1 GBP = 103.70

കരിപ്പൂരിൽ മരിച്ചവരിൽ ഒരാൾക്ക് കൊവിഡ്, രക്ഷാപ്രവർത്തകർ ഉടൻ നിരീക്ഷണത്തിൽ പോകണം

കരിപ്പൂരിൽ മരിച്ചവരിൽ ഒരാൾക്ക് കൊവിഡ്, രക്ഷാപ്രവർത്തകർ ഉടൻ നിരീക്ഷണത്തിൽ പോകണം

കോഴിക്കോട്: കരിപ്പൂർ വിമാനദുരന്തത്തിൽ മരിച്ച ഒരാൾക്ക് കൊവിഡ് രോഗബാധയുണ്ടെന്ന് കണ്ടെത്തി. പോസ്റ്റ്‍മോർട്ടത്തിന് തൊട്ടുമുമ്പ് നടത്തിയ സ്വാബ് ടെസ്റ്റിലാണ് മരിച്ചയാൾക്ക് കൊവിഡ് കണ്ടെത്തിയതെന്ന് മന്ത്രി കെ ടി ജലീൽ സ്ഥിരീകരിച്ചു. സുധീർ വാര്യത്ത് എന്നയാൾക്കാണ് കൊവിഡ് കണ്ടെത്തിയിരിക്കുന്നത്. ഇദ്ദേഹത്തിന്‍റെ മൃതദേഹം കോഴിക്കോട് മിംസ് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചാകും ഇദ്ദേഹത്തിന്‍റെ മൃതദേഹം സൂക്ഷിക്കുക എന്ന് മന്ത്രി അറിയിച്ചു.

മരിച്ചവരിൽ ഒരാൾക്ക് കൊവിഡ് കണ്ടെത്തിയ സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിന് എത്തിയ എല്ലാവരോടും അടിയന്തരമായി നിരീക്ഷണത്തിൽ പോകണമെന്ന് അധികൃതർ നിർദേശിക്കുന്നു. ഇന്നലെ രാത്രി അപകടമുണ്ടായപ്പോൾ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതെല്ലാം വിട്ടുകളഞ്ഞ് കൈമെയ് മറന്ന് പ്രവർത്തിച്ചവരാണ് നാട്ടുകാർ. ജാഗ്രത പാലിക്കുന്നതുമായി ബന്ധപ്പെട്ടാണ് എല്ലാവരോടും നിരീക്ഷണത്തിൽ സ്വയം പോകണമെന്ന് അധികൃതർ നിർദേശിച്ചിരിക്കുന്നത്.

രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ എല്ലാവരും മുന്‍കരുതലിന്റെ ഭാഗമായി സ്വയം നിരീക്ഷണത്തിനായി ക്വാറന്റൈനില്‍ പ്രവേശിക്കേണ്ടതാണ് എന്ന് ആരോഗ്യമന്ത്രി അറിയിച്ചു. എല്ലാവരുടേയും പരിശോധനകള്‍ നടത്തുന്നതാണ്. ആരും ഇതൊരു ബുദ്ധിമുട്ടായി കരുതരുത്. രക്ഷാദൗത്യത്തില്‍ പങ്കെടുത്തവര്‍ ഇന്ന് തന്നെ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കേണ്ടതാണ്. ദിശ 1056, 0471 2552056 എന്ന നമ്പരിലേക്കോ മലപ്പുറം, കോഴിക്കോട് ജില്ലാ കണ്‍ട്രോള്‍ റൂം നമ്പരിലേക്കോ (മലപ്പുറം: 0483 2733251, 2733252, 2733253, കോഴിക്കോട്: 0495 2376063, 2371471, 2373901) ബന്ധപ്പെട്ട് പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ നല്‍കേണ്ടതാണ്. എത്രയും വേഗം ഇവരുടെ ലൈന്‍ ലിസ്റ്റ് തയ്യാറാക്കി ആരോഗ്യ വകുപ്പ് മേല്‍നടപടി സ്വീകരിക്കുന്നതാണ്. ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുകളുണ്ടെങ്കില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ന് രാവിലെ 14 പേരുടെ പോസ്റ്റ്‍മോർട്ടം കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തുമെന്നാണ് മന്ത്രി സ്ഥിരീകരിക്കുന്നത്. 

രക്ഷാപ്രവർത്തനത്തിന് ഇന്നലെ മേൽനോട്ടം വഹിച്ച മന്ത്രി എ സി മൊയ്ദീൻ ഇത്തരത്തിൽ കൊവിഡ് പ്രോട്ടോക്കോൾ ദുരന്തമുഖത്ത് സാധ്യമാകണമെന്നില്ല എന്ന് വിശദീകരിച്ചിരുന്നു. ആരോഗ്യമന്ത്രി കെ കെ ശൈലജയും ഇത്തരമൊരു സാഹചര്യമുണ്ടായേക്കാമെന്നും ജാഗ്രത വേണമെന്നും പറഞ്ഞിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more