1 GBP = 104.37
breaking news

‘രാജ്യത്തെ ഊട്ടുന്നവരോട് കണ്ണടയ്ക്കാന്‍ വയ്യ’; 23 വര്‍ഷത്തെ സഖ്യം അവസാനിപ്പിച്ച് എന്‍ഡിഎ വിട്ടതിനേക്കുറിച്ച് ശിരോമണി അകാലി ദള്‍

‘രാജ്യത്തെ ഊട്ടുന്നവരോട് കണ്ണടയ്ക്കാന്‍ വയ്യ’; 23 വര്‍ഷത്തെ സഖ്യം അവസാനിപ്പിച്ച് എന്‍ഡിഎ വിട്ടതിനേക്കുറിച്ച് ശിരോമണി അകാലി ദള്‍

ചണ്ഡിഗഡ്: പാര്‍ലമെന്റില്‍ പാസാക്കിയ കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധിച്ച് 23 വര്‍ഷക്കാലത്തെ എന്‍ഡിഎ സഖ്യം വിട്ടതിനു പിന്നാലെ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയ്‌ക്കെതിരെ ആഞ്ഞടിച്ച് ശിരോമണി അകാലിദള്‍ നേതാവ് ഹര്‍സിമ്രത് കൗര്‍ ബാദല്‍. കഴിഞ്ഞയാഴ്ച വിഷയത്തില്‍ പ്രതിഷേധിച്ച് കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വകുപ്പ് മന്ത്രി സ്ഥാനത്തുനിന്ന് രാജി വച്ച കൗര്‍ കേന്ദ്രത്തിന്റെ നിലപാട് കര്‍ഷവിരുദ്ധമാണെന്നും സഖ്യ കക്ഷിയോടുള്ള അവഗണനയാണെന്നും ട്വിറ്ററില്‍ ചൂണ്ടിക്കാട്ടി.

മൂന്ന് കോടി പഞ്ചാബികളുടെ വേദനയും പ്രതിഷേധവും ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ നിലപാട് മാറ്റിയില്ലെങ്കില്‍, അത് വാജ്പേയിയും ബാദല്‍ സാഹബും വിഭാവനം ചെയ്യ്ത എന്‍ഡിഎയല്ല. ഏറ്റവും പഴയ കുട്ടുകക്ഷിയായിരുന്നവരെ പോലും കേള്‍ക്കാത്തവരോട് രാജ്യത്തെ ഊട്ടുന്നവരോട് കണ്ണടയ്ക്കുന്നവരോട് ഇനി പഞ്ചാബിന് താല്‍പ്പര്യമില്ല’

ഹര്‍സിമ്രത് കൗര്‍ ബാദല്‍

രാജ്യസഭയില്‍ കാര്‍ഷിക ബില്ലവതരപ്പിച്ചതിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികളോടൊപ്പം പ്രതിഷേധവുമായി സഭ വിട്ട ശിരോമണി അകാലിദള്‍ കര്‍ഷകരുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന ബില്ല് പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തിയിരുന്നെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ സുക്ബീര്‍ സിംഗ് ബാദലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ എന്‍ഡിഎ സഖ്യമുപേക്ഷിക്കാനുള്ള തീരുമാനത്തിലെത്തുകയായിരുന്നു.

കാര്‍ഷിക ബില്ലുകളിലെ കേന്ദ്രത്തിന്റെ നിലപാടിനുപുറമെ, ജമ്മു കശ്മീരിലെ ഭാഷകളില്‍ പഞ്ചാബി ഉള്‍പ്പെടുത്താത്തത് അടക്കമുള്ള പഞ്ചാബി, സിഖ് വിഷയങ്ങളോടുള്ള അവഗണനെയെക്കുറിച്ചും ചര്‍ച്ച ചെയ്തായിരുന്നു യോഗത്തിന്റെ സഖ്യം വിടാനുള്ള തീരുമാനം.

നിയമനിര്‍മ്മാണത്തിലൂടെ താങ്ങുവില ഉറപ്പാക്കി കര്‍ഷകര്‍ക്ക്‌ അവരുടെ വിളകളുടെ വിപണനത്തിന് പിന്തുണ നല്‍കാന്‍ കേന്ദ്രം വിസമ്മതിക്കുന്നതും പഞ്ചാബി, സിഖ് വിഷയങ്ങളില്‍ നിരന്തരമായി തുടരുന്ന അവഗണനയും കണക്കിലെടുത്ത് എന്‍ഡിഎയില്‍ നിന്ന് പുറത്തുപോകാനുള്ള തീരുമാനം എടുത്തതായി ഇന്നലെ ശിരോമണി അകാലിദള്‍ അദ്ധ്യക്ഷന്‍ സുഖ്ബീര്‍ സിംഗ് ബാദല്‍ പറഞ്ഞു.

ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്സ് (പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍) 2020 ബില്ലും താങ്ങുവില വാഗ്ദാനം ചെയ്യുന്ന ഫാര്‍മേഴ്സ് ആന്‍ഡ് പ്രൊട്ടക്ഷന്‍, ഫാം സര്‍വീസസ് ബില്‍ 2020 എന്നിവയാണ് പാര്‍ലമെന്റില്‍ ഞായറാഴ്ച പാസാക്കിയ ബില്ലുകള്‍.  തുടര്‍ന്ന് രാജ്യസഭയില്‍ പ്രതിപക്ഷപാര്‍ട്ടികളുടെ പ്രതിഷേധമാരംഭിക്കുകയും അച്ചടക്കലംഘനത്തിന്റെ പേരില്‍ എംപിമാരെ പാര്‍ലമെന്റില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

ഇതോടെ രാജ്യ വ്യാപകമായി പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിലും അല്ലാതെയുമായി രാജ്യത്തുടനീളം വ്യാപിച്ച കര്‍ഷക സമരങ്ങള്‍ ഏറ്റവും ശക്തമായി തുടരുന്ന സംസ്ഥാനങ്ങളിലൊന്നാണ് പഞ്ചാബ്.

ബില്ലുകള്‍ വഴി കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ എല്ലായിടത്തും വില്‍ക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുമെന്ന അവകാശവാദത്തോടെ കാര്‍ഷിക ഉല്‍പന്ന വ്യാപാര, വാണിജ്യ ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചതോടെയാണ് അകാലിദള്‍ ബിജെപിയുമായി ഇടഞ്ഞത്. ബില്ലുകള്‍ കര്‍ഷക വിരുദ്ധമാണെന്നായിരുന്നു അകാലിദള്‍ പ്രസിഡന്റ് സുഖ്ബീര്‍ സിങ് ആരോപണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more