1 GBP = 103.21

നേട്ടങ്ങൾ കൈപ്പിടിയിലൊതുക്കാൻ സിന്ധു സാജു; ഗ്രേറ്റ് ബ്രിട്ടീഷ് കെയറിന്റെ ബെസ്റ് കെയർഹോം രജിസ്റ്റേർഡ് മാനേജർ വിഭാഗത്തിലെ പരിഗണനാ ലിസ്റ്റിൽ മലയാളിയും

നേട്ടങ്ങൾ കൈപ്പിടിയിലൊതുക്കാൻ സിന്ധു സാജു; ഗ്രേറ്റ് ബ്രിട്ടീഷ് കെയറിന്റെ ബെസ്റ് കെയർഹോം രജിസ്റ്റേർഡ് മാനേജർ വിഭാഗത്തിലെ പരിഗണനാ ലിസ്റ്റിൽ മലയാളിയും

മാഞ്ചെസ്റ്റെർ: ഗ്രേറ്റ് ബ്രട്ടീഷ് കെയർ അവാർഡുകളിൽ ബെസ്റ്റ് കെയർഹോം രജിസ്ട്രേഡ് മാനേജർ വിഭാഗത്തിൽ ഏറ്റവും മികച്ച മാനേജർക്കായുള്ള അവാർഡിന് പരിഗണിക്കപ്പെട്ടവരുടെ ലിസ്റ്റിൽ മാഞ്ചെസ്റ്ററിൽ നിന്നുള്ള സിന്ധു സാജുവെന്ന മലയാളിയും. ജി ബിസിഎ നോർത്ത് വെസ്റ്റ് റീജിയണിൽ നിന്നുമായി ഇംഗ്ലീഷുകാർ ഉൾപ്പെടെ അഞ്ച് പേരാണ് ലിസ്റ്റിൽ ഇടം നേടിയത്. ഒക്ടോബർ 26 ന് നടക്കുന്ന അവാർഡ് നൈറ്റിൽ ഭാഗ്യം തുണച്ചാൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളിയാകും സിന്ധു സാജു.

കേരളത്തിൽ അങ്കമാലിയിൽ നിന്ന് 2004 ലാണ് സിന്ധു സാജു യുകെയിലെത്തിയത്.യുകെയിൽ സ്റ്റോക്ക് ഓൺ ട്രെന്റിൻലായിരുന്നു സിന്ധു അഡാപ്റ്റേഷൻ പൂർത്തിയാക്കിയതും രജിസ്റ്റേർഡ് നേഴ്‌സായതും. തുടർന്ന് 2008 ൽ മാഞ്ചസ്റ്ററിലെ യൂണിറ്റി ഹോംസ് ലിമിറ്റഡിന്റെ കീഴിലുള്ള നെഴ്സിംഗ് ഹോമിൽ നെഴ്സായി ജോലിയാരംഭിച്ചു. 2016ൽ ഇതേ കമ്പനിയുടെ കീഴിലുള്ള മാഞ്ചെസ്റ്ററിലെ ബ്ളൂബെൽ കോർട്ട്, വില്ലോസ് എന്നീ നെഴ്സിംഗ് ഹോമുകളുടെ മാനേജരായി ചുമതലയേറ്റ സിന്ധുവിന്റെ ജോലിയിലെ മികവ് തന്നെയാണ് നേട്ടങ്ങൾക്ക് അടുത്ത് എത്തിച്ചിരിക്കുന്നത്. നേഴ്‌സിംഗ് ഹോമിലെ ജോലിക്കൊപ്പം പാർട്ട്ടൈം ആയി സാൽഫോർഡ് റോയൽ എൻ എച്ച് എസ് ആശുപത്രിയിലും ജോലി ചെയ്തിരുന്നു. കെയർഹോം മാനേജ്‌മെന്റിൽ പ്രകടിപ്പിക്കുന്ന അസാധാരണ വൈദഗ്ദ്യവും കഴിവുകളുമാണ് കെയർഹോം രജിസ്റ്റേർഡ് മാനേജർ അവാർഡിന് പരിഗണിക്കുക. രോഗീപരിപാലനത്തിനും വാർദ്ധക്യ പരിചരണത്തിനും മികച്ച മാർഗ്ഗങ്ങൾ സ്വീകരിക്കുകയും സഹപ്രവർത്തകർക്ക് മാനേജരെന്ന നിലയിൽ നൽകുന്ന പിൻന്തുണയും പ്രധാന ഘടകമാണ്. ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സഹപ്രവർത്തകരുടെ നിസീമമായ പിന്തുണയാണ് തന്നെ ഫൈനൽ ലിസ്റ്റിൽ എത്തിച്ചതെന്ന് സിന്ധു പറയുന്നു.

കേരളത്തിൽ അങ്കമാലി തുറവൂര് പുന്നശ്ശേരി വീട്ടിൽ ജോസ് പുന്നശ്ശേരിയുടെയും മേരി ജോസ് പുന്നശ്ശേരിയുടെയും രണ്ട് മക്കളിൽ മൂത്തയാളാണ് സിന്ധു. ഇളയ സഹോദരൻ സിനോ ജോസ് കുടുംബസമേതം യുകെയിലാണ് താമസം. അങ്കമാലിയിൽ മഞ്ഞപ്ര പുതിയിടത്ത് വീട്ടിൽ സാജു പാപ്പച്ചനാണ് സിന്ധുവിന്റെ ഭർത്താവ്. ഇവർക്ക് രണ്ട് മക്കളാന്നുള്ളത്. സോണിയാ സാജുവും സാമുവേൽ സാജുവും. കുടുംബസമേതം മാഞ്ചെസ്റ്ററിലാണ് ഇവർ താമസിക്കുന്നത്.

ഈ മാസം 26 ന് യോർക്കിലെ പ്രിൻസിപ്പൽ ഹോട്ടലിൽ ക്ഷണിക്കപ്പെട്ട സദസ്സിന് മുമ്പാകെ അവാർഡ് പ്രഖ്യാപനം നടക്കും. തുടന്ന് അവാർഡ് ദാന ചടങ്ങുകളും നടക്കും. യുക്മ നോർത്ത് വെസ്റ്റ് റീജിയണിലെ നോർമയിൽ അംഗമായ സിന്ധു സാജുവിന് എല്ലാ ഭാവുകങ്ങളും നേരുന്നതായി യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, യുക്മ മുൻ ദേശീയ പ്രസിഡന്റ് വിജി കെ പി തുടങ്ങിയവർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more