1 GBP = 103.33

BREAKING NEWS-നടന്‍ കൊല്ലം അജിത് അന്തരിച്ചു

BREAKING NEWS-നടന്‍ കൊല്ലം അജിത് അന്തരിച്ചു

കൊച്ചി: വില്ലൻ കഥാപാത്രങ്ങളിലുടെ പ്രേക്ഷകരുടെ മനസിൽ ഇടംപിടിച്ച സിനിമ നടന്‍ കൊല്ലം അജിത് (56) അന്തരിച്ചു. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചെ 3.40 ഓടെയായിരുന്നു അന്ത്യം. കൊച്ചിയിൽ നിന്ന് എട്ടു മണിയോടെ സ്വദേശമായ കൊല്ലം കടപ്പാക്കടയിലെ വസതിയിലേക്ക് മൃതദേഹം കൊണ്ടു പോയി. വൈകീട്ട് ആറു മണിക്ക് കടപ്പാക്കടയിലെ പൊതുശ്മശാനത്തിലാണ് സംസ്‌കാരം.

90കളില്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ കൊല്ലം അജിത് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി അഞ്ഞൂറോളം സിനിമകളിലും ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. കൂടാതെ രണ്ട് സിനിമകൾ സംവിധാനം ചെയ്തു.

സംവിധാന സഹായിയാകാനുള്ള ആഗ്രഹത്തിലാണ് കൊല്ലം അജിത് സിനിമാ മേഖലയിലെത്തിയത്. അവസരം ചോദിച്ചെത്തിയ അജിത്തിന് സംവിധായകൻ പത്മരാജൻ 1983ൽ പുറത്തിറങ്ങിയ ‘പറന്ന് പറന്ന് പറന്ന്’ എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം നൽകി. തുടർന്ന് പത്മരാജൻ ചിത്രങ്ങളിലെ സ്ഥിര സാന്നിധ്യമായി മാറി.

‘പറന്ന് പറന്ന് പറന്ന്’ എന്ന സിനിമയിലെ വില്ലൻ കഥാപാത്രത്തിലൂടെ സിനിമയിൽ സ്ഥിരം വില്ലൻ വേഷങ്ങൾ ചെയ്യുന്ന താരമായി അജിത് മാറി. പൂവിന് പുതിയ പൂന്തെന്നൽ, നാടോടിക്കാറ്റ്, അപരൻ, മനു അങ്കിൾ, നമ്പർ 20 മദ്രാസ് മെയിൽ, ലാൽ സലാം, നിർണയം, ഒളിപ്യൻ അന്തോണി ആദം, പ്രജാപതി, ആറാം തമ്പുരാൻ, വല്ല്യേട്ടൻ, ബാലേട്ടൻ തുടങ്ങിയ ചിത്രങ്ങളിലെ വില്ലൻ കഥാപാത്രങ്ങൾ മികവുറ്റതാണ്. ദൂർദർശന്‍റെ കൈരളി വിലാസം ലോഡ്ജ്, ഏഷ്യാനെറ്റിലെ പാവക്കൂത്ത്, വജ്രം, കടമറ്റത്ത് കത്തനാർ, സ്വാമി അയ്യപ്പൻ, ദേവീമാഹാത്മ്യം എന്നീ സീരിയലുകളിലും അഭിനയിച്ചു.

1989ല്‍ റിലീസ് ചെയ്ത ‘അഗ്നിപ്രവേശം’ എന്ന സിനിമയില്‍ അജിത് നായകനായി. 2012ല്‍ പുറങ്ങിയ ‘ഇവന്‍ അര്‍ധനാരി’യാണ് ഒടുവില്‍ അഭിനയിച്ച ചിത്രം. കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ച് ‘കോളിങ് ബെൽ’ എന്ന ചിത്രവും ‘പകൽ പോലെ’ എന്ന ചിത്രവും സംവിധാനം ചെയ്കു. പ്രിയദർശന്‍റെ ‘വിരാസത്ത്’ എന്ന ഹിന്ദി ചിത്രത്തിലും മൂന്നു തമിഴ് സിനിമകളിലും അജിത്ത് അഭിനയിച്ചു.

കൊല്ലം റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററായിരുന്ന കോട്ടയം സ്വദേശി പത്മനാഭന്‍റെയും സരസ്വതിയുടെയും മകനാണ് അജിത്. പ്രമീളയാണ് ഭാര്യ. ഗായത്രി, ശ്രീഹരി എന്നിവര്‍ മക്കൾ.

മമ്മൂട്ടി, ആന്‍റോ ജോസഫ് അടക്കമുള്ളവർ ആശുപത്രിയിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more