1 GBP = 103.12

ക്രിസ്തുമസ് ദിനത്തിലും അഭയാർത്ഥി പ്രവാഹം; ചെറു ബോട്ടുകളിൽ ഇംഗ്ലീഷ് ചാനൽ കടക്കാൻ ശ്രമിച്ച നാല്പതോളം പേരെ കോസ്റ്റ്ഗാർഡ് രക്ഷപ്പെടുത്തി

ക്രിസ്തുമസ് ദിനത്തിലും അഭയാർത്ഥി പ്രവാഹം; ചെറു ബോട്ടുകളിൽ ഇംഗ്ലീഷ് ചാനൽ കടക്കാൻ ശ്രമിച്ച നാല്പതോളം പേരെ കോസ്റ്റ്ഗാർഡ് രക്ഷപ്പെടുത്തി

ലണ്ടൻ: ബ്രെക്സിറ്റ്‌ നടപ്പിലാക്കുന്നത് മുന്നിൽക്കണ്ട് ബ്രിട്ടനിലേക്ക് അതിർത്തി കടന്നുള്ള അഭയാർത്ഥി പ്രവാഹവും അനുദിനം വർധിക്കുകയാണ്. ഫ്രാൻസിലെ കലായിസ് അതിർത്തി കടന്ന് ഇംഗ്ലീഷ് ചാനൽ വഴി ഡെങ്കി ബോട്ടുകളിലെത്തിയ നാല്പതോളം അനധികൃത കുടിയേറ്റക്കാരെയാണ് കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയത്. അഞ്ച് ബോട്ടുകളിലാണ് വിവിധ സമയങ്ങളിലായി സംഘങ്ങൾ ഇംഗ്ലീഷ് ചാനലിലെത്തിയത്. എൻജിൻ കേടായ ബോട്ടുകളിലുള്ളവരെ കോസ്റ്റ് ഗാർഡാണ് രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചത്.

രക്ഷപ്പെടുത്തിയവരെല്ലാം തന്നെ ഇറാൻ, ഇറാഖ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. സ്ത്രീകളുൾപ്പെടെയുള്ള സംഘത്തിൽ രണ്ടു കുട്ടികളുമുണ്ട്. കുട്ടികളെ സോഷ്യൽ കെയർ സർവീസുകാർക്ക് കൈമാറിയിട്ടുണ്ട്. ഇന്നലെ പുലർച്ചെ 2.40 ഓടെ എട്ടുപേരടങ്ങുന്ന സംഘത്തെകെന്റിലെ ഫോക്സ്‌റ്റോൺ തീരത്തിനടുത്താണ് കോസ്റ്റ് ഗാർഡ് കണ്ടെത്തിയത്. ഡെങ്കി ബോട്ടിന്റെ എൻജിൻ കേടായി ഒഴുകി നടന്ന മറ്റൊരു സംഘത്തെ ഫ്രഞ്ച് സുരക്ഷാ സേനയാണ് രക്ഷപ്പെടുത്തിയത്. നാല്പത് പേരും ബ്രിട്ടനിൽ സുരക്ഷാ സേനയുടെ കസ്റ്റഡിയിലെന്ന് ഹോം ഓഫീസും സ്ഥിരീകരിച്ചു. അധികൃതർ ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

ഫ്രഞ്ച് പ്രവിശ്യയിലെ കലായിസ് കേന്ദ്രീകരിച്ച് ബ്രിട്ടനിലേക്ക് വൻ തോതിൽ മനുഷ്യക്കടത്ത് സംഘങ്ങൾ പ്രവർത്തിക്കുന്നതായി സുരക്ഷാ സേന പറയുന്നു. അപകടകരമായ രീതിയിൽ ഇംഗ്ലീഷ് ചാനൽ വഴി നടത്തുന്ന മനുഷ്യക്കടത്തിന് ഒരാളിൽ നിന്ന് £18,000 വരെ സംഘങ്ങൾ ഈടാക്കുന്നു. നവംബർ മുതൽ ഇതുവരെ നൂറ്റിയമ്പതോളം അനധികൃത കുടിയേറ്റക്കാരാണ് സുരക്ഷാ സേനയുടെ പിടിയിലായിട്ടുള്ളത്. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ബ്രിട്ടനിലും ഫ്രാൻസിലും അതിർത്തി സുരക്ഷാ പരിശോധനകൾ കൂടുതൽ കർശനമാക്കിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more