1 GBP = 103.02
breaking news

കാര്‍ ലോറിയിലിടിച്ച് നാല് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു

കാര്‍ ലോറിയിലിടിച്ച് നാല് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിനടുത്ത് രാമനഗരയില്‍ കാര്‍ ലോറിയിലിടിച്ച് നാല് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു. ബെംഗളൂരു- മൈസൂരു പാതയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നാലോടെയാണ് സംഭവം.

ബെംഗളൂരു രാജരാജേശ്വരി മെഡിക്കല്‍ കോളേജ് രണ്ടാംവര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥി ജോയല്‍ ജേക്കബ്(21), സുഹൃത്തുക്കളായ പത്തനംതിട്ട വെട്ടിപ്പുറം നിഖിത്ത് പി. സുദീപ് (20), കോഴഞ്ചേരി ആലപ്പാറ ജീന എല്‍ദോ(21), എറണാകുളംകാരിയായ റബേക്ക തോമസ് (21) എന്നിവരാണ് മരിച്ചത്. വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വിദ്യാര്‍ഥികളാണ് ജീന എല്‍ദോയും റബേക്കയും. ജീന വെല്ലൂരില്‍ ബിരുദദാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുന്നവഴിയാണ് അപകടമുണ്ടായതെന്ന് വീട്ടുകാര്‍ പറഞ്ഞു. നിഖിത് കാക്കനാട് ഭാരത് മാതാ കോളേജ് രണ്ടാം വര്‍ഷ ബി.കോം. വിദ്യാര്‍ഥിയാണ്.

മൈസൂരു ഭാഗത്ത് നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് എതിരേ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരും പോലീസും കാര്‍ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ജോയലാണ് കാര്‍ ഓടിച്ചിരുന്നത്.

ജോയലിനെ കാണാനായി വ്യാഴാഴ്ചയാണ് മറ്റുള്ളവര്‍ ബെംഗളൂരുവിലെത്തിയതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. രാത്രി ഭക്ഷണം കഴിക്കാനെന്നും പറഞ്ഞാണ് കുട്ടുകാരോടൊപ്പം ജോയല്‍ കാറില്‍ പുറത്ത് പോയത്. മൃതദേഹങ്ങള്‍ രാജരാജേശ്വരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. അതിവേഗമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് രാമനഗര പോലീസ് സൂപ്രണ്ട് രമേഷ് ബനോത്ത് പറഞ്ഞു.

ജോയലിന്റെ പിതാവ് തിരുവല്ല മുല്ലപ്പള്ളി തിരുത്തിക്കാട് മാരുതികുന്നില്‍ ജേക്കബ് എം. തോമസ് വിദേശത്താണ്. സോളിയാണ് അമ്മ. സഹോദരി: ഷെറിന്‍ ജേക്കബ്.

പത്തനംതിട്ട വെട്ടിപ്രം സെന്റ് മേരീസ് സ്‌കൂളിന് സമീപം സുദീപ് സാം ജോസിന്റേയും ജെസിയുടെയും മകനാണ് നിഖിത്ത്. കൊച്ചി പാലാരിവട്ടം പൈപ്പ് ലൈന്‍ റോഡില്‍ ഗ്രീന്‍ അവന്യുവിലാണ് താമസം. സഹോദരി: നിഖിത. നിഖിത്തിന്റെ സംസ്‌കാരം ശനിയാഴ്ച ഉച്ചതിരിഞ്ഞ് പാലാരിവട്ടം ഷാരോണ്‍ മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍ നടക്കും.

പെരുമ്പാവൂര്‍ അല്ലപ്ര മുതിരക്കാലായില്‍ കുടുംബാംഗമായ ജീനയുടെ അച്ഛന്‍ എല്‍ദോ എം.ജോസഫ് (വാവച്ചന്‍) ദുബായില്‍ ടെലിഫോണ്‍ കമ്പനി ഉദ്യോഗസ്ഥനാണ്. അമ്മ ജൂണോ. സഹോദരങ്ങള്‍: ജീവ, ജെനി. ശവസംസ്‌കാര ശുശ്രൂഷകള്‍ ശനിയാഴ്ച രണ്ടിന് അല്ലപ്രയിലുള്ള പിതൃസഹോദരന്‍ മുതിരക്കാലയില്‍ ജോര്‍ജ് എം ജോസഫിന്റെ വീട്ടില്‍ നടക്കും. ശവസംസ്‌കാരം തുരുത്തിപ്ലി സെന്റ് മേരീസ് വലിയ പള്ളി സെമിത്തേരിയില്‍.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more