1 GBP = 104.21
breaking news

ത്രിരാഷ്‌ട്ര ട്വന്റി 20 ക്രിക്കറ്റ്‌ : ഇന്ത്യക്ക്‌ നാടകീയ ജയം

ത്രിരാഷ്‌ട്ര ട്വന്റി 20 ക്രിക്കറ്റ്‌ : ഇന്ത്യക്ക്‌ നാടകീയ ജയം

കൊളംബോ: നിദാഹാസ്‌ ട്രോഫിക്കു വേണ്ടിയുള്ള ത്രിരാഷ്‌ട്ര ട്വന്റി 20 ക്രിക്കറ്റ്‌ ഫൈനലില്‍ ഇന്ത്യക്ക്‌ നാലു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം. ഇന്നലെ അവസാന പന്തു വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ അവസാന പന്തില്‍ സിക്‌സര്‍ പറത്തി ദിനേഷ്‌ കാര്‍ത്തിക്കാണ്‌ ഇന്ത്യക്ക്‌ ജയമൊരുക്കിയത്‌.

12 പന്തില്‍ ജയിക്കാന്‍ 34 റണ്‍സ്‌ വേണ്ടിയിരിക്കെ ക്രീസിലെത്തിയ കാര്‍ത്തിക്‌ റൂബല്‍ ഹൊസൈന്‍ എറിഞ്ഞ 19-ാം ഓവറില്‍ 22 റണ്‍സാണ്‌ അടിച്ചു കൂട്ടിയത്‌. തുടര്‍ന്ന്‌ അവസാന ഓവറിലേക്കു കളി നീണ്ടപ്പോള്‍ ഒരു പന്തു ശേഷിക്കെ ജയത്തിന്‌ അഞ്ചു റണ്‍സ്‌ എന്ന നിലയിലായിരുന്നു ഇന്ത്യ.
സൗമ്യ സര്‍ക്കാര്‍ എറിഞ്ഞ പന്ത്‌ കവറിനു മീതേ സിക്‌സറിനു പായിച്ചു കാര്‍ത്തിക്‌ ഇന്ത്യയെ വിജയതീരത്തെത്തിക്കുകയായിരുന്നു. എട്ടു പന്തില്‍ നിന്ന്‌ രണ്ടു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 29 റണ്‍സുമായി കാര്‍ത്തിക്‌ പുറത്താകാതെ നിന്നു.

ആദ്യം ബാറ്റു ചെയ്‌ത ബംഗ്ലാദേശ്‌ എട്ടു വിക്കറ്റിന്‌ 166 റണ്‍സാണ്‌ നേടിയത്‌. ഇതു പിന്തുടര്‍ന്ന്‌ ഇന്ത്യക്കുവേണ്ടി അര്‍ധസെഞ്ചുറി നേടിയ നായകന്‍ രോഹിത്‌ ശര്‍മയാണ്‌ പോരാട്ടം നയിച്ചത്‌.രോിഹത്‌ 42 പന്തില്‍ നിന്ന്‌ നാലു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 56 റണ്‍സ്‌ നേടി. മനീഷ്‌ പാണ്ഡെ(28), കെ.എല്‍. രാഹുല്‍(24), വിജയ്‌ശങ്കര്‍(17) എന്നിവരാണ്‌ ഇന്ത്യയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.

നേരത്തെ ടോസ്‌ നേടിയ ഇന്ത്യന്‍ നായകന്‍ ബംഗ്ലാദേശിനെ ബാറ്റിങ്ങിന്‌ അയയ്‌ക്കുകയായിരുന്നു. തുടക്കത്തിലെ പതര്‍ച്ചയ്‌ക്കു ശേഷം സാബിര്‍ റഹ്‌മാന്റെ മിന്നുന്ന അര്‍ധസെഞ്ചുറിയുടെ മികവിലാണ്‌ അവര്‍ മാന്യമായ സ്‌കോര്‍ പടുത്തുയര്‍ത്തിയത്‌.
തന്റെ കരിയറിലെ നാലാം അര്‍ധസെഞ്ചുറിയാണു സാബിര്‍ ഇന്നലെ നേടിയത്‌. 50 പന്തില്‍ നിന്ന്‌ ഏഴു ബൗണ്ടറികളുടെയും നാലു സിക്‌സറുകളുടെയും അകമ്പടിയോടെ 77 റണ്‍സാണ്‌ ബംഗ്ലാ താരം നേടിയത്‌. സാബിറിനു പുറമേ ബാറ്റിങ്‌ നിരയില്‍ മറ്റാര്‍ക്കും മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാനായില്ല. 16 പന്തില്‍ നിന്ന്‌ രണ്ടു ബൗണ്ടറികളുടെ അകമ്പടിയോടെ 21 റണ്‍സ്‌ നേടിയ മഹ്‌മദുള്ളയാണ്‌ രണ്ടാമത്തെ മികച്ച സ്‌കോറര്‍.
ഓപ്പണര്‍ തമീം ഇഖ്‌ബാല്‍ (13 പന്തില്‍ 15), ലിറ്റന്‍ ദാസ്‌ (ഒന്‍പത്‌ പന്തില്‍ 11), സൗമ്യ സര്‍ക്കാര്‍( രണ്ട്‌ പന്തില്‍ ഒന്ന്‌), മുഷ്‌ഫിഖര്‍ റഹീം (12 പന്തില്‍ ഒന്‍പത്‌), ഷാക്കിബ്‌ അല്‍ ഹസന്‍ ( ഏഴു പന്തില്‍ ഏഴ്‌), റുബല്‍ ഹുസൈന്‍ (പൂജ്യം) എന്നിവരാണ്‌ ബംഗ്ലദേശ്‌ നിരയില്‍ പുറത്തായ മറ്റു ബാറ്റ്‌സ്മാന്മാര്‍.

ഇന്ത്യക്കു വേണ്ടി നാലോവറില്‍ വെറും 18 റണ്‍സ്‌ മാത്രം വഴങ്ങി മൂന്നു വിക്കറ്റ്‌ വീഴ്‌ത്തിയ സ്‌പിന്നര്‍ യൂസ്‌വേന്ദ്ര ചഹാലാണ്‌ ബൗളിങ്ങില്‍ തിളങ്ങിയത്‌. രണ്ടു വിക്കറ്റുമായി ജയ്‌ദേവ്‌ ഉനാദ്‌കടും ഒരു വിക്കറ്റുമായി വാഷിങ്‌ടണ്‍ സുന്ദറും ചഹാലിനു മികച്ച പിന്തുണ നല്‍കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more