ഇവരില്‍ ചിലരെന്നും അന്വേഷണ ഏജന്‍സി പറഞ്ഞു.

കൊച്ചിയില്‍ നിര്‍മ്മാണ തൊഴിലാളികള്‍ എന്ന വ്യാജേന എത്തിയവരാണ് അറസ്റ്റിലായതെന്നാണ് കേരളത്തില്‍ നിന്നും അന്വേഷണ സംഘം നല്‍കുന്ന വിവരം. പിടിയിലായ മുന്ന് പേരും മലയാളികള്‍ അല്ലെന്നും കുറച്ച് കാലമായി കൊച്ചിയില്‍ താമസിച്ച് വരുന്നവരാണെന്നും. നിലവില്‍ ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കേസായതിനാല്‍ ഇവരെ അങ്ങോട്ടേക്ക് കൈമാറിയേക്കുമെന്നും അന്വേഷണ ഏജന്‍സികള്‍ പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more