1 GBP = 103.96

കോവിഡ് പകർച്ചവ്യാധി സമയത്ത് നഴ്സിംഗ് ഹോം നിവാസികളെ പരിചരിക്കുന്നതിലൂടെ മാതൃകാപരമായ സേവനങ്ങൾക്ക് രാജ്ഞിയുടെ ബ്രിട്ടീഷ് എംപയർ മെഡൽ നേടി മലയാളികൾക്ക് അഭിമാനമായി എബി ജോസഫ്…

കോവിഡ് പകർച്ചവ്യാധി സമയത്ത് നഴ്സിംഗ് ഹോം നിവാസികളെ പരിചരിക്കുന്നതിലൂടെ മാതൃകാപരമായ സേവനങ്ങൾക്ക് രാജ്ഞിയുടെ ബ്രിട്ടീഷ് എംപയർ മെഡൽ നേടി മലയാളികൾക്ക് അഭിമാനമായി എബി ജോസഫ്…

കോവിഡ് പകർച്ചവ്യാധി ഏറ്റവും രൂക്ഷമായിരുന്ന സമയത്ത് കൂടുതൽ റെസിഡൻ്റ്സ് മരണത്തിന് കീഴടങ്ങിയത് നഴ്സിംഗ് ഹോമുകളിലെ അന്തേവാസികളായിരുന്നു. എന്നാൽ മാതൃകാപരമായി തൻ്റെ ലാമിലെ നിവാസികളെപരിചരിക്കുന്നതിലൂടെ മാതൃകാപരമായ സേവനങ്ങൾക്ക്
രാജ്ഞിയുടെ  ബ്രിട്ടീഷ് എംപയർ  മെഡൽ നേടി മലയാളികൾക്ക് അഭിമാനമായി മാറിയിരിക്കുന്നു എബി ജോസഫ്. 

കോട്ടയം ജില്ലയിൽ അമ്മഞ്ചേരി പോങ്ങാനാതടത്തിൽ വർക്കി മത്തായി മകൻ ഔസേപ്പച്ചന്റെയും ഭാര്യ ആലീസ് ജോസഫിന്റെയും മകനാണ് എബി ജോസഫ് (35).  താൻ ജോലി ചെയ്യുന്ന നഴ്സിംഗ് ഹോമിൽ ക്ലിനിക്കൽ മാനേജറായി ജോലി ചെയ്യുന്ന എബിയെ കോവിഡ് കാലത്തെ കെയർ ഹോം രംഗത്തെ സേവനത്തിനാണ്  രാജ്ഞിയുടെ ഈ അംഗീകാരം തേടിയെത്തിയത്. കോവിഡ് സമയത്തു മാസങ്ങളോളം ജോലിസ്ഥലത്തേക്ക് താമസം മാറി  കോവിഡ്  ബാധിതരായ രോഗികൾക്കും ജീവനക്കാർക്കും നൽകിയ സേവനത്തിനാണ്  എബി അവാർഡിന് അർഹമായത് . അവാർഡിനൊപ്പം ബക്കിങ്ഹാം കൊട്ടാരത്തിൽ ഗാർഡൻ പാർട്ടിക്കുള്ള ക്ഷണവും ലഭിച്ചിട്ടുണ്ട്.

യുകെയിൽ ഏറ്റവുമധികം വൃദ്ധരോഗികൾ കോവിഡ്  ബാധിച്ച് മരണമടഞ്ഞത് കെയർ ഹോമുകളിലാണ്. ആ അവസ്ഥയിലും എബിയുടെ ശുശ്രുഷയും പരിപാലനവും നൂറുകണക്കിന് വൃദ്ധരോഗികൾക്ക് പുതുജീവനേകി. സ്വന്തം ജീവനേയും  കുടുംബത്തേയും മാറ്റിനിർത്തി, കോവിഡ്  രോഗികളെ പരിപാലിക്കാൻ എബിയെടുത്ത തീരുമാനം ബ്രിട്ടീഷ് രാജകുടുംബത്തിന്റെ വരെ ഹൃദയത്തിൽ ഇടംപിടിക്കുന്നതായി. അതാണിപ്പോൾ ബ്രിട്ടീഷ് എമ്പയർ മെഡൽ എന്ന പരമോന്നത ബഹുമതി ഈ കോട്ടയംകാരനെ തേടിയെത്തിയത്. കെയർ ഹോമിലെ വൃദ്ധരോഗികളോട് എബി കാട്ടിയ കാരുണ്യത്തെ ബ്രിട്ടൻ ശിരസ്സുനമിച്ച് ആദരിക്കുന്നു.
ഇംഗ്ലണ്ടിൽ  ആതുര ശുശ്രുഷയിലും, സാമൂഹിക രംഗത്തും വ്യക്‌തികൾ നടത്തുന്ന സ്തുത്യർഹമായ സേവനത്തിന് നൽകുന്നതാണ് ബ്രിട്ടീഷ് എംപയർ അവാർഡ്.

