അപ്പച്ചൻ കണ്ണഞ്ചിറ
സ്റ്റീവനേജ്: സ്റ്റീവനേജ് സീറോ മലബാർ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ സെന്റ് ജോസഫ്സ് ദേവാലയത്തിൽ വെച്ച് ആചരിച്ച വിശുദ്ധ വാര തിരുക്കർമ്മങ്ങൾ ഭക്തിസാന്ദ്രമായി. പ്രീസ്റ്റ് ഇൻ ചാർജ് ഫാ.സെബാസ്റ്റ്യൻ ചാമക്കാല പെസഹാ വ്യാഴം, ഉയിർപ്പു തിരുന്നാൾ ശുശ്രുഷകൾക്ക് നേതൃത്വം വഹിക്കുകയും, ഫാ. ജോജോ ഔസേപ്പുപറമ്പിൽ ദുംഖ വെള്ളിയാഴ്ച ശുശ്രുഷകൾക്കു മുഖ്യ കാർമ്മികത്വം വഹിച്ചു സന്ദേശം നൽകുകയും ചെയ്തു.
പെസഹാ വ്യാഴാഴ്ച കാൽ കഴുകൽ ശുശ്രുഷ, വിശുദ്ധ കുർബ്ബാന സ്ഥാപനം, വിശുദ്ധബലി തുടങ്ങിയ തിരുക്കർമ്മങ്ങളിൽ മുഖ്യ കാർമ്മികത്വം വഹിച്ച സെബാസ്റ്റ്യൻ അച്ചൻ ‘വിശുദ്ധ ഗ്രൻഥം സാക്ഷ്യമായി ദൈവ പുത്രനും രക്ഷകനുമായ ഈശോമിശിഹായിലൂടെ നാം കണ്ടും, കേട്ടും അനുഭവിച്ചും മനസ്സിലാക്കിയ വിനയത്തിന്റെയും ലാളിത്യത്തിന്റെയും, സ്നേഹത്തിന്റെയും അനുകരണീയ ജീവിത മാതൃക നമ്മുടെ ജീവിതത്തിലും പകർത്തേണ്ടണ്ടതാണെന്നും, ദൈവകൃപയുടെ അനുഗ്രഹവാതിൽ തുറന്നു കിട്ടുവാൻ ഈ കൃപകൾ അനിവാര്യമാണെന്നും ഉദ്ബോധിപ്പിച്ചു. കാൽകഴുകൽ ശുശ്രുഷകളിൽ പങ്കു ചേർന്ന ‘ശിഷ്യർക്കുള്ള’ ഉപഹാരങ്ങൾ അച്ചൻ വിതരണം ചെയ്തു.
ദുംഖവെള്ളി ശുശ്രുഷകളിൽ മുഖ്യകാർമ്മികത്വം വഹിച്ച ജോജോ അച്ചൻ അനുതാപത്തിന്റെ അനിവാര്യത എടുത്തു പറഞ്ഞു. നല്ല കള്ളൻ എന്ന് ബൈബിൾ വിശേഷിപ്പിക്കുന്ന ക്രൂശിൽ തറക്കപ്പെട്ട കള്ളൻ തന്റെ അവസാന നിമിഷത്തിൽ കുരിശിൽ കിടന്നുകൊണ്ട് ഈശോയോടു കാണിച്ച വിശ്വാസ പ്രഖ്യാപനവും, അനുതാപവും, അപേക്ഷയും ഏതൊരാൽമാവിൻറെയും രക്ഷക്കും നിത്യജീവനും പ്രാപിക്കുവാനുതകുന്ന മകുടോദാഹരണമാണെന്നു ഓർമ്മിപ്പിച്ചു. ദുംഖവെള്ളി അനുബന്ധ തിരുക്കർമ്മങ്ങൾ, പീഡാനുഭവ വായന, നാഗരികാണിക്കൽ പ്രദക്ഷിണം, കുരിശു രൂപം മുത്തൽ, കൈപ്പുനീർപാനം തുടങ്ങിയ ശുശ്രുഷകളും ഭക്ത്യാദരപൂർവ്വം കൊണ്ടാടി. സമാപനമായി നേർച്ച കഞ്ഞിയും പയറും വിതരണം ചെയ്തു.
ഉയിർപ്പ് തിരുന്നാൾ സെബാസ്റ്റ്യൻ ചാമക്കാല അച്ചന്റെ നേതൃത്വത്തിൽ ആഘോഷമായി ആചരിച്ചു. മാമോദീസ നവീകരണം, പുത്തൻ വെള്ളം വെഞ്ചിരിക്കൽ ശുശ്രുഷകൾക്കു ശേഷം ഈസ്റ്റർ തിരുക്കർമ്മങ്ങൾ ആരംഭിച്ചു. ഈസ്റ്റർ സന്ദേശത്തിൽ ‘ ക്രൈസ്തവ വിശ്വാസത്തിന്റെ ആണിക്കല്ലായാണ് ഈസ്റ്ററിനെ കാണുന്നതെന്നും, പ്രത്യാശയും, പ്രതീക്ഷയും നൽകുന്ന മരണത്തെ വിജയിച്ച ക്രിസ്തു നാഥന്റെ ഉയിർപ്പ് തിരുന്നാൾ, പിതാവായ ദൈവത്തിന്റെ നിയമങ്ങൾക്കും അനുശാസനകൾക്കും അനുസൃതമായി ജീവിക്കുവാനും, അങ്ങിനെ നിത്യ കിരീടത്തിനു അർഹനാകുവാനുള്ള ആഹ്വാനവും ഉറപ്പുമാണ് നൽകുന്നതെന്നും എന്നും ഓർമ്മിപ്പിച്ചു.
ബെന്നി ഗോപുരത്തിങ്കൽ, അപ്പച്ചൻ കണ്ണഞ്ചിറ, പ്രിൻസൺ പാലാട്ടി, സാംസൺ ജോസഫ്, മെൽവിൻ അഗസ്റ്റിൻ, സജൻ സെബാസ്റ്റ്യൻ, ജോയ് ഇരുമ്പൻ, സെലിൻ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.
ജോർജ്ജ് തോമസ്, ഓമന സുരേഷ്, ബിൻസി ജോർജ്ജ്, ജെസ്സി ജോസ്, ബിന്ദു അജയ് തുടങ്ങിയവർ ഗാന ശുശ്രുഷകൾക്കു നേതൃത്വം നൽകി. അഖില ചെറുവത്തൂർ, ബെന്നി അഗസ്റ്റിൻ, സിജോ കാളംപറമ്പിൽ എന്നിവർ ദേവാലയ സൗകര്യങ്ങൾ ഒരുക്കുന്നതിൽ നേതൃത്വം നൽകി. അപ്പച്ചൻ കണ്ണഞ്ചിറ നന്ദി പ്രകാശിപ്പിച്ചു.
click on malayalam character to switch languages