1 GBP = 103.75
breaking news

തോക്കിന് മുന്നിൽ വില്ലും വാളുമായി കലാകാരന്മാർ

തോക്കിന് മുന്നിൽ വില്ലും വാളുമായി കലാകാരന്മാർ
സ്കോട്ട്ലൻഡ് മലയാളി അസോസിയേഷൻ, ലണ്ടൻ മലയാളി കൗൺസിൽ പ്രസിഡന്റ് സണ്ണി പത്തനംതിട്ട സാഹിത്യകാരൻ കാരൂർ സോമനുമായി നടത്തിയ വിവാദ കാർട്ടൂൻ അഭിമുഖം.
ചോദ്യം……. പ്രവാസി എഴുത്തുകാരിൽ പ്രമുഖനായ താങ്കൾ പ്രധാനമന്ത്രിയടക്കമുള്ളവരുടെ വിഷയങ്ങളിൽ പലപ്പോഴും പ്രതികരിച്ചു കാണാറുണ്ട്. ഇപ്പോൾ നടക്കുന്ന ലളിത കലാ അക്കാദമി കാർട്ടൂൻ പുരസ്കാരത്തിൽ മൗനിയാകുന്നത് എന്താണ്? ക്രിസ്തിയാനിയുടെ വിശുദ്ധ അംശവടിയുടെ മുകളിൽ യുവതിയുടെ അടിവസ്ത്രം വരച്ചത് തെറ്റുതന്നെയല്ലേ?
ഉത്തരം……ഒരു കാർട്ടൂൻ കണ്ടാൽ അതിൻ്റെ അർത്ഥബോധം ഒരേ താളത്തിൽ എല്ലാവരും ഉൾക്കൊള്ളണമെന്നില്ല. കാർട്ടൂണിലെ അംശ വടി മതചിഹ്നമല്ല അധികാരചിഹ്നമെന്നാണ് ലളിതകലാ അക്കാദമി അറിയിച്ചിട്ടുള്ളത്. 1962 ൽ സർക്കാർ ആരംഭിച്ച ഈ സ്ഥാപനത്തിൻ്റെ ആദ്യ അധ്യക്ഷൻ എം.രാമവർമ്മരാജയാണ്. പിന്നീട് രവിവര്മയായി. ഇതിൽ രവിവർമ്മയുടെ ഉന്നത നിലവാരം പുലർത്തുന്ന ഒരു ചിത്രമാണ് ശകുന്തള. ആ ശകുന്തള കാളിദാസൻറ് കഥാനായികയിൽ നിന്നും വ്യത്യസ്തമാണ്. ഇതുപോലെ ഓരോ സൃഷ്ഠിയിലും വിത്യസ്ത സവിശേഷതകളും ഭിന്നാഭിപ്രായങ്ങളുമുണ്ട്. സാഹിത്യകാരനായാലും, ചിത്രകാരനായാലും, കാർട്ടൂണിസ്റ്റായാലും ഇവർ നടത്തുന്നത് അനുഭൂതികളുടെ ആവിഷ്കാരമാണ്. അവർ കാവ്യാത്മാവിനെ കണ്ടെത്തുന്നു എന്ന് ചുരുക്കം. അത് ചിലർക്ക് വേദനപകരുന്നതാകാം. ഇപ്പോൾ കാവ്യാത്മാകതയും മാതാത്മാകതയും തമ്മിലുള്ള ഒരു ഏറ്റുമുട്ടലാണ് നടക്കുന്നത്. വിശുദ്ധ അംശവടി യേശുക്രിസ്തു ആര്ക്കും കൊടുത്തതായി എൻ്റെ അറിവിലില്ല. ഇസ്രയേലിൻ്റെ പ്രവാചകൻ മോശയുടെ കൈവശം ഒരു വടിയുള്ളതായി അറിയാം. യുദൻ്റെ വടി ക്രിസ്തിയാനിക് എന്തിനാണ്? യേശു വന്നതോടെ പഴയെ പ്രമാണമല്ല ക്രിസ്തിയാനികൾ ആചരിക്കുന്നത്. പുതിയ പ്രമാണമാണ്. യേശു ഒരു വടികൊണ്ട് യെരുശലേം ദേവാലയത്തിൽ നിന്നും കള്ളപുരോഹിതന്മാരെയും കച്ചവടക്കാരായ പ്രമാണിമാരെയും അടിച്ചു പുറത്താക്കി എന്നത് ബൈബിളിലുണ്ട്. യേശുവേ ഒന്നുകൂടി വരേണമേ എന്ന് പലരും ആഗ്രഹിക്കുന്നു. അതുകൊണ്ട് എല്ലാ പുരോഹിതന്മാരും കള്ളന്മാരെന്നു പറയരുത്. വിശുദ്ധ ജീവിതം നയിക്കുന്നവരുമുണ്ട്.
