1 GBP = 103.54
breaking news

അഭിമന്യു കൊലക്കേസ്; മുഖ്യ പ്രതികളിലൊരാളായ ക്യാമ്പസ് ഫ്രണ്ട് ഭാരവാഹി അറസ്റ്റിൽ

അഭിമന്യു കൊലക്കേസ്; മുഖ്യ പ്രതികളിലൊരാളായ ക്യാമ്പസ് ഫ്രണ്ട് ഭാരവാഹി അറസ്റ്റിൽ

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളിലൊരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. നെട്ടൂർ സ്വദേശിയും ക്യാമ്പസ് ഫ്രണ്ട് കൊച്ചി മേഖലാ ഭാരവാഹിയുമായ റജീബ് ആണ് അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
അതേസമയം അഭിമന്യുവിനെ കുത്തിവീഴ്‌ത്തിയത് അറസ്‌റ്റിലായ കാമ്പസ് ഫ്രണ്ട് കോളേജ് യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ പള്ളുരുത്തി സ്വദേശി സനീഷ് എന്നിവരിലൊരാളാണെന്ന് അന്വേഷണസംഘം സംശയിക്കുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ഇരുവരെയും തിരിച്ചറിയൽ പരേഡിന് വിധേയമാക്കാൻ പൊലീസ് എറണാകുളം ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ അപേക്ഷ നൽകി. കോടതിയുടെ അനുമതിയോടെ ജയിലിലായിരിക്കും തിരിച്ചറിയൽ പരേഡ്. ഇതിനായി ഒരു മജിസ്ട്രേട്ടിനെ നിയോഗിക്കും. അഭിമന്യുവിനൊപ്പം കുത്തേറ്റ കോളേജ് വിദ്യാർത്ഥികളായ അർജുൻ, വിനീത്, ആക്രമണത്തിനിരയായ എസ്.എഫ്.ഐ പ്രവർത്തകർ എന്നിവരെയായിരിക്കും പ്രതികളെ തിരിച്ചറിയാൻ നിയോഗിക്കുക. കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ ഉൾപ്പെടെ 16 പേർ പിടിയിലായെങ്കിലും അഭിമന്യുവിനെ കുത്തിയതാരെന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിട്ടില്ല. നിർണായക തെളിവായ ആയുധങ്ങളും കണ്ടെടുക്കാനായില്ല. ഈ സാഹചര്യത്തിലാണ് പൊലീസ് തിരിച്ചറിയൽ പരേഡ്.

കോളേജിന് പിൻവശത്തെ ഗേറ്റിൽ സംഘർഷമുണ്ടായതോടെ പ്രവർത്തകരുമായി മടങ്ങിയ മുഹമ്മദ് പിന്നീട് അക്രമിസംഘത്തെ വിളിച്ചുവരുത്തി കോളേജിലേക്ക് വിടുകയായിരുന്നു. ഈ സമയം മുഹമ്മദ് കൂടെയില്ലെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. അഭിമന്യുവിന് കുത്തേൽക്കുമ്പോൾ മുഹമ്മദ് സ്ഥലത്തുണ്ടായിരുന്നതായി അന്വേഷണസംഘം കണ്ടെത്തി. പള്ളുരുത്തിയിൽ നിന്നുള്ള അക്രമിസംഘത്തെ നയിച്ചത് സനീഷായിരുന്നു. ഇയാൾ കത്തിവീശി തുടക്കത്തിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു. എസ്.എഫ്.ഐ പ്രവർത്തകരെ ചവിട്ടിയും ഇടിച്ചും പരിക്കേല്പിച്ചു. ഈ സംഘത്തിലുള്ളവരാണ് ഇടിക്കട്ട, കത്തി, ഉരുട്ടിയ മരവടി എന്നിവ കൊണ്ടുവന്നത്. കുത്തിയത് ആരാണെന്ന് ചോദ്യം ചെയ്യലിൽ ഇരുവരും സമ്മതിച്ചില്ല. മറ്റ് പ്രതികളിൽ ചിലർ ഇവർക്കെതിരെ മൊഴി നൽകിയിട്ടുണ്ട്. അക്രമിസംഘത്തെ റിക്രൂട്ട് ചെയ്‌ത പോപ്പുലർഫ്രണ്ട് പ്രവർത്തകനും എറണാകുളം തമ്മനം സ്വദേശിയുമായ ഷിജുവിനെ പിടികൂടാനായിട്ടില്ല. ഇയാളാണ് സംഘത്തിലെ ഓരോരുത്തർക്കുമുള്ള ദൗത്യം നിശ്‌ചയിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more