1 GBP = 103.78
breaking news

കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ ഇന്ത്യൻ ഡിഫൻഡർ ചെക്ക് റിപ്പബ്ലിക്ക് ക്ലബിൽ

കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ ഇന്ത്യൻ ഡിഫൻഡർ ചെക്ക് റിപ്പബ്ലിക്ക് ക്ലബിൽ

കേരള ബ്ലാസ്റ്റേഴ്സിൻ്റെ മുൻ പ്രതിരോധ താരം അബ്നീത് ഭാർതി ചെക്ക് റിപ്പബ്ലിക്ക് ക്ലബുമായി കരാറൊപ്പിട്ടു. ചെക്ക് റിപ്പബ്ലിക്ക് രണ്ടാം നിര ക്ലബായ എഫ്കെ വാർൻസ്ഡോർഫുമായാണ് ഐഎസ്എൽ ആറാം സീസണിൽ ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടായിരുന്ന അബ്നീത് കരാർ ധാരണയായത്. രണ്ട് വർഷത്തേക്കാണ് കരാർ. നേപ്പാളിലെ കാഠ്മണ്ഡുവിലാണ് ജനിച്ചതെങ്കിലും അബ്നീതിന് ഇന്ത്യൻ പൗരത്വമാണ് ഉള്ളത്.

ചെറുപ്പത്തിൽ ഇന്ത്യക്ക് പുറത്ത് കളിച്ചിട്ടുള്ള താരമാണ് 23 വയസ്സുകാരനായ അബ്നീത്. സ്പെയിൻ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിൽ കളിച്ചിട്ടുള്ള 23കാരന് പോർച്ചുഗലിൽ കളിക്കുന്നതിനിടെ പരുക്കേറ്റു. ഇതേ തുടർന്ന് നാട്ടിലേക്ക് മടങ്ങാൻ നിർബന്ധിതനായ താരം ബ്ലാസ്റ്റേഴ്സിനൊപ്പം ചേരുകയായിരുന്നു. ക്ലബിൻ്റെ വിദേശ പ്രീ സീസൺ മത്സരങ്ങളിൽ അബ്നീതും ഭാഗമായിരുന്നു. എന്നാൽ, താരത്തിന് വീണ്ടും പരുക്ക് വില്ലനായി. അതുകൊണ്ട് തന്നെ മഞ്ഞപ്പടയുടെ ഫസ്റ്റ് ടീമിൽ ഇടം നേടാൻ അബ്നീതിനു കഴിഞ്ഞില്ല.

അതേസമയം, മുൻ കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റനും നിലവിൽ എടികെ മോഹൻബഗാൻ താരവുമായ ഇന്ത്യൻ പ്രതിരോധ താരം സന്ദേശ് ജിങ്കൻ ക്രൊയേഷ്യയിലേക്കെന്ന് സൂചനയുണ്ട്. ക്രൊയേഷ്യൻ മുൻനിര ക്ലബ് എച്ച്എൻകെ സിബേനിക്ക് താരവുമായി ഉടൻ കരാർ ഒപ്പിടുമെന്നാണ് വിവരം. ക്ലബും ജിങ്കനും തമ്മിലുള്ള ചർച്ചകൾ അവസാനിച്ചു. ഇരുവരും തമ്മിൽ ധാരണയായിക്കഴിഞ്ഞു. ഇനി ക്രൊയേഷ്യയിൽ കളിക്കുന്നതിനുള്ള വീസ അടക്കമുള്ള സാങ്കേതിക കാര്യങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. അത് പൂർത്തിയായാൽ ഇന്ത്യൻ താരം ക്രൊയേഷ്യയിലേക്ക് പറക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതേസമയം, വരുന്ന സീസണിലും ഐഎസ്എൽ ഗോവയിൽ തന്നെ നടന്നേക്കും എന്നാണ് റിപ്പോർട്ട്. രാജ്യത്തെ കൊവിഡ് വ്യാപനം പരിഗണിച്ച് ഒരു സ്ഥലത്ത് തന്നെ ഇത്തവണയും ഐഎസ്എൽ നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ സീസൺ ഗോവയിലാണ് നടത്തിയത്. ലീഗ് വിജയകരമായിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണയും മത്സരങ്ങൾ ഗോവയിൽ തന്നെ നടക്കുമെന്ന് സൂചനയുണ്ട്. ഗോവയ്ക്കൊപ്പം കൊൽക്കത്തയും സംഘാടകർ പരിഗണിക്കുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more