1 GBP = 98.29
breaking news

പതിറ്റാണ്ടിന്റെ സ്വപ്നത്തിന് കൊറോണക്കാലത്ത് സാക്ഷാത്കാരം ; ഫ്ലൈറ്റിനു പോകാനാവാത്തവരുടെ ധാരാളം പരാതികള്‍

പതിറ്റാണ്ടിന്റെ സ്വപ്നത്തിന് കൊറോണക്കാലത്ത് സാക്ഷാത്കാരം ; ഫ്ലൈറ്റിനു പോകാനാവാത്തവരുടെ ധാരാളം പരാതികള്‍


സജീഷ് ടോം 
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

യുക്മയുടെ രൂപീകരണ യോഗത്തിന് ശേഷം ആദ്യമായി കേരളത്തിലെത്തിയ പ്രഥമ പ്രസിഡന്റ് വര്‍ഗ്ഗീസ് ജോണ്‍ 2010 ആലപ്പുഴയിലൊരു പത്രസമ്മേളനം നടത്തി. യുക്മ ഭാവിയില്‍ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളില്‍ ആദ്ദേഹം പ്രധാനമായും എടുത്ത് പറഞ്ഞത് കേരളത്തിലേയ്ക്ക് നേരിട്ട് വിമാന സര്‍വീസിന് ശ്രമിക്കുമെന്നായിരുന്നു. ഫേസ്ബുക്ക്, വാട്ട്സ്​ആപ്  തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ കാര്യമായി ഇല്ലാതിരുന്നതിനാല്‍ ഓണ്‍ലൈന്‍ പത്രങ്ങളി​ല്‍ വാര്‍ത്ത വന്നതിനപ്പുറം കാര്യമായ പ്രചാരം അതിനു ലഭിച്ചതുമില്ല. 1990കളുടെ അവസാനം മുതല്‍ ബ്രിട്ടണിലേയ്ക്ക് നടന്ന പുതിയ തലമുറ കുടിയേറ്റക്കാരുടെ പത്ത് വര്‍ഷക്കാലത്തെ പ്രാദേശിക മലയാളി സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോട്ട് കുതിയ്ക്കാനുള്ള ശക്തി ലഭിച്ചത് 2009ലെ യുക്മയുടെ (യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ്) രൂപീകരണത്തോടെയായിരുന്നു. അതിനും മുന്‍പ് മുതല്‍ യു.കെ മലയാളികള്‍ക്കിടയിലെ വലിയെ ആഗ്രഹങ്ങളിലൊന്നായ ജന്മനാട്ടിലേയ്ക്കുള്ള നേരിട്ടുള്ള ഫ്ലൈറ്റ് എന്ന ആഗ്രഹം പരസ്യമായി ഉന്നയിക്കപ്പെട്ടത് അതോടെയാണ്. 
പിന്നീട് 2010ന്റെ അവസാനത്തോടെ ആരംഭിച്ച കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഷെയര്‍വില്പനയുമായി ബന്ധപ്പെട്ടാണ് യുക്മയുടെ മറ്റൊരു ഇടപെടല്‍ ഉണ്ടായത്. യു.കെയില്‍ നിന്നും ഓഹരി ഉടമകളായ പ്രവാസി മലയാളികളുണ്ടെങ്കില്‍ കേരളത്തിലേയ്ക്ക് നേരിട്ടുള്ള വിമാനസര്‍വീസുകള്‍ സാധ്യമാകുന്നതിനുള്ള സാഹചര്യമുണ്ടാകുമെന്ന വിലയിരുത്തലിലാണ് ആദ്യ ഓര്‍ഗനൈസിങ് സെക്രട്ടറിയായിരുന്ന മാമ്മന്‍ ഫിലിപ്പ് കണ്‍വീനറായി കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. എന്നാല്‍ വന്‍തോതില്‍ ഷെയറുകള്‍ വാങ്ങുന്നതിനുള്ള ശേഷിയുള മലയാളികള്‍ യു.കെയില്‍ ഇല്ലാതിരുന്നതും കണ്ണൂര്‍ ഭാഗത്ത് നിന്നും ബ്രിട്ടണില്‍ ധാരാളമായി കുടിയേറ്റക്കാര്‍ ഇല്ലാതിരുന്നതും പ്രവാസി മലയാളീകള്‍ക്ക് ഷെയര്‍ വില്പന നടത്തുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ കൊണ്ടുവന്ന നൂലാമാലാകളുമെല്ലാമായി ആ ഉദ്യമവും ഉദ്ദേശിച്ചതിന്റെ ഫലം കണ്ടില്ല. 
തുടര്‍ന്ന് കേന്ദ്ര പ്രവാസികാര്യ വകുപ്പ് മന്ത്രിയായിരുന്ന വയലാര്‍ രവി 2011ല്‍ ചുരുങ്ങിയ കാലം സിവില്‍ ഏവിയേഷന്‍ വകുപ്പ് കൂടി കൈകാര്യം ചെയ്തപ്പോള്‍ അദ്ദേഹത്തെ നേരിട്ട് കണ്ട് യുക്മ നേതാക്കള്‍ നിവേദനം നല്കുകയും ചര്‍ച്ച നടത്തുകയുമൊക്കെ ചെയ്തിരുന്നുവെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍ 2012-2014 കാലത്ത് കെ.സി വേണുഗോപാല്‍ സിവില്‍ ഏവിയേഷന്‍ വകുപ്പിന്റെ സഹമന്ത്രിയായിരുന്ന സമയത്താണ് കേരളത്തിലേയ്ക്കുള്ള ഡയറക്ട് ഫ്ലൈറ്റിനു വേണ്ടിയുള്ള ആവശ്യം ഏറ്റവും ശക്തമായത്. അക്കാലത്ത് യുക്മയ്ക്കൊപ്പം മറ്റ് വിവിധ സംഘടനകളും ഈ  ആവശ്യം ശക്തമായി ഉയര്‍ത്തിയിരുന്നു. അതിനിടെ എയര്‍ ഇന്ത്യാ എക്‌സ്​പ്രസിന്റെ ആസ്ഥാനം പൂര്‍ണ്ണമായും കൊച്ചിയിലേക്ക് മാറ്റുമെന്നുള്ള തരത്തില്‍ നാട്ടില്‍ നിന്നു വന്നിരുന്ന വാര്‍ത്തകളും ഏറെ പ്രതീക്ഷ ഉയര്‍ത്തിയിരുന്നുവെങ്കിലും എങ്ങുമെത്തിയില്ല. 
നേരിട്ടുള്ള വിമാന സര്‍വീസ് ഒരു സ്വപ്നമായി മാത്രം അവശേഷിക്കുമെന്ന് കരുതിയിരുന്ന കാലത്താണ് അപ്രതീക്ഷിതമായി കോവിഡിന്റെ രൂപത്തില്‍ പ്രത്യക്ഷമായ മഹാമാരി എല്ലാ വിമാന സർവ്വീസുകളും നിര്‍ത്തി വയ്ക്കുന്ന സാഹചര്യത്തിലേയ്ക്ക് എത്തിയത്.  പക്ഷേ ഇക്കാലമെത്രയും മലയാളികള്‍ പ്രതീക്ഷയോടെ കാത്തിരുന്ന കേരളത്തിലേയ്ക്കുള്ള നേരിട്ടുള്ള ഫ്ലൈറ്റ് 19ന് ഹീത്രുവില്‍ നിന്നുമുയര്‍ന്ന് 20ന് വെളുപ്പിനെ കൊച്ചിയില്‍ ലാന്റ് ചെയ്തു. ഈ ചരിത്ര സംഭവത്തില്‍ യുക്മയുടെ പങ്കാളിത്തം വളരെ വലുതാണ്. ബ്രിട്ടണില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കുന്നതിന് ഏര്‍പ്പെടുത്തിയ ആദ്യ ഘട്ട വിമാനങ്ങള്‍ക്ക് കേരളത്തിലേയ്ക്ക് ഒരു സര്‍വീസ് പോലുമില്ലായിരുന്നു. കേരളത്തിലേയ്ക്ക് വിമാനസര്‍വീസുകള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യം ഉന്നയിച്ച് നേരത്തേ തന്നെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് നിവേദനം നല്‍കിയിരുന്ന യുക്മ നേതൃത്വം കേരളത്തിലേയ്ക്ക് വിമാനമില്ലെന്ന് കണ്ടതോടെ വീണ്ടും അടിയന്തര സാഹചര്യം മന്ത്രിയെ ബോധ്യപ്പെടുത്തി. 
വിദ്യാര്‍ത്ഥികള്‍, മക്കളെ കാണാനെത്തിയ മാതാപിതാക്കള്‍, വിവിധ ആവശ്യങ്ങള്‍ക്കായി യു,കെയിലെത്തിയവര്‍, ഇതില്‍ തന്നെ രോഗികളും, ഗര്‍ഭിണികളും കൈക്കുഞ്ഞുങ്ങളുമുള്ളവര്‍ അങ്ങനെ അടിയന്തരമായി നാട്ടില്‍ പോകേണ്ട സാഹചര്യമുള്ളവര്‍ക്ക് അതിനുള്ള അവസരം ഒരുക്കണമെന്നും അവര്‍ അവഗണിക്കപ്പെടുന്ന സാഹചര്യമുണ്ടാവരുതെന്നും കാട്ടി യുക്മ പ്രസിഡന്റ് മനോജ് പിള്ള ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗ്ഗീസ് എന്നിവര്‍ നല്‍കിയ നിവേദനവും പ്രസിഡന്റ് മന്ത്രിയുമായി നടത്തിയ നിരന്തരമായ ഫോണ്‍ സന്ദേശങ്ങളും അനുകൂലമായ ഒരു തീരുമാനമുണ്ടാകുന്നതിന് സഹായകരമായി. കേരളത്തിലേയ്ക്കുള്ള വിമാനസര്‍വീസ് പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹം ഈ ഇടപെടലുകളെ വ്യക്തമായി എടുത്ത് പറയുകയും ചെയ്തു. 
വന്ദേ ഭാരത് പദ്ധതിയിൽ കേരളത്തിലേക്ക് ചാർട്ടർ ചെയ്ത എയർ ഇന്ത്യ വിമാനം കൊച്ചിയിലെത്തി. ഇന്നലെ ഉച്ചയ്ക്ക് 1.15നാണ് ഹീത്രൂ വിമാനത്താവളത്തിൽനിന്നും യാത്ര തിരിച്ച എ 1-130 എന്ന വിമാനം മുംബൈ വഴിയാണ് ബുധനാഴ്ച രാവിലെ 333 യാത്രക്കാരുമായി 7.15 നാണ് കൊച്ചിയിലെത്തിയത്. കൊച്ചിയിൽനിന്നും വിജയവാഡയിൽ എത്തുന്നതോടെ ഈ വിമാനത്തിന്റെ സർവീസ് പൂർത്തിയാകും. 596 പൗണ്ടാണ് ഓരോ യാത്രക്കാരനിൽ നിന്നും ഈടാക്കിയത്.
എന്തായാലും ഒരു കാര്യം വ്യക്തമാണ്. നേരിട്ട് കേരളത്തിലേയ്ക്ക് വിമാനസര്‍വീസുകള്‍ നടത്തുന്നതിന് യാതൊരു തടസ്സങ്ങളുമില്ല. കോവിഡ് കാലം കഴിയുമ്പോള്‍ ലണ്ടന്-കൊച്ചി-ഡല്‍ഹി/മുംബൈ റൂട്ടിലും തിരിച്ചും വിമാന സര്‍വീസുകള്‍ പരീക്ഷണാടിസ്ഥാനത്തി​ല്‍ ആഴ്ച്ചയിലൊരിക്കലെങ്കിലും അരംഭിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഇനിയും യു.കെയില്‍ കുടുങ്ങിയവരെ കൂടി എത്രെയും പെട്ടെന്ന് നാട്ടിലെത്തിക്കുന്നതിനുള്ള ഫ്ലൈറ്റ് സര്‍വീസുകള്‍ കൂടി ഏര്‍പ്പെടുത്തുകയും ചെയ്യണം. 
ചൊവ്വാഴ്ച്ച നാട്ടിലേയ്ക്കുള്ള ഫ്ലൈറ്റില്‍ പോകുവാന്‍ സാധിക്കാത്ത നിരവധി ആളുകളുടെ പരാതികള്‍ ഇതിനോടകം യുക്മ ദേശീയ നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്. അങ്ങനെയുള്ളവര്‍ ദയവായി യുക്മ സെക്രട്ടറിയ്ക്ക് ഈ-മെയില്‍ അയയ്ക്കുകയോ അല്ലെങ്കില്‍  മനോജ് പിള്ള, അലക്സ് വര്‍ഗ്ഗീസ് എന്നിവരെ ബന്ധപ്പെടേണ്ടതാണ്. ഇനിയും നാട്ടില്‍ പോകണമെന്ന് ആഗ്രഹിക്കുന്ന മലയാളികളെ സഹായിക്കുന്നതിനു വേണ്ടി അധികൃതരുമായി ബന്ധപ്പെടുമെന്നും യുക്മ നേതൃത്വം അറിയിച്ചു.


ബന്ധപ്പെടേണ്ട ഫോൺ നമ്പറുകളും, മെയിൽ അഡ്രസ്സും താഴെ കൊടുക്കുന്നു:-

07960357679, 07985641921

secretary.ukma@gmail.com

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more