1 GBP = 103.62
breaking news

ആടുതോമയുടെ മകന്‍ ഇരുമ്പന്‍ ജോണിയുടെ കഥ പറയുന്ന സ്ഫടികം 2 രണ്ടാം ഭാഗത്തിന്റെ ടീസര്‍ ഈ വരുന്ന 30ന്

ആടുതോമയുടെ മകന്‍ ഇരുമ്പന്‍ ജോണിയുടെ കഥ പറയുന്ന സ്ഫടികം 2  രണ്ടാം ഭാഗത്തിന്റെ ടീസര്‍ ഈ വരുന്ന 30ന്

മോഹന്‍ലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ഭദ്രന്റെ സ്ഫടികം. ആടുതോമ എന്ന റൌഡിയുടെ കഥയായിരുന്നിട്ടു കൂടി നിരവധി കണ്ണ് നനയ്ക്കുന്ന മുഹൂര്‍ത്തങ്ങള്‍ അതിലുണ്ടായിരുന്നു. ഇപ്പോഴും ചാനലുകളില്‍ വരുമ്പോള്‍ സ്ഫടികം കാണാത്തവര്‍ ചുരുക്കമാണ്. അതിനിടയിലാണ് സ്ഫടികത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നുവെന്ന വാര്‍ത്ത വന്നത്. യുവേഴ്സ് ലവിംഗ്‍ലി എന്ന ചിത്രത്തിന്റെ സംവിധായകന്‍ ബിജു.ജെ കട്ടക്കലാണ് രണ്ടാം ഭാഗമൊരുക്കുന്നത്. ആടുതോമയുടെ മകന്‍ ഇരുമ്പന്‍ ജോണിയുടെ കഥ പറയുന്ന രണ്ടാം ഭാഗത്തിന്റെ ടീസര്‍ ഈ വരുന്ന 30ന് പുറത്തിറക്കുമെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകനിപ്പോള്‍.

‘മലയാളികളുടെ നെഞ്ചിൽ തറച്ച തോമാച്ചായൻ അവതരിച്ചിട്ട് ഈ മാർച്ച്‌ മാസം മുപ്പതാം തീയതി 24 വർഷം പൂർത്തിയാക്കുകയാണ്. അന്നേ ദിവസം തോമാച്ചായന്റെ മകന്റെ കഥയുമായി എത്തുന്ന സ്പടികം 2 ഇരുമ്പന്റെ ആദ്യ ടീസർ റിലീസ് ചെയ്യുകയാണ്, തോമാച്ചായനെ മലയാളികളുടെ ചങ്കിൽ കൊത്തിയെങ്കിൽ, തോമയുടെ മകൻ ഇരുമ്പൻ സണ്ണിയുടെ പേരും അതെ ചങ്കിൽ കൊത്തിയിരിക്കും, ഇത് എന്റെ അതിരു കടന്ന ആത്മ വിശ്വാസമോ,അഹങ്കാരമോ അല്ല, മറിച്ചച്ചത്‌ ഇരുമ്പൻ സണ്ണി തോമാച്ചായന്റെ മകനാണ് എന്ന സത്യം’; സംവിധായകന്‍ ബിജു.ജെ കട്ടക്കല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നേരത്തെ സ്ഫടികത്തിന്റെ രണ്ടാം ഭാഗമൊരുക്കുന്നതിനെ മോഹന്‍ലാല്‍ ഫാന്‍സ് എതിര്‍ത്തിരുന്നു. തൊട്ടു പിന്നാലെ തന്നെ സ്ഫടികമൊരുക്കിയ ഭദ്രനും സിനിമക്കെതിരെ രംഗത്ത് വന്നത് വലിയ വാര്‍ത്തയായിരുന്നു. ‘സ്ഫടികം ഒന്നേയുള്ളു, അതു സംഭവിച്ചു കഴിഞ്ഞു. മോനേ…ഇത് എന്റെ റെയ്ബാന്‍ ഗ്ലാസ്! അതിലെങ്ങാനും നീ തൊട്ടാല്‍’- എന്നാണ് ഭദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. എന്നാല്‍ ഭദ്രന്റെ വാക്കുകളെ തള്ളി കൊണ്ട് ബിജു ഫേസ്ബുക്കില്‍ തന്നെ വിവാദങ്ങളോട് പ്രതികരിച്ചിരുന്നു.

‘അപ്പോ കഴിഞ്ഞത് കഴിഞ്ഞു..ഇനിയും അത് തുടര്‍ന്നാല്‍ പാതിരാത്രി 12 മണിക്ക് വഴിയോരത്തെ തെരുവ് വിളക്കിന്റെ ചുവട്ടിലിരുത്തി നിന്നെക്കൊണ്ടൊക്കെ ഒപ്പീസ് പാടിപ്പിക്കും’ എന്ന ഡയലോഗും കൈവെള്ളയില്‍ കൊന്തയുമുള്ള ചിത്രത്തോടു കൂടിയ പോസ്റ്ററുമാണ് ബിജു ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. തോൽപ്പിക്കും എന്ന് പറയുന്നിടത്ത്‌, ജയിക്കാനാണ് എനിക്കിഷ്ടം… പിന്നെ ആ പഴയ റെയ്ബാൻ ഗ്ലാസ്സ്, അത് അങ്