ചോദ്യം………അധികാരചിഹ്നമായാലും മതചിഹ്നമായാലും ഒരു മതവിശ്വാസിയുടെ വിശ്വാസത്തെയല്ലേ അത് സ്പർശിക്കുന്നത്?
ഉത്തരം………ഒരു മതത്തെ പ്രതിരോധിക്കാനോ പ്രശംസിക്കാനോ ഞാനാളല്ല. ഈ വിശ്വാസികൾ ഒരു ആത്മ പരിശോധനയോ അല്ലെങ്കിൽ അവരുടെ ആത്മാവിനെ ഒന്നു സ്പർശിച്ചാൽ ചെന്നെത്തുന്നത് ആത്മാവിൻ്റെ പാതയിലായിരിക്കും. നമ്മിലെ തിരിച്ചറിവാണ് യാഥാർഥ്യം വെളിപ്പെടുത്തുന്നത്.
ചോദ്യം…….ഇത് മതനിന്ദ അല്ലന്നാണോ പറയുന്നത്?
ഉത്തരം………മനുഷ്യനുണ്ടാക്കിയ മതത്തെ വണങ്ങി തൊട്ടുവന്ദിച്ചു് അനുഗ്രഹം തേടി പോകുന്നതിൽ ആര്ക്കാണ് എതിര്പ്പുള്ളത്? മതം ഒരു മിഥ്യാധാരണയാണ്. കാരണം ഒരു ദൈവവും ഒരു മതത്തെ സൃഷ്ടിച്ചിട്ടില്ല. സഹായിക്കുന്നില്ല, സ്‌നേഹിക്കുന്നില്ല മറിച്ചു് മനുഷ്യരുടെ കർമ്മഫലങ്ങൾക്ക് പ്രതിഫലം കൊടുക്കുന്ന ഒരു ദൈവത്തെ നമ്മുക്ക് ആരാധിക്കാം. വടക്കേ ഇന്ത്യപോലെ കുറെ നാളുകളായി മതം ഒരു മനോരോഗമായി കേരളത്തിലും പടർന്നിട്ടുണ്ട്. അദ്ധ്വാനിക്കാതെ കാശുണ്ടാക്കുന്ന ഈ കുട്ടർക്ക് മതത്തിൻ്റെ ഒരു കച്ചിത്തുരുമ്പ് കിട്ടിയാലും അതവർ വിവാദമാക്കും. മതഭ്രാന്തന്മാർ വടക്കേ ഇന്ത്യയിൽ മുസ്ലിംങ്ങളെ പലപ്പോഴായി കൊന്നിട്ടുണ്ട്. ഇവിടെ മതത്തിന്റ പേരിൽ മതസ്പര്ദ്ധ വളർത്തി പാവങ്ങളുടെ മനസ്സിനെ ഇളക്കിമറിച്ചു് മതവികാരം ആളിക്കത്തിക്കുന്നത് ആദ്ധ്യാൽമികതയുടെ ആദ്യപാഠങ്ങൾ അറിയാത്തവരാണ്. ഇവർ മതത്തിൻ്റെ മതിൽകെട്ടിനുള്ളിൽ കൊഴുത്തു തടിച്ചു വളരുന്നു.
ചോദ്യം…….സാംസ്കാരിക വകുപ്പ് മന്ത്രി പുരസ്‌കാരം പുനഃപരിശോധിക്കും എന്ന് പറയുമ്പോൾ രാഷ്ട്രീയ ഇടപ്പെടലുകൾ ഈ അവാർഡ് നിർണ്ണയത്തിലുണ്ടോ? പല അവാർഡുകളും രാഷ്ട്രീയം നോക്കിയാണോ നൽകുന്നത്?
ഉത്തരം…….മന്ത്രിയുടെ പ്രസ്താവന ഗൗരവമുള്ളതാണ്. ഓരോ കലാസാഹിത്യ സൃഷ്ഠികളും സത്യന്ധമായും നിഷ്കർഷയോടെ പരിശോധിക്കേണ്ടതാണ്. അരമന രഹസ്യം ആരും അങ്ങാടിപ്പാട്ടാക്കാറില്ലല്ലോ. ശ്രി. സുഭാഷ്.കെ.കെ. വരച്ച കാർട്ടൂൺ തെരെഞ്ഞെടുത്തത് പ്രശസ്ത കാർട്ടൂണിസ്റ് ശ്രീ.സുകുമാർ അടങ്ങിയ മൂന്നു പേരാണ്. അവിടെ രാഷ്ട്രീയം കാണുമെന്ന് കരുതുന്നില്ല. ഇന്ത്യൻ നീതി ന്യായ വകുപ്പും സാഹിത്യ സാംസ്‌കാരിക സ്ഥാപനങ്ങളും രാഷ്ട്രീയ അധികാരികളിൽ നിന്നും മാറിയാൽ ഈ ദുഷ്‌പേര് ഒഴുവാക്കാൻ സാധിക്കും. തെരഞ്ഞെടുപ്പുകളിൽപ്പോലും ജനാധിപത്യം മതാധിപത്യമായി മാറാറുണ്ട്. ഈ ജീർണ്ണിച്ച ജനാധിപത്യം എത്രനാൾ തുടരും. ഇതിനൊക്കെ ഒരു മാറ്റം വരേണ്ടതല്ലേ?
ചോദ്യം…….ഈ കാർട്ടൂണിനെതിരെ ഒരു പറ്റം വിശ്വാസികൾ മതചിന്ത വളർത്തി യേശു വിഭാവനം ചെയ്ത സ്‌നേഹത്തെ തളർത്തുന്നില്ലേ?
ഉത്തരം………യേശു വിഭാവനം ചെയ്‌ത സ്‌നേഹം എല്ലാം സമൂഹത്തെയും ചേര്ത്തുപിടിക്കുന്നതാണ്. അത് ക്രിസ്തിയാനിയുടെ കുടുംബസ്വാത്തല്ല. ആ സ്നേഹത്തിൻ്റെ യഥാർത്ഥ മുഖം വിശുദ്ധവും ഗാഢവുമാണ്. അവർ മതത്തിന് വേണ്ടി പൊരുതി മരിക്കുമെന്ന് കരുതുന്നില്ല. എന്നാൽ യേശുവിനായി രക്തസാക്ഷികളായി മാറും. ഏത് മതവിശ്വാസിയായാലും ഒരു യഥാർത്ഥ ഭക്തൻ മറ്റുള്ളവരോട് ഭയഭക്തി ബഹുമാനമുള്ളവനായിരിക്കും. അതിന് മറ്റെങ്ങും പോകേണ്ടതില്ല. കേരളത്തിൽ ജനിച്ച ശ്രീശങ്കരാചാര്യർ, നാരായണഗുരു നമ്മുടെ മുന്നിലുണ്ട്.
ചോദ്യം………ആവിഷ്കാരസ്വാതന്ത്ര്യം എന്ന പേരിൽ മത വിശ്വാസികളെ മുറിപ്പെടുത്തുന്നത് ശരിയാണോ?
ഉത്തരം……..ആരും അറിഞ്ഞുകൊണ്ട് മറ്റൊരാളെ മുറിപ്പെടുത്താൻ പാടില്ല. സത്യത്തെ മറച്ചുപിടിച്ചുകൊണ്ട് ഒരു പ്രതിഭാധനന് തൻ്റെ സൃഷ്ഠി നടത്താൻ ഒരിക്കലും സാധ്യമല്ല. . ഉന്നത നിലവാരം പുലർത്തുന്ന എഴുത്തുകാർ, ചിത്രകാരന്മാർ സമുഹത്തിൽ കാണുന്ന അനീതികൾക്കതിരെ കണ്ണടക്കുന്നവരല്ല. ലോകമെങ്ങും കേരളത്തിലും മണ്മറഞ്ഞ എത്രയോ പേരുണ്ട്. അവരൊക്കെ ചരിത്രത്താളുകളിൽ ജീവിക്കുന്നവരാണ്. അധർമത്തിനെതിരെ അവർ കൊടുംങ്കാറ്റ് പോലെ ആഞ്ഞടിക്കും. ദന്തഗോപുരത്തിലിരിക്കുന്നവർ അതുൾക്കൊള്ളണമെന്നില്ല. കാരണം ഒരു സർഗ്ഗപ്രതിഭ ആരെന്നു അവർക്കറിയില്ല. മതമായാലും രാഷ്ട്രീയമായാലും കാർട്ടൂണിസ്റ്റുകൾ വിമര്ശനബുദ്ധിയോടും ആക്ഷേപഹാസ്യത്തിലുമാണ് പലതും വരക്കുന്നത്. സർഗ്ഗപ്രതിഭകൾ ഒരു സമൂഹത്തെ നേരായ പാതയിൽ വഴിനടത്തുന്നവരാണ്. അവർ ഈ സമൂഹത്തിലില്ലെങ്കിൽ ഓരോ നാടും കാടായി മാറും. പിന്നീട് കേൾക്കുക വന്യമൃഗങ്ങളുടെ ഗർജ്ജനമായിരിക്കും.
ആക്ഷേപഹാസ്യത്തിൻ്റെ എത്രയോ കോമഡി ഷോകൾ കേരളത്തിൽ നടക്കുന്നു. എന്താണ് ആരും പരാതിപ്പെടാത്തത്? അത് ചിരിച്ചു തള്ളുന്നു. പടം കണ്ട് എന്ത് ചിരിക്കാനാണ്. സർക്കാരിൻ്റെ കിഴിൽ പ്രവർത്തിക്കുന്ന ഭാഷ ഇന്സ്ടിട്യൂട് വിഞ്ജാനകൈരളി മാസികയിൽ ക്രിസ്തിയാനിയുടെ കുമ്പസാരത്തെ എത്ര മോശമായി എഴുതിയപ്പോൾ ആരും ഇന്നുള്ളതുപോലെ ഉറഞ്ഞു തുള്ളിയില്ല. രാഷ്ട്രീയ നേതാക്കൾ അയ്യപ്പൻ്റെ പുലിയുടെ പാൽ കുടിക്കുന്ന ചിത്രം വന്നു. അങ്ങനെ എത്രയോ കാർട്ടൂൺ വന്നുപോകുന്നു. ഓരോ വിഷയങ്ങളെ വൈകാരികമായി കണ്ടാൽ അതിന്റ വക്താക്കളായി ജീവിക്കാനേ സാധിക്കു.
ചോദ്യം …….കാർട്ടൂൺ വരക്കുന്നവർക്കും എഴുത്തുകാർക്കും മത ചിഹ്നങ്ങളെ വെറുതെ വിട്ടുകൂടെ?
ഉത്തരം …ഈ മതചിഹ്നങ്ങൾ ആരുണ്ടാക്കിയതാണ്. കാലത്തിന്റ ഒളിത്താവളങ്ങളിൽ ജാതിമത രോഗണുക്കളെ വഹിച്ചുകൊണ്ട് കുറെ മനുഷ്യർ ജീവിക്കുന്നുണ്ട്. അവരുടെ മനസ്സിൽ മൂളിപ്പറക്കുന്നത് മതമാണ്. അവർ നിൽക്കുന്നത് തോക്കുമായിട്ടാണ്. അവരുടെ മുന്നിൽ അമ്പും വില്ലുമായി നിസ്സയഹരായി നിൽക്കുന്നവർ എന്ത് ചെയ്യാനാണ്. പോർച്ചുഗീസുകാരുടെ കാലം എതിർത്തവരെയെല്ലാം കൊന്നൊടുക്കിയപ്പോൾ അവിടെ എഴുത്തുച്ചന്റെ വാക്കുകൾ ജനങ്ങൾക്ക് ആശ്വാസമായി. “മരണം വരുമിനി എന്നു നിനച്ചിഹ കരുതുക സതതം”. മതവിശ്വാസമുള്ളവർ ആത്മീയ ജീവിതം നയിക്കുന്നവരല്ലേ? ആത്മാവ് പരിശുദ്ധമെങ്കിൽ എന്തിനാണവർ ജഡിക വിഷയങ്ങളിൽ ഇടപെടുന്നത്? ഒരു മതവിശ്വാസി എല്ലാം ദൈവമെന്നു വിശ്വസിക്കുമ്പോൾ ഒരു കലാകാരനോ, ശാസ്ത്രജ്ഞനോ അതൊരു ജഡിക ചിന്തയായി കണ്ട് അവൻ്റെ സ്വാതന്ത്ര്യത്തിൽപ്പെടുന്നവ ചെയ്യാൻ അനുവദിച്ചുകൂടെ? തിരിച്ചു അവർക്കും ചോദിക്കാമെല്ലോ നിങ്ങൾ എന്തിന് ഞങ്ങളുടെ കാര്യത്തിൽ ഇടപെടുന്നു.
ചോദ്യം…….ഈ കാർട്ടൂണിനെതിരെ ഒരു പറ്റം വിശ്വാസികൾ സംഘടിതമായി രംഗത്ത് വന്നാൽ സാംസ്‌കാരിക വകുപ്പ് ഈ പുരസ്‌കാരം പിൻവലിക്കുമോ?
ഉത്തരം……. മനുഷ്യദൈവങ്ങളെ വാരിയെടുത്തു മുത്തം വെക്കുന്നവർക്ക് ഈ കൂട്ടരേ ഭയക്കാതെ പറ്റില്ല. ലളിതകലാ അക്കാദമിക്കും ഒരു ചെയർമാനും ജനറൽ കൗൺസിലുമുണ്ട്. ദൃശ്യകലകളെ സംബന്ധിച്ചു് ഗവേഷണം, പഠനം, പരിശീലനം, പുരസ്‌ക്കാരങ്ങൾ നടത്തുന്നവരാണ്. കലാലോകത്തിന് എണ്ണമറ്റ സംഭാവനകൾ ചെയ്ത അക്കാദമി ഒരു ഭരണാധിപൻ്റെ മുന്നിൽ മുട്ടു മടക്കുമെന്ന് ഞാൻ കരുതുന്നില്ല. അറിവിൻ്റെ ആത്മാവിന്റ ആഴങ്ങളിലേക്ക് ഇവരാരും ഇറങ്ങുന്നില്ല എന്നതാണ് യാഥാർഥ്യം.
ചോദ്യം…..ക്രിസ്തിയ മതനേതാക്കൾ ഈ വിഷയങ്ങളെ ഊതിവീർപ്പിക്കുന്നതായി തോന്നുന്നോ?
ഉത്തരം…..ക്രിസ്തിയ മതനേതാക്കൾ സ്‌നേഹ -സമാധാനത്തിൻ്റെ അത്യുന്നതിയിൽ ജീവിക്കേണ്ടവരാണ്. അവർ ഒരിക്കലും സംഘർഷത്തെ പ്രോത്സാഹിപ്പിക്കയോ കക്ഷിചേരുകയോ ചെയ്യുന്നവരല്ല. അധികാരികളെ ഒന്നു വിരട്ടാൻ ഇതൊരു അവസരമായി അവർ കണ്ടുകാണും. ക്രിസ്തിയ വിശ്വാസികൾ അന്ധമായ മതവിശ്വാസത്തിൻ്റെ പേരിൽ മറ്റുള്ളവരെപ്പോലെ കൈ വെട്ടാനും കാലു വെട്ടാനും കഴുത്തു വെട്ടാനും പോകുന്നവരല്ല എന്നാണ് എൻ്റെ വിശ്വാസം. ഇവരൊക്കെ യേശു പഠിപ്പിച്ച പാഠങ്ങളാണ് സ്വീകരിക്കേണ്ടത്. ശത്രുക്കളെ സ്‌നേഹിക്കുക, അറിഞ്ഞോ അറിയാതയോ ഒരു തെറ്റ് സംഭവിച്ചുവെങ്കിൽ അവരോട് പൊറുക്കുക. തിന്മക്കെതിരെ നന്മ കാട്ടുമ്പോൾ ലളിത കലാ അക്കാദമിക്കും അവരോടുള്ള ആദരവ് വർദ്ധിക്കും. ദൈവം എല്ലാറ്റിലും ഉന്നതനെന്ന തിരിച്ചറിവും കിട്ടും. കലാസാഹിത്യ രംഗത്തുള്ളവർ യാഥാർഥ്യങ്ങളെ തുറന്നുകാട്ടുന്നവരാണ്. അനീതിയും അന്ധവിശ്വാസങ്ങളും അവർ വളമിട്ടു വളർത്താറില്ല.
Karoor Soman

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more