യുകെയിലെ ഏറ്റവും ആദ്യത്തെ സീറോ മലബാര്‍ കുടിയേറ്റ കേന്ദ്രങ്ങളില്‍ ഒന്നാണ് ലെസ്റ്റര്‍. 15 കൊല്ലം മുമ്പ് ഇവിടെ സ്ഥിരം കുര്‍ബ്ബാനയും ആരംഭിച്ചിരുന്നു. എന്നാല്‍ വിശ്വാസികള്‍ ഏറെയുണ്ടായിട്ടും കുര്‍ബ്ബാന മുടങ്ങിയതിന്റെ നിരാശയിലായിരുന്നു വിശ്വാസികള്‍. ഒടുവില്‍ വിശ്വാസികളുടെ കാത്തിരിപ്പിനു അന്ത്യമാവുന്നു. ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ സഭയുടെ മുപ്പതാമത്തെ മിഷനായി ലെസ്റ്റര്‍ മാറുകയാണ്.
ഈമാസം 28നാണ് സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ മിഷന് ലെസ്റ്ററില്‍ തുടക്കമാകുക. ലെസ്റ്ററിലെ ബ്ലെസ്സ്ഡ് സാക്രമെന്റ് ദേവാലയത്തില്‍ 2004ലാണ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയ്ക്ക് തുടക്കം കുറിച്ചത്. ഫാ. ജിജോ അരിക്കാട്ടിന്റെ നേതൃത്വത്തിലായിരുന്നു തുടക്കം.
ചെറിയൊരു ഇടവേളയ്ക്കു ശേഷമാണ് സീറോ മലബാര്‍ കമ്മ്യൂണിറ്റി ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ പുനരാവിഷ്കരിക്കപ്പെട്ടത്. ലെസ്റ്ററില്‍ സീറോ മലബാര്‍ രൂപതയുടെ മുപ്പതാം മിഷനായി തുടക്കം കുറിക്കുന്ന സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ മിഷനെ ആവേശത്തോടെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് വിശ്വാസികള്‍.
ഈമാസം 28ന് ഞായറാഴ്ച നടക്കുന്ന മിഷന് പ്രഖ്യാപന ചടങ്ങില്‍ നിരവധി വൈദികരും ആയിരത്തിലധികം വിശ്വാസികളും പങ്കെടുക്കും. നോട്ടിങ്ഹാം രൂപതാ അധ്യക്ഷന്‍ പാട്രിക് പിതാവ്, ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, വികാരി ജനറാള്‍മാര്‍, നോട്ടിങ്ഹാം രൂപതയിലെ വൈദികര്‍, ഗ്രേറ്റ് ബ്രിട്ടണ് രൂപതയിലെ വൈദികര്‍, ഇംഗ്ലീഷ് കമ്മ്യൂണിറ്റി അംഗങ്ങള്‍, ഇടവക അംഗങ്ങള്‍ തുടങ്ങിയവരാണ് എത്തുക.
യുകെയിലെ വിശ്വാസ സമൂഹം എന്നും അസൂയയോടെ കണ്ടിരുന്ന സ്ഥലമായിരുന്നു ലെസ്റ്റര്‍. എല്ലാ ഞായര്‍ ദിനങ്ങളിലെ കുര്‍ബാന, വര്‍ഷത്തിലെ പ്രധാന തിരുന്നാള്‍ തുടങ്ങി നാട്ടിലെ ഇടവകയിലുള്ള പ്രധാന പരിപാടികളെല്ലാം ലെസ്റ്ററില്‍ നടത്തപ്പെടുന്നുണ്ട്. അതിനാല്‍ തന്നെ, വന്‍ വിശ്വാസി സമൂഹമാണ് ലെസ്റ്ററിനു കൈമുതലായുള്ളത്.
സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും വേദിയാക്കി ഈ പരിപാടിയെ മാറ്റുവാന്‍ എല്ലാ വിശ്വാസികളെയും ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ദേവാലയത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് വികാരി ഫാദര്‍ ജോര്‍ജ് തോമസ് ചേലക്കല്‍ അറിയിച്ചു.
click on malayalam character to switch languages