1 GBP = 104.17

ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനു ജയം

ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനു ജയം

ഐപിഎൽ പതിമൂന്നാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനു ജയം. ചിരവൈരികളായ മുംബൈ ഇന്ത്യൻസിനെ 5 വിക്കറ്റിനാണ് ചെന്നൈ പരാജയപ്പെടുത്തിയത്. ഇതോടെ 2012നു ശേഷം ഒരിക്കൽ പോലും ഉദ്ഘാടന മത്സരത്തിൽ വിജയിച്ചിട്ടില്ലെന്ന റെക്കോർഡ് മുംബൈ കാത്തുസൂക്ഷിച്ചു. 71 റൺസെടുത്ത അമ്പാട്ടി റായുഡു ആണ് ചെന്നൈയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. റൺസെടുത്ത ഫാഫ് ഡുപ്ലെസിസും ചെന്നൈയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.

163 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ തുടക്കം തകർച്ചയോടെയായിരുന്നു. ആദ്യ ഓവറിൽ വാട്സണും (4) രണ്ടാം ഓവറിൽ വിജയും (1) പവലിയനിലെത്തി. ഇരുവരെയും യഥാക്രമം ട്രെൻ്റ് ബോൾട്ട്, ജെയിംസ് പാറ്റിൻസൺ എന്നിവർ വിക്കറ്റിനു മുന്നിൽ കുരുക്കുകയായിരുന്നു. തുടക്കത്തിൽ തന്നെ നേരിട്ട തിരിച്ചടിക്ക് നടുവിലാണ് രണ്ടാം ഓവറിൽ ഫാഫ് ഡുപ്ലെസിസ്-അമ്പാട്ടി റായുഡു സഖ്യം ക്രീസിൽ ഒത്തുചേരുന്നത്.

ബുംറ എറിഞ്ഞ പവർപ്ലേയുടെ അവസാന ഓവറിൽ 14 റൺസടിച്ചാണ് ചെന്നൈ തിരിച്ചടി തുടങ്ങിയത്. ആക്രമണോത്സുകമായി ബാറ്റ് ചെയ്ത റായുഡുവിന് ഡുപ്ലെസിസ് ഉറച്ച പിന്തുണ നൽകി. മുംബൈയുടെ രണ്ട് സ്പിന്നർമാരെയും സഖ്യം തല്ലിച്ചതച്ചു. ബുംറയെയും ഇവർ വെറുതെ വിട്ടില്ല. 33 പന്തുകളിൽ റായുഡു ഫിഫ്റ്റി തികച്ചു. 3ആം വിക്കറ്റിലെ 115 റൺസ് നീണ്ട മാരത്തൺ കൂട്ടുകെട്ടിന് രാഹുൽ ചഹാറാണ് തടയിടുന്നത്. 16ആം ഓവറിലെ അവസാന പന്തിൽ കൂറ്റനടിക്ക് ശ്രമിച്ച റായുഡുവിനെ ചഹാർ തന്നെ പിടികൂടി. 48 പന്തുകളിൽ 6 ബൗണ്ടറികളും 3 സിക്സറുകളും സഹിതം 71 റൺസെടുത്തതിനു ശേഷമാണ് റായുഡു മടങ്ങിയത്.

പിന്നാലെയെത്തിയ ജഡേജ പാറ്റിൻസണെ ബൗണ്ടറിയിലെത്തിച്ചാണ് ഇന്നിംഗ്സ് ആരംഭിച്ചത്. 4 പന്തുകളിൽ 10 റൺസെടുത്ത ജഡേജയെ കൃണാൽ പാണ്ഡ്യ വിക്കറ്റിനു മുന്നിൽ കുരുക്കിയതോടെ സാം കറൻ ക്രീസിലെത്തി. കൃണാലിനെ സിക്സറും ബൗണ്ടറിയുമടിച്ച കറൻ ചെന്നൈയെ വിജയത്തിനരികെ എത്തിച്ചു. 19ആം ഓവർ എറിഞ്ഞ ബുംറയുടെ ആദ്യ പന്ത് തന്നെ അതിർത്തി കടത്തിയ കറൻ രണ്ടാം പന്തിൽ പാറ്റിൻസണു പിടി നൽകി മടങ്ങിയെങ്കിലും 6 പന്തുകളിൽ 18 റൺസെടുത്ത താരം ചെന്നൈയുടെ വിജയം ഉറപ്പിച്ചിട്ടാണ് മടങ്ങിയത്. ഇതിനിടെ 42 പന്തുകളിൽ ഡുപ്ലെസിസ് ഫിഫ്റ്റി തികച്ചു. നേരിട്ട ആദ്യ പന്തിൽ തന്നെ ധോണിയ്ക്കെതിരെ കീപ്പർ ക്യാച്ച് വിക്കറ്റ് വിധിച്ചെങ്കിലും ഡിആർഎസിൽ ഇത് തിരുത്തി. ബോൾട്ട് എറിഞ്ഞ അവസാന ഓവറിൽ വേണ്ടിയിരുന്ന അഞ്ച് റൺസ് ആദ്യ രണ്ട് പന്തുകളിൽ കണ്ടെത്തിയ ഡുപ്ലെസിസ് സിഎസ്കെയെ അനായാസം വിജയത്തിലെത്തിച്ചു. 44 പന്തുകളിൽ 58 റൺസെടുത്ത ഡുപ്ലെസിസ് പുറത്താവാതെ നിന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more