1 GBP =
breaking news

കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവരെന്ന് ആരോപിച്ച് അഞ്ച് പേരെ തല്ലിക്കൊന്നു

കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവരെന്ന് ആരോപിച്ച് അഞ്ച് പേരെ തല്ലിക്കൊന്നു

മുംബയ്: കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘത്തിലെ അംഗങ്ങളെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ ദൂലെ ജില്ലയിൽ അഞ്ച് പേരെ ജനക്കൂട്ടം തല്ലിക്കൊന്നു. ദൂലെ ജില്ലയിലെ റെയിൻപാ‌ഡ ഗ്രാമത്തിൽ ബസ് ഇറങ്ങിയ സംഘം സമീപത്തുണ്ടായിരുന്ന കുട്ടിയോട് സംസാരിച്ചപ്പോഴാണ് നാട്ടുകാർ ക്രൂരമായി ആക്രമിച്ചത്. ഇവരെ പിടികൂടിയ നാട്ടുകാർ മരത്തിൽ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഏറെ കഴിഞ്ഞാണ് സ്ഥലത്തേക്ക് പൊലീസ് എത്തിയതെന്ന് ആരോപണമുണ്ട്.
റെയിൻവാഡ ഗ്രാമത്തിൽ കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘമെത്തുമെന്ന അഭ്യൂഹത്തെ തുടർന്ന് നാട്ടുകാർ വൻ ജാഗ്രതയിലായിരുന്നു. ഇതിനിടയിലാണ് അഞ്ചംഗ സംഘം ഗ്രാമത്തിൽ ബസിറങ്ങുന്നതും ഒരു കുട്ടിയോട് സംസാരിക്കുന്നതും. എന്നാൽ ഗ്രാമത്തിലെ ഞായറാഴ്‌ച ചന്തയിൽ ഒത്തുകൂടിയിരുന്ന നാട്ടുകാർ ഇത് കാണുകയും സംഘത്തെ പിടികൂടി ചോദ്യം ചെയ്യുകയും ചെയ്‌തു. ഇതിനിടയിൽ വിവരമറിഞ്ഞ് കൂടുതൽ നാട്ടുകാർ സ്ഥലത്തേക്ക് എത്തുകയും ഇവരെ ആക്രമിക്കുകയുമായിരുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

സമാനമായ സംഭവത്തിൽ തമിഴ്നാട്ടിലെ ചെന്നൈയിലും രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു. കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘമെന്ന് ആരോപിച്ച് ജനക്കൂട്ടം മർദ്ദിച്ച് അവശരാക്കിയ രണ്ട് പേരെ പൊലീസ് എത്തി രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.

Post Your Comments Here ( Click here for malayalam )

Press Esc to close
show more