ബ്രിട്ടന്റെ ആദരസൂചകമായി സ്വന്തംപേരിനൊപ്പം “ബിഇഎം” എന്നുചേർക്കാൻ എബി ജോസഫിന് ഇപ്പോൾ കഴിയും. അവാർഡിനൊപ്പം, ബക്കിംഗ്ഹാം കൊട്ടാരത്തിലെ അവാർഡ് ദാന ചടങ്ങിലെ  ഉദ്യാന പാർട്ടിയിലേക്കുള്ള ക്ഷണവും എബിക്ക് ലഭിച്ചു. ലണ്ടനിലുള്ള കോമൺവെൽത്ത് ഓഫിസിൽ നിന്നാണ് അവാർഡ് വിവരം കൈമാറിയത്. കെയർഹോം രംഗത്ത് എബി ജോസഫ് നടത്തിവരുന്ന സ്തുത്യർഹമായ  സേവനങ്ങളെ അംഗീകരിച്ചുകൊണ്ടാണ്  അദ്ദേഹത്തിന്  ബ്രിട്ടീഷ് എംപയർ അവാർഡ് നൽകുന്നതെന്ന് വിവരം അറിയിച്ചു കൊണ്ടുള്ള  കത്തിൽ പറയുന്നു.

ആത്മാർത്ഥമായ സമർപ്പണത്തിന് അംഗീകാരമായി, അദ്ദേഹത്തിന്റെ തൊഴിലുടമകളായ ബൂപ കെയർ ഹോം സർവീസ് എബിയെ “കെയർ ഹോം ഹീറോ” എന്ന പദവി നൽകി നേരത്തേ  ആദരിച്ചിരുന്നു. 2012 ൽ ബൂപാ കെയർ സർവീസസിൽ നഴ്സായി ജോലി ആരംഭിച്ച എബി പിന്നീട് ക്ലിനിക്കൽ മാനേജർ, ഹോം മാനേജർ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. 10 വർഷത്തോളമായി  ഇംഗ്ലണ്ടിൽ ആതുരശുശ്രൂഷാ രംഗത്ത് നഴ്സ് ആയും കെയർ ഹോം മേഖലയിലും  സേവനം ചെയ്തുവരുന്ന എബി ജോസഫിന്റെ വിജയങ്ങൾക്കും നേട്ടങ്ങൾക്കും പിന്നിൽ, ആതുര ശുശ്രുഷാരംഗത്തുതന്നെ പ്രവർത്തിക്കുന്ന നഴ്‌സായ ഭാര്യ ജിനു നൽകിവരുന്ന ഉറച്ച പിന്തുണയും സ്നേഹവും തന്നെ. എബിയുടെ സഹോദരി ലെയ ലീഡ്സ് ഹോസ്പിറ്റലിൽ കാർഡിയാക് ഫിസിയോളജിസ്റ് ആയി ജോലി ചെയ്യുന്നു. ജിനുവിന്റെ  സഹോദരിയും ഇംഗ്ലണ്ടിലെ നഴ്‌സാണ്.

സേവനത്തിന്റെയും സ്നേഹംനിറഞ്ഞ കുടുംബജീവിതത്തിന്റെയും കയ്‌പും  മധുരവും  ഒരേപോലെ ആസ്വദിച്ച് ജീവിതവുമായി മുന്നേറുകയാണ്  ഈ മലയാളികുടുംബം. എബി ജോസഫിന് ലഭിച്ച നേട്ടത്തിന് യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ തുടങ്ങിയവർ അഭിനന്ദനം അറിയിച്ചു. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more