1 GBP = 103.01
breaking news

തെരേസാ മേയുടെ ബ്രെക്സിറ്റ്‌ കരാർ ബ്രിട്ടീഷ് പാർലമെന്റ് വോട്ടിനിട്ട് തള്ളി; പ്രധാനമന്ത്രിക്കെതിരെ അവിശ്വാസ പ്രമേയവുമായി പ്രതിപക്ഷ നേതാവ് ഇന്ന് സഭയിലെത്തും; വിശ്വാസ വോട്ടെടുപ്പിൽ മെയ്ക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ടോറി വിമതപക്ഷവും ഡി യു പിയും

തെരേസാ മേയുടെ ബ്രെക്സിറ്റ്‌ കരാർ ബ്രിട്ടീഷ് പാർലമെന്റ് വോട്ടിനിട്ട് തള്ളി; പ്രധാനമന്ത്രിക്കെതിരെ അവിശ്വാസ പ്രമേയവുമായി പ്രതിപക്ഷ നേതാവ് ഇന്ന് സഭയിലെത്തും; വിശ്വാസ വോട്ടെടുപ്പിൽ മെയ്ക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ടോറി വിമതപക്ഷവും ഡി യു പിയും

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ അവതരിപ്പിച്ച ബ്രെക്സിറ്റ് കരാർ ബ്രിട്ടീഷ് പാർലമെന്റിൽ പരാജയപ്പെട്ടു. 230 വോട്ടുകൾക്കാണ് കരാർ പാർലമെന്റിൽ പരാജയപ്പെട്ടത്. കരാർ പരാജയപ്പെട്ടതോടെ ബ്രിട്ടനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി.

നീണ്ട ചർച്ചകൾക്കൊടുവിലാണ് ബ്രിട്ടൺ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനുള്ള ബ്രെക്സിറ്റ് കരാറില്‍ ബ്രിട്ടീഷ് പാർലമെന്റ് ഹൌസ് ഓഫ് കോമൻസിൽ വോട്ടെടുപ്പ് നടത്തിയത്. ദയനീയ പരാജയമാണ് പ്രധാനമന്ത്രി തെരേസ മേ മുന്നോട്ട് വെച്ച കരാര്‍ പാർലമെന്റില്‍ നേരിട്ടത്. 202 പേർ കരാറിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 432 പേരാണ് കരാറിനെ എതിർത്ത് വോട്ട് ചെയ്തത്. മേയുടെ പാർട്ടിയായ കൺസർവേറ്റീവ് പാർട്ടി അംഗങ്ങളും കരാറിനെ എതിർത്ത് വോട്ട് ചെയ്തു. 118ഓളം കൺസർവേറ്റീവ് എം.പിമാരാണ് കരാറിനെ എതിർത്ത് വോട്ട് ചെയ്തത്. പ്രതിപക്ഷ പാർട്ടിയായ ലേബർ പാർട്ടിയുടെ മൂന്ന് അംഗങ്ങൾ കരാറിനെ അനുകൂലിച്ചും വോട്ട് ചെയ്തു.

കരാർ പരാജയപ്പെട്ടതിന് തൊട്ട് പിന്നാലെ പ്രതിപക്ഷ പാർട്ടിയായ ബ്രിട്ടീഷ് ലേബർ പാർട്ടി നേതാവും പാർലമെന്റ് അംഗവുമായ ജെർമി കോർബിൻ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. ഇതോടെ സഭയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടന്നേക്കും. വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടാൽ ബ്രിട്ടനിൽ ഉടനെ പൊതുതെരഞ്ഞെടുപ്പ് നടക്കും. എന്നാൽ പ്രതിപക്ഷ നേതാവ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ടോറി വിമതപക്ഷവും മെയ്‌ക്കൊപ്പം നിലകൊള്ളുമെന്ന് പ്രഖ്യാപിച്ചു. മേയുടെ പ്രധാന എതിരാളികളായ ജേക്കബ് റീസും ബോറിസ് ജോൺസണും ഉൾപ്പെടെ അവിശ്വാസ പ്രമേയത്തെ എതിർത്ത് തോൽപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ഡി യു പിയും മെയ്ക്ക് പൂർണ്ണ പിന്തുണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ വിശ്വാസ വോട്ടെടുപ്പിൽ മെയ് വിജയിക്കുക തന്നെ ചെയ്യും.

2016 ജൂണ്‍ 23നാണ് യൂറോപ്യന്‍ യൂണിയന്‍ വിടുന്നത് സംബന്ധിച്ച് ബ്രിട്ടനില്‍ ഹിതപരിശോധന നടന്നത്. യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനെ അനുകൂലിച്ച് 51.9 ശതമാനവും എതിര്‍ത്ത് 48.1 ശതമാനവും വോട്ട് ചെയ്തു. 2017 മാര്‍ച്ചില്‍ മേ സര്‍ക്കാര്‍ ബ്രെക്സിറ്റ് കരാര്‍ നടപടികളിലേക്ക് നീങ്ങി. 19 മാസത്തെ ചര്‍ച്ചക്കൊടുവിലാണ് കരാര്‍ തയ്യാറായത്. പാര്‍ലമെന്‍റില്‍ പരാജയപ്പെട്ടതോടെ തെരേസ മേ പരിഷ്കരിച്ച കരാര്‍ അവതരിപ്പിക്കുമോ എന്ന് വ്യക്തമായിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more