1 GBP = 103.95
breaking news

എബ്രഹാം ജോർജിന് നാടിന്റെ അന്ത്യാഞ്ജലി. അപ്പിച്ചയാൻ ഇനി ഓർമ്മയിൽ മാത്രം.

എബ്രഹാം ജോർജിന് നാടിന്റെ അന്ത്യാഞ്ജലി. അപ്പിച്ചയാൻ ഇനി ഓർമ്മയിൽ മാത്രം.
                                                                                 വർഗീസ് ഡാനിയേൽ
യുക്മയുടെ സ്ഥാപക നേതാവും ഷെഫീൽഡ് കേരളാ  കൾച്ചറൽ അസോസിയേഷന്റെ പ്രഥമ പ്രസിഡന്റുമായിരുന്ന അപ്പിച്ചായൻ നാടിന്റെയും നാട്ടുകാരുടെയും പ്രാർത്ഥനകളും അന്ത്യോപചാരങ്ങളും ഏറ്റുവാങ്ങി, താനാഗ്രഹിച്ച മണ്ണിൽ അന്ത്യവിശ്രമം കൊണ്ടു.
യുകെയിൽ നിന്നും ബുധനാഴ്ച നാട്ടിൽ എത്തിച്ച ഭൗതീക ശരീരം മോർച്ചറിയിൽ സൂക്ക്ഷിച്ച ശേഷം ഇന്നലെ രാവിലെ ഒമ്പതുമണിക്ക് തെക്കേമലയിലുള്ള സ്വഭവനത്തിൽ കൊണ്ടുവന്നു. രാവിലെ മുതൽ തന്നെ ഇടവക ജനങ്ങളും നാട്ടുകാരും അപ്പിച്ചായനോടൊപ്പം ഗൾഫിലും യുകെയിലും ഉണ്ടായിരുന്ന സഹപ്രവർത്തകരും അവസാനമായി ഒരുനോക്കു കാണുവാനും അനുശോചനം അറിയിക്കുവാനും എത്തിക്കൊണ്ടിരുന്നു.
യുക്മയുടെ മുൻ ജനറൽ സെക്രട്ടറി എബ്രഹാം ലൂക്കോസ് യുക്മക്ക് വേണ്ടിയും  ഷെഫീൽഡ് കേരളാ  കൾച്ചറൽ അസോസിയേഷന്റെ ആദ്യ വൈസ് പ്രസിഡന്റ് ജോർജ് ഇടിക്കുള എസ കെ സി എ ക്ക് വേണ്ടിയും പുഷ്പ ചക്രം അർപ്പിച്ചു.
രണ്ടുമണിക്ക് ഭവനത്തിൽ ആരംഭിച്ച പ്രാർത്ഥന ശുശ്രുഷകൾക്ക് വെരി.റവ.തോമസ് ജോൺസൻ, വെരി.റവ. പി ടി മാത്യു എന്നീ വൈദീകർ നേത്ര്യത്വം നൽകി. തുടർന്ന് ആരംഭിച്ച  വിലാപയാത്ര മൂന്നുമണിക്ക് കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ എത്തിച്ചേർന്നു. ദേവാലയത്തിലെ പ്രാർത്ഥനകൾക്ക് മാർത്തോമാ സഭയുടെ അടൂർ ഭദ്രാസന അധിപൻ  റൈറ്റ്.റവ. ഡോ.എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ പ്രധാന കാർമ്മികത്വം വഹിച്ചു. നിരവധി വൈദീകർ സഹകാർമികരായിരുന്നു.  “നമ്മെ സ്നേഹിക്കുന്നവരുടെയും നമ്മൾ സ്നേഹിക്കുന്നവരുടെയും വേർപാട് ദുഃഖം ഉളവാക്കുന്നതാണെങ്കിലും എബ്രഹാം ജോർജ്  സ്വർഗീയ സന്നിധിയിൽ മാലാഖമാരോടൊപ്പം ദൈവപിതാവിനെ സ്തുതിക്കുന്ന ഗണത്തിലാണ് എന്നതിൽ നമുക്ക് സന്തോഷിക്കാം” എന്നും “ലാസറിന്റെ മരണം ദൈവത്തെ മഹത്വപ്പെടുത്തിയതുപോലെ ഇദ്ദേഹത്തിന്റെ മരണവും മഹത്വപ്പെടുത്തുകതന്നെ ചെയ്യും “എന്നും  പ്രാർത്ഥനാ മദ്ധ്യേയുള്ള  അനുശോചന പ്രസംഗത്തിൽ  തിരുമേനി പറഞ്ഞു.
ദേവാലയത്തിലെ ശുശ്രുഷകൾക്കുശേഷം  അപ്പിച്ചായന്റെ ആഗ്രഹപ്രകാരം കുടുംബ കല്ലറയിൽ മൃതദേഹം സംസ്കരിച്ചു.
കഴിഞ്ഞ ആറ് വർഷക്കാലമായി പ്രോസ്റ്റൈറ്റ് ക്യാൻസർ ബാധിതനായ അപ്പിച്ചായൻ  ഷെഫീൽഡ് വെസ്റ്റേൺ പാർക്ക് ഹോസ്പിറ്റലിൽ വെച്ച്ഈ മാസം പതിനേഴാം  തീയതിയാണ് അന്തരിച്ചത്.
കലാ സാംസ്കാരിക സാമൂഹീക കാര്യങ്ങളിലെന്നതുപോലെ ആത്മീക കാര്യങ്ങളിലും തല്പരനായിരുന്ന അപ്പിച്ചയാൻ കഴിഞ്ഞ ആറു വർഷക്കാലമായി മാഞ്ചസ്റ്റർ മാർതോമാ ഇടവകയുടെ വൈസ് പ്രസിഡന്റായിരുന്നു.കൃത്യമായ നേതൃപാടവം കൊണ്ടും സൗമ്യമായ പെരുമാറ്റം കൊണ്ടും ഏവർക്കും പ്രിയങ്കരനായിരുന്നു പരേതൻ തുടർച്ചയായി യുക്മയുടെ  നാല് ദേശീയ കമ്മിറ്റികളിലെ വിവിധ സ്ഥാനങ്ങളോടൊപ്പം  യുക്മ സാംസ്കാരിക വേദിയുടെ ചെയർമാൻ സ്ഥാനവും അലങ്കരിച്ചിരുന്നു.
കോഴഞ്ചേരി തെക്കേമല ശങ്കരമംഗലത്ത് വാരാമണ്ണിൽ വീട്ടിൽ അംഗമാണ് അപ്പിച്ചായൻ. തെക്കേമല പാലാംകുഴിയിൽ കുടുംബാംഗമായ സൂസൻ ജോർജാണ് ഭാര്യ. മക്കൾ:- ഡോ.സുജിത്ത് എബ്രഹാം, സിബിൻ എബ്രഹാം. മരുമക്കൾ:- ഷെറിൻ, അനു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more