1 GBP = 103.33

അക്ഷത മൂർത്തിക്ക് നൽകിയിട്ടുള്ളത് നോൺ-ഡോം പദവി; പ്രതിവർഷം സർക്കാരിന് നൽകുന്നത് 30,000 പൗണ്ട്

അക്ഷത മൂർത്തിക്ക് നൽകിയിട്ടുള്ളത് നോൺ-ഡോം പദവി; പ്രതിവർഷം സർക്കാരിന് നൽകുന്നത് 30,000 പൗണ്ട്

ലണ്ടൻ: ചാൻസലർ ഋഷി സുനക്കിന്റെ ഭാര്യ തന്റെ നോൺ-ഡോം പദവി നിലനിർത്താൻ പ്രതിവർഷം സർക്കാരിലേക്ക് 30,000 പൗണ്ട് നൽകുന്നതായി അവരുടെ വക്താവ് സ്ഥിരീകരിച്ചു. ഇന്ത്യൻ സ്ഥാപനമായ ഇൻഫോസിസിൽ നിന്ന് അക്ഷത മൂർത്തിക്ക് കഴിഞ്ഞ വർഷം ലാഭവിഹിതമായി 11.6 മില്യൺ പൗണ്ട് ലഭിച്ചതായി റിപ്പോർട്ടുണ്ട്.

അക്ഷത മൂർത്തിയുടെ നോൺ-ഡോം സ്റ്റാറ്റസ് അർത്ഥമാക്കുന്നത് വിദേശത്ത് സമ്പാദിക്കുന്ന വരുമാനത്തിന് അവർ യുകെ നികുതി ബാധ്യസ്ഥയല്ല എന്നാണ്. നോൺ ഡോം പദവിയില്ലെങ്കിൽ ലാഭവിഹിതത്തിൽ 39.35% നിരക്കിൽ യുകെ നികുതി നൽകേണ്ടതുണ്ട്. എന്നാൽ നോൺ ഡോം പദവി നൽകിയിട്ടുള്ള ഒരു വ്യക്തി തുടർച്ചയായി ഏഴ് വർഷമെങ്കിലും യുകെയിൽ താമസിച്ചിട്ടുണ്ടെങ്കിൽ 30,000 പൗണ്ട് ഫീസ് പ്രതിവർഷം ഈടാക്കും.

ഗവൺമെന്റ് നിയമങ്ങൾ പ്രകാരം, ആളുകൾക്ക് നോൺ-ഡോം പദവി നൽകാം. അതായത് യുകെ അവരുടെ സ്ഥിരമായ ഭവനമായി കണക്കാക്കില്ല, അവർ യുകെയിൽ താമസിക്കുന്നുണ്ടെങ്കിലും അവരുടെ സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ നോൺ ഡോം പദവി നേടാം.

അതേസമയം പുതിയ വിവരങ്ങൾ പുറത്ത് വന്നതോടെ ചാൻസലർക്കെതിരെ കൂടുതൽ ആരോപണങ്ങൾ ഉയരുകയാണ്. അദ്ധ്വാനിക്കുന്ന ജനങ്ങൾക്ക് നികുതി വർധിപ്പിക്കുന്നതിനിടയിൽ ചാൻസലറുടെ ഭാര്യ നികുതി കുറയ്ക്കാൻ സ്കീമുകൾ ഉപയോഗിച്ചതായി തെളിഞ്ഞത് അഴിമതിയെന്ന് ലേബർ നേതാവ് സർ കെയർ സ്റ്റാർമർ ആരോപിച്ചു. മന്ത്രിമാരുടെ പങ്കാളികളെ നോൺ-ഡോം പദവി അവകാശപ്പെടുന്നതിൽ നിന്ന് നിരോധിക്കണമെന്ന് ലിബറൽ ഡെംസ് ആവശ്യപ്പെട്ടു.

ശതകോടീശ്വരനായ പിതാവ് സ്ഥാപിച്ച ഇൻഫോസിസിന്റെ സോഫ്റ്റ്‌വെയർ സ്ഥാപനത്തിൽ അക്ഷതയ്ക്ക് 0.9% ഓഹരിയുണ്ട്. 500 മില്യണിലധികം പൗണ്ട് മൂല്യമുള്ളതായാണ് ഓഹരി കണക്കാക്കപ്പെടുന്നത്. രാഷ്ട്രീയക്കാരിയല്ലാത്ത അക്ഷത മൂർത്തിയുടെ നികുതി കാര്യങ്ങൾ സൂക്ഷ്മമായി പരിശോധിക്കുന്നത് തികച്ചും അന്യായമാണ് എന്ന് പറഞ്ഞുകൊണ്ട് ബിസിനസ് സെക്രട്ടറി ക്വാസി ക്വാർട്ടെംഗ് സുനക്കിനെ ന്യായീകരിച്ചു. ചാൻസലർക്കെതിരെ രാഷ്ട്രീയമായി ദ്രോഹകരമായ റിപ്പോർട്ടുകൾ അടിസ്ഥാനരഹിതവും അസത്യവും എന്ന് 10 ഡൗണിംഗ് സ്ട്രീറ്റ് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more