1 GBP = 103.92
breaking news

പൊലീസുകാരനെ മർദ്ദിച്ച സംഭവം: ഇരുകൂട്ടർക്കുമെതിരെ കേസെടുത്തു

പൊലീസുകാരനെ മർദ്ദിച്ച സംഭവം: ഇരുകൂട്ടർക്കുമെതിരെ കേസെടുത്തു

തിരുവനന്തപുരം: തന്നെ കയറിപ്പിടിച്ചെന്ന് സായുധ ബറ്റാലിയൻ അഡി. ഡി.ജി.പി സുധേഷ് കുമാറിന്റെ മകൾ സ്‌നിക്‌ത നൽകിയ പരാതിയിൽ പൊലീസ് ഡ്രൈവർക്കെതിരെ കേസെടുത്തു. ബറ്റാലിയനിലെ ഡ്രൈവർ തിരുവനന്തപുരം ആര്യനാട് സ്വദേശി ഗവാസ്‌കറിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കൽ,​ അസഭ്യം പറയൽ എന്നീ കുറ്റങ്ങളും ഗവാസ്‌കർക്കെതിരെ ചുമത്തി. ഇന്നലെയാണ് സുധേഷ് കുമാറിന്റെ മകൾ പൊലീസിൽ പരാതി നൽകിയത്. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന് സ്‌നിക്‌തയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
സ്‌നിക്‌ത തന്നെ മർദ്ദിച്ചതായി ചൂണ്ടിക്കാട്ടി ഗവാസ്‌കർ നേരത്തെ പരാതി നൽകിയിരുന്നു. കനകക്കുന്നിൽ പ്രഭാത നടത്തം കഴിഞ്ഞെത്തിയ, സ്‌നിക്‌ത പാർക്കിലെ പൊതുപാർക്കിംഗ് സ്ഥലത്തു വച്ച് മർദ്ദിച്ചെന്നും തലയ്ക്ക് പിന്നിലിടിച്ച് കൊല്ലാൻ ശ്രമിച്ചെന്നുമാണ് ഗവാസ്കർ മ്യൂസിയം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ഇന്നലെ ഉച്ചയോടെ മ്യൂസിയം പൊലീസ് ഗവാസ്കറിന്റെ മൊഴി രേഖപ്പെടുത്തിയെങ്കിലും കേസെടുത്തിരുന്നില്ല.

അതേസമയം കൈയിൽ കയറിപിടിച്ചെന്നും ചീത്തവിളിച്ചെന്നും അമിതവേഗത്തിൽ വണ്ടിയിടിപ്പിക്കാൻ ശ്രമിച്ചെന്നും ഗവാസ്കറിനെതിരെ സ്‌നിക്‌തയും പരാതി നൽകി. ഇതേത്തുടർന്ന് വനിതാ സി.ഐയെ എ.ഡി.ജി.പി വീട്ടിലേക്ക് വിളിച്ചുവരുത്തി മകളുടെ മൊഴിയെടുത്തു. സ്‌നിക്‌ത പിന്നീട് സ്വകാര്യാശുപത്രിയിൽ ചികിത്സതേടി.

എ.ഡി.ജി.പിയുടെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവറാണ് ഗവാസ്കർ. തലസ്ഥാനത്ത് സിവിൽസർവീസ് പരിശീലനം നടത്തുകയാണ് സ്‌നിക്ത. കുറവൻകോണത്താണ് എ.ഡി.ജി.പിയുടെ വസതി. കഴിഞ്ഞദിവസം സ്‌നിക്‌തയുടെ കായികക്ഷമതാ പരിശീലനത്തിനെത്തിയ പൊലീസുകാരിയുമായി സംസാരിച്ചെന്നു പറഞ്ഞാണ് സ്‌നിക്‌ത തന്നോട് വഴക്കുണ്ടാക്കിയതെന്ന് ഗവാസ്കർ പറയുന്നു. സ്‌നികതയും അമ്മയും തുടർച്ചയായി അസഭ്യവർഷം നടത്തിയതോടെ താൻ എ.ഡി.ജി.പി യോട് പരാതി പറഞ്ഞു. ഇതിൽ പ്രകോപിതയായി ഇന്നലെ രാവിലെ കനകക്കുന്നിൽ വച്ചും ഇവർ അസഭ്യവർഷം തുടർന്നു. പാർക്കിംഗ് സ്ഥലത്ത് കാർ നിറുത്തിയപ്പോൾ സ്‌നിക്‌ത നടക്കാൻ പോയി. തിരിച്ചെത്തിയപ്പോഴും അസഭ്യവർഷമായിരുന്നു. കനകക്കുന്ന് ഗേറ്റിലെത്തിയപ്പോൾ, ഇനിയും അസഭ്യം പറഞ്ഞാൽ വാഹനം ഓടിക്കാൻ കഴിയില്ലെന്ന് താൻ പറഞ്ഞു. സ്‌നിക്‌ത പ്രകോപിതയായി കാറിൽ നിന്ന് ഇറങ്ങി വാഹനത്തിന്റെ താക്കോൽ ആവശ്യപ്പെട്ടെങ്കിലും ഔദ്യോഗിക വാഹനം വിട്ടു നൽകാൻ കഴിയില്ലെന്ന് പറഞ്ഞതോടെ ഓട്ടോയിൽ കയറിപ്പോയി. അല്പസമയത്തിനകം വീണ്ടും കാറിനടുത്തേക്ക് തിരിച്ചെത്തിയ അവർ വാഹനത്തിൽ മറന്നു വച്ച മൊബൈൽ ഫോൺ എടുത്തശേഷം മൊബൈൽ കൈയിൽ മുറുക്കിപിടിച്ച് കഴുത്തിലും ചുമലിലും മുതുകിലും ഇടിക്കുകയായിരുന്നുവെന്നാണ് ഗവാസ്കർ പറയുന്നത്. ഗവാസ്കറിന്റെ കഴുത്തിന് ശക്തമായി ക്ഷതമേറ്റിട്ടുണ്ടെന്ന പേരൂർക്കട ആശുപത്രിയിലെ ഡോക്ടർമാരുടെ റിപ്പോർട്ടിനെത്തുടർന്ന് ഇന്നലെ വൈകിട്ടോടെ ഗവാസ്കറിനെ മെഡിക്കൽകോളേജ് ന്യൂറോളജി വിഭാഗത്തിലേക്ക് മാറ്റി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more