1 GBP = 103.84
breaking news

ഇതുവരെ 324 മരണം, വെള്ളിയാഴ്‌ച മാത്രം രക്ഷപ്പെടുത്തിയത് 82, 442 പേരെ; രക്ഷാപ്രവര്‍ത്തനം ശക്തമെന്ന് മുഖ്യമന്ത്രി

ഇതുവരെ 324 മരണം, വെള്ളിയാഴ്‌ച മാത്രം രക്ഷപ്പെടുത്തിയത് 82, 442 പേരെ; രക്ഷാപ്രവര്‍ത്തനം ശക്തമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ വിഴുങ്ങിയ മഴക്കെടുതിയില്‍ ഇതുവരെ മരിച്ചത് 324 പേരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഴആരംഭിച്ച മേയ് 29 മുതലുള്ള കണക്കാണിത്. ഓഗസ്‌റ്റ് എട്ടുമുതല്‍ ഇന്നുവരെയുള്ള കണക്ക് പ്രകാരം 164 പേർ മരിച്ചതായും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

ശനിയാഴ്‌ച കൂടുതല്‍ ബോട്ടുകളും ഹെലികോപ്‌ടറുകളും രക്ഷാപ്രവര്‍ത്തനത്തിന് എത്തും. ഇതോടെ നീക്കം വേഗത്തിലാകും. ഇന്നു മാത്രം 82,442 പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. ഇന്നു വൈകുന്നേരത്തെ കണക്കനുസരിച്ച് 7085 കുടുംബങ്ങളിലെ 3,14,391 പേർ 2094 ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്. ഇവര്‍ക്ക് ഭക്ഷണവും വെള്ളവും ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.

ഗൌരവകരമായ അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. രക്ഷാപ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. വിവിധയിടങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമം തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രളയം സാരമായി ബാധിച്ചിട്ടുള്ള ചെങ്ങന്നൂർ, ചാലക്കുടി പ്രദേശങ്ങൾ കേന്ദ്രീകരിച്ചാകും രക്ഷാപ്രവർത്തനം നടക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊലീസും ഫയർഫോഴ്സും രക്ഷാപ്രവര്‍ത്തനത്തിന് മുന്നിലുണ്ട്. കുടിവെള്ളം വിതരണം ചെയ്യാമെന്ന് ഇന്ത്യൻ റെയിൽവേയും സമ്മതിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

തൃശൂർ. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് കൂടുതല്‍ ദുരിതം തുടരുന്നത്. ഒറ്റപ്പെട്ട് കഴിയുന്നവരെ രക്ഷപ്പെടുത്തുന്നതിന് കൂടുതൽ ഹെലികോപ്ടറുകൾ രംഗത്തുണ്ട്. മഴ കുറഞ്ഞുവെങ്കിലും എല്ലായിടത്തും തുടരുന്ന വെള്ളക്കെട്ടാണ് രക്ഷാപ്രവര്‍ത്തനം വൈകിപ്പിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more