1 GBP = 103.21

കേരളത്തെ പുനരുദ്ധരിക്കാൻ വേണ്ടത് 25,776 കോടി രൂപ; വിദേശ ഏജൻസികൾ വഴി 5000 കോടിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി 1000 കോടി രൂപയും സമാഹരിക്കും

കേരളത്തെ പുനരുദ്ധരിക്കാൻ വേണ്ടത് 25,776 കോടി രൂപ; വിദേശ ഏജൻസികൾ വഴി 5000 കോടിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി 1000 കോടി രൂപയും സമാഹരിക്കും

തിരുവനന്തപുരം:പ്രളയ ദുരിതത്തിൽ നിന്ന് കേരളത്തെ പുനരുദ്ധരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാക്കിയ 25,776 കോടി രൂപയുടെ പാക്കേജ് നടപ്പാക്കാൻ വിദേശ വികസന ഏജൻസികളുടെ സഹായവും തേടും. ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക് ( എ.ഡി.ബി ), ജപ്പാൻ ഇന്റർ നാഷണൽ കോ ഓപ്പറേറ്രീവ്, ജർമ്മനിയിലെ കെ.എഫ് .ഡബ്ളിയു ബാങ്കെൻ ഗ്രുപ്പെ തുടങ്ങി വിദേശ ഫണ്ടിംഗ് ഏജൻസികൾ വഴി 5,000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്. മുൻപ് വെള്ളപ്പൊക്കം നേരിട്ട ആന്ധ്ര, ബീഹാർ‌ തുടങ്ങിയ സംസ്ഥാനങ്ങൾക്ക് ഈ ഫണ്ടുകൾ ലഭിച്ചിരുന്നു.

സംസ്ഥാനത്തിന് വായ്പ എടുക്കാനുള്ള പരിധി ജി.ഡി.പിയുടെ 3 ശതമാനത്തിൽ നിന്ന് 4.5 ശതമാനമായി വർദ്ധിപ്പിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും. ഇത് അനുവദിച്ചാൽ ഏഴ് ലക്ഷം കോടിരൂപ ജി.ഡി.പിയുള്ള കേരളത്തിന് 10,500 കോടി രൂപ കടമെടുക്കാൻ കഴിയും. നബാർഡിന്റെ ഗ്രാമീണപശ്ചാത്തല വികസന ഫണ്ടിൽ നിന്ന് മൂന്നു വർഷങ്ങളായി 8000 കോടി രൂപ സംഘടിപ്പിക്കുകയാണ് അടുത്ത ലക്ഷ്യം. ഇതിൽ കൃഷിക്ക് പദ്ധതിയുടെ 95ശതമാനവും സാമൂഹ്യ മേഖലയ്ക്ക് 85 ശതമാനവും ഗ്രാമീണ റോഡുകൾക്ക് 80 ശതമാനവും വായ്പ ലഭിക്കും. ജലസേചന സൗകര്യം വർദ്ധിപ്പിക്കാനും കനാലുകളും റഗുലേറ്രറുകളും സ്ഥാപിക്കാനും 1000 കോടിയുടെ ദീർഘകാല ജലസേചന ഫണ്ട് പ്രയോജനപ്പെടുത്തും.

കേന്ദ്രപദ്ധതികൾക്കായി അധികമായി 2600 കോടിയും ഗ്രാമീണ റോഡുകൾ
പുനരുദ്ധരിക്കാൻ പ്രധാനമന്ത്രി ഗ്രാമീണ സടക് യോജന പ്രകാരം 1000 കോടിയും സമാഹരിക്കും. പ്രധാനമന്ത്രി ഭവന നിർമ്മാണ പദ്ധതി പ്രകാരം 30,000 പേർക്ക് നാല് ലക്ഷം രൂപ ചെലവിൽ വീടുണ്ടാക്കാൻ 1200 കോടി ചെലവാകും. ദേശീയ ഉപജീവന മിഷൻ വക 243 കോടിയും പ്രധാന മന്ത്രികൃഷി സിംചായി യോജന വഴി 123 കോടിയും സ്വച്‌‌‌ഛ ഭാരത് മിഷൻ വഴി 110 കോടിയും ഹഡ്കോ വഴി 1000 കോടിയും സമാഹരിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി 1000 കോടി രൂപയുമാണ് പ്രതീക്ഷിക്കുന്നത്.

വീടുകൾ പുനർനിർമ്മിക്കാൻ സ്വകാര്യ ഏജൻസികളുടെ സഹായവും തേടും. ആറ് ലക്ഷം രൂപ ചെലവിൽ 5,000 വീടുകൾ നിർമ്മിക്കാൻ 300 കോടി സമാഹരിക്കും.
പുനർനിർമ്മാണ പാക്കേജിലെ പദ്ധതികൾ നടത്താൻ പ്രത്യേകം സംവിധാനം ഉണ്ടാക്കും. ഇങ്ങനെയുള്ള ഓരോ ഏജൻസിക്കും ടെൻഡർ വിളിക്കാനും മറ്രും അധികാരമുണ്ടായിരിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more