1 GBP = 103.92
breaking news

ജനഹിതം പോലെ ഭഗവന്ത് സിങ് മന്‍ തന്നെ; പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എഎപി

ജനഹിതം പോലെ ഭഗവന്ത് സിങ് മന്‍ തന്നെ; പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എഎപി

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലേക്കായി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ നിശ്ചയിച്ച് ആം ആദ്മി പാര്‍ട്ടി. ജനങ്ങള്‍ ടെലി വോട്ടിംഗിലൂടെ ഏറ്റവുമധികം വോട്ടുചെയ്ത ഭഗവത് സിങ് മന്നിനെ തന്നെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പാര്‍ട്ടി നിശ്ചയിച്ചതായി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. 93 ശതമാനത്തിലധികം പേരാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മന്‍ തന്നെ വേണമെന്ന് വോട്ട് ചെയ്തത്. 21 ലക്ഷത്തിലധികം പേര്‍ പങ്കെടുത്ത ടെലി വോട്ടിംഗിലാണ് മനിന് ശക്തമായ മുന്‍തൂക്കമുണ്ടായത്.

സന്‍ഗ്രുര്‍ നിന്നും രണ്ട് തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഭഗവന്ത് സിങ് മന്‍ പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടിയുടെ മുഖമാണ്. വോട്ടിംഗില്‍ പങ്കെടുത്ത മൂന്ന് ശതമാനത്തില്‍ താഴെയുള്ള ആളുകള്‍ മാത്രമാണ് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവിന് വോട്ടുചെയ്തത്. വളരെ ചുരുക്കം ചിലര്‍ പഞ്ചാബ് മുഖ്യമന്ത്രിയായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മത്സരിക്കണമെന്ന് വോട്ട് ചെയ്തു.

ജനതാ ചുനേഗി അപ്നാ സിഎം’ എന്ന പേരിലാണ് ആം ആദ്മി പാര്‍ട്ടി സര്‍വ്വേ സംഘടിപ്പിച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് പ്രതികരണങ്ങള്‍ സര്‍വ്വേയിലൂടെ ലഭിക്കുകയായിരുന്നു. പാര്‍ട്ടി നല്‍കിയ ഫോണ്‍ നമ്പരിലേക്ക് പ്രതികരണങ്ങള്‍ എസ്എംഎസ് ആയി അയക്കുവാനായിരുന്നു എഎപിയുടെ നിര്‍ദ്ദേശം. ഫെബ്രുവരി 14ന് നടക്കാനിരുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് അതേമാസം 20ലേക്ക് മാറ്റിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഗുരു രവിദാസ് ജയന്തി തീര്‍ത്ഥാടനം പരിഗണിച്ച് തെരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന് ബിജെപി, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.

പഞ്ചാബിലെ 32 ശതമാനത്തോളം വരുന്ന ദളിത് വിഭാഗത്തില്‍ നിന്നുള്ളവര്‍ ഫെബ്രുവരി 10 മുതല്‍ 16 വരെ വാരണാസിയില്‍ വെച്ച് നടക്കുന്ന ഗുരു രവിദാസ് ജയന്തി തീര്‍ത്ഥാടനത്തിനായി പോകുമെന്ന് ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ഏകദേശം 25 ലക്ഷത്തോളം പേരാണ് തീര്‍ത്ഥാടനത്തിനായി പുറപ്പെടുക. ഇവര്‍ക്ക് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള അവസരം നഷ്ടപ്പെടാതിരിക്കുന്നതിനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുകൂലമായ തീരുമാനമെടുത്തത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more