1 GBP = 104.05

ടിക്കറ്റില്ലാതെ ഹീത്രു വിമാനത്താവളത്തിലെത്തിയ ഇരുപത്തിഞ്ചോളം പേരുടെ യാത്ര മുടങ്ങി; വിമാനത്താവളത്തിലെത്തിയത് എംബസിയുടെ ഇമെയിലും അതോറിറ്റി ലെറ്ററും മാത്രമായി

ടിക്കറ്റില്ലാതെ ഹീത്രു വിമാനത്താവളത്തിലെത്തിയ ഇരുപത്തിഞ്ചോളം പേരുടെ യാത്ര മുടങ്ങി; വിമാനത്താവളത്തിലെത്തിയത് എംബസിയുടെ ഇമെയിലും അതോറിറ്റി ലെറ്ററും മാത്രമായി

ലണ്ടൻ∙ വന്ദേ ഭാരത് മിഷന്റെ ഭാഗമായി കേരളത്തിലേക്ക് ചാർട്ടർ ചെയ്ത എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്ക് പോകാനെത്തിയവർക്ക് യാത്ര മുടങ്ങി. ഇമെയിലും അതോറിറ്റി ലെറ്ററും മാത്രമാണ് യാത്രക്കാരുടെ കൈവശമുണ്ടായിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് 1.15നാണ് ഹീത്രൂ വിമാനത്താവളത്തിൽനിന്നും യാത്ര തിരിച്ച വിമാത്തിൽ പോകാനാണ് ഇവരെത്തിയത്. എംബസ്സി ടിക്കറ്റ് അനുവദിച്ചത് 328 യാത്രക്കാർക്ക് മാത്രമായിരുന്നു. എംബസിയിൽനിന്നും ബന്ധപ്പെടുകയും എന്നാൽ ഇന്നലെ രാവിലെ വരെ എയർ ഇന്ത്യയിൽനിന്നും ടിക്കറ്റിനായി വിളിക്കാതിരിക്കുകയും ചെയ്ത 30 പേർ തങ്ങൾക്കു ലഭിച്ച ഇ-മെയിൽ അറിയിപ്പും അതോറിറ്റി ലെറ്ററുമായി ഹീത്രൂ എയർപോർട്ടിലെത്തിയത് ആശയക്കുഴപ്പമുണ്ടാക്കി. ഇവരെ എന്തു ചെയ്യണമെന്ന് അറിയാതെ വിഷമിച്ച എയർ ഇന്ത്യ അധികൃതർ ഒടുവിൽ ഒഴിവുണ്ടായിരുന്ന ഏതാനും ടിക്കറ്റുകൾ ഗർഭിണികളും രോഗികളും ഉൾപ്പെടെയുള്ള വനിതകൾക്കു നൽകി ബാക്കി 25 പേരെ തിരിച്ചയച്ചു.

വിമാനം ഇന്ന് രാവിലെ 7.12ന് കൊച്ചിയിലെത്തി. 333 യാത്രക്കാരുമായി എ 1-130 എന്ന വിമാനം മുംബൈ വഴിയാണ് കൊച്ചിയിലേക്ക് എത്തിയത്. കൊച്ചിയിൽനിന്നും വിജയവാഡയിൽ എത്തുന്നതോടെ ഈ വിമാനത്തിന്റെ സർവീസ് പൂർത്തിയാകും. 596 പൗണ്ടാണ് ഓരോ യാത്രക്കാരനിൽനിന്നും കേരളത്തിലേക്ക് ഇക്കോണമി ക്ലാസിന് ഈടാക്കിയത്. ഇന്നലത്തെ വിനിമയനിരക്കിൽ 55,000 ഇന്ത്യൻ രൂപയ്ക്കു തുല്യമായ തുകയാണിത്. ബിസിനസ് ക്ലാസിന് 1493 പൗണ്ടാണ് ടിക്കറ്റ് ചാർജ്.

ഇന്ത്യൻ ഹൈക്കമ്മിഷന്റെ വെബ്സൈറ്റിലൂടെ തിരികെ പോകാൻ താൽപര്യമറിയിച്ച് പേരുകൾ റജിസ്റ്റർ ചെയ്തവരിൽനിന്നും മുതിർന്നവർ, ഗർഭിണികൾ, രോഗികൾ, ഉറ്റവരുടെ ചികിൽസയ്ക്കും, മരണാനന്തര ചടങ്ങുകൾക്കും എത്തേണ്ടവർ, വീസാ കാലാവധി അവസാനിച്ചവർ തുടങ്ങി വിദ്യാർഥികൾ വരെയുള്ള അത്യാവശ്യം നാട്ടിലെത്തേണ്ടവരെ എംബസി തന്നെയാണ് തിരഞ്ഞെടുത്തത്. ഇവരെ പിന്നീട് എയർ ഇന്ത്യയിൽനിന്നും ബന്ധപ്പെട്ട് ടിക്കറ്റ് നൽകുകയായിരുന്നു.

ലണ്ടനിൽനിന്നുള്ള എയർ ഇന്ത്യ വിമാനം കൊച്ചിയിൽ ലാൻഡ് ചെയ്യുന്നു. ചിത്രം: ഇ.വി. ശ്രീകുമാര്‍
ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽനിന്നും ലോക്ഡൗൺ നിബന്ധനകൾക്കിടയിലും ഒട്ടേറ ദൂരം, മണിക്കൂറുകൾ കാറോടിച്ചും വൻതുക ടാക്സി കൂലി നൽകിയും വിമാനത്താവളത്തിലെത്തിയവരാണ് മണിക്കൂറുകൾ കാത്തുനിന്നശേഷം ഒടുവിൽ നിരാശരായി മടങ്ങേണ്ടിവന്നത്. ഹൈക്കമ്മീഷന്റെ പിടിപ്പുകേടാണ് ഇതിനു പിന്നിലെന്ന് യാത്രക്കാർ ആരോപിക്കുന്നു. ഇനിയൊരു വിമാനം ഈ ഘട്ടത്തിൽ കേരളത്തിലേക്കോ വിജയവാഡയിലേക്കോ ഇല്ലെന്നത് നറുക്കു വീണിട്ടും യാത്ര മുടങ്ങിയവരുടെ സങ്കടം ഇരട്ടിയാക്കുന്നു. ബ്രിട്ടനിൽനിന്നും ഇന്ത്യയിലേക്കുള്ള ഒമ്പതാമത്തെ സ്പെഷൽ വിമാനമാണ് ഇന്നലെ കൊച്ചിയിലേക്ക് പുറപ്പെട്ടത്. ഇതിനോടകം 2500ലധികം ഇന്ത്യക്കാർക്കാണ് പ്രത്യേക വിമാനങ്ങളിൽ നാട്ടിലെത്താൻ അവസരം ലഭിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more