1 GBP = 103.84
breaking news

ലണ്ടന്‍ ആറ്റുകാല്‍ പൊങ്കാല പത്താം വര്‍ഷത്തിലേക്ക് ;പൊങ്കാല സമര്‍പ്പണം മാര്‍ച്ച് 11ന്…..

ലണ്ടന്‍ ആറ്റുകാല്‍ പൊങ്കാല പത്താം വര്‍ഷത്തിലേക്ക് ;പൊങ്കാല സമര്‍പ്പണം മാര്‍ച്ച് 11ന്…..

അപ്പച്ചന്‍ കണ്ണഞ്ചിറ

ലണ്ടന്‍: 2012ല്‍ ലണ്ടന്‍ ഒളിമ്പിക്‌സിനു ആതിഥേയത്വം വഹിച്ച ലണ്ടന്‍ ബോറോ ഓഫ് ന്യുഹാമില്‍ മാനോര്‍ പാര്‍ക്കിലുള്ള ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ വെച്ച് മാര്‍ച്ച് 11 നു ശനിയാഴ്ച ആറ്റുകാല്‍ പൊങ്കാല ഭക്തിനിര്‍ഭരം ആഘോഷിക്കും. ലണ്ടനില്‍ നടത്തപ്പെടുന്ന പത്താമത് പൊങ്കാല ആഘോഷമെന്ന നിലക്ക് ഏറ്റവും വിപുലവും ഭക്തിസാന്ദ്രവുമായി നടത്തുവാനാണ് സംഘാടക സമിതി പരിപാടിയിട്ടിരിക്കുന്നത്. പൊങ്കാല സമര്‍പ്പണത്തിനു ലണ്ടനില്‍ വേദി ഒരുക്കി ആരംഭം കുറിച്ച ലണ്ടന്‍ ബോറോ ഓഫ് ന്യൂഹാം മുന്‍ സിവിക് അംബാസഡറും, പ്രമുഖ പ്രവാസി സാഹിത്യകാരിയും ആയ ഡോ. ഓമന ഗംഗാധരനാണ് കഴിഞ്ഞ പത്തു വര്‍ഷമായി ആഘോഷത്തിനു നേതൃത്വം നല്‍കി പോരുന്നത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ് വര്‍ക്ക് (ബോണ്‍) എന്ന വനിതാ മുന്നേറ്റം ആഘോഷത്തിന് ആതിഥേയത്വം വഹിക്കും.

‘സ്ത്രീകളുടെ ശബരിമല’ എന്നറിയപ്പെടുന്ന ആറ്റുകാല്‍ പൊങ്കാല,ലോകത്ത് ഏറ്റവും അധികം സ്ത്രീകള്‍ പങ്കെടുക്കുന്ന ആഘോഷം എന്ന നിലക്ക് ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ചിട്ടുണ്ട്. 2017 ല്‍ യു കെ യുടെ നാനാ ഭാഗത്തു നിന്നുമായി ആയിരത്തോളം ദേവീ ഭക്തര്‍ കണ്ണകി ദേവിക്ക് പൊങ്കാലയിടുവാന്‍ ഒത്തു കൂടും എന്നാണ് ‘ബോണ്‍’ പ്രതീക്ഷിക്കുന്നത്.

അരി, ശര്‍ക്കര, നെയ്യ് , മുന്തിരി, തേങ്ങ തുടങ്ങിയ നിവേദ്യങ്ങള്‍ പാത്രത്തില്‍ വേവിച്ചു കണ്ണകി ദേവിയുടെ പ്രീതിക്കായി സമര്‍പ്പിക്കുകയാണ് പൊങ്കലയാഘോഷത്തിലെ ആചരണം.സുരക്ഷാ നിയമം മാനിച്ചു വ്യക്തിഗത പൊങ്കാല ഇടുന്നതിനു പകരം നേര്‍ച്ച ദ്രവ്യങ്ങള്‍ ഒറ്റപാത്രത്തില്‍ ആക്കി തന്ത്രി അടുപ്പിനു തീ പകര്‍ത്തും. ആറ്റുകാല്‍ ഭഗവതി ഷേത്രത്തില്‍ കുംഭ മാസത്തില്‍ നടത്തിവരുന്ന ദശ ദിന ആഘോഷത്തിന്റെ ഒമ്പതാം ദിവസമായ പൂരം നക്ഷത്ര നാളിലാണ് പൊങ്കാല പതിവായി ഇടുന്നത്. അന്നേ ദിവസം തന്നെയാണ് ലണ്ടനിലെ ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ പൊങ്കാല സമര്‍പ്പിക്കുന്നതും.വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരിക്കുന്നതാണ്.വിശിഷ്ഠരായ ചില വ്യക്തികള്‍ ചടങ്ങുകളില്‍ പങ്കു ചേരുമെന്നു അറിയിച്ചിട്ടുണ്ട്.

കണ്ണകി ദേവിയുടെ ഭക്തരായ എല്ലാ വനിതകളെയും പൊങ്കാല ആഘോഷത്തിലേക്ക് സവിനയം സ്വാഗതം ചെയ്യുന്നതായും, പൊങ്കലായിടുവാന്‍ ആഗ്രഹിക്കുന്നവര്‍ നിവേദ്യങ്ങളുമായി നേരത്തെ തന്നെ എത്തിച്ചേരണം എന്നും ഡോ ഓമന അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 07766822360

11 March 2017 Saturday from 9:00am.
Sri Murugan Temple,78 – 90 Church Road,Manor Park, East Ham,London E12 6AF

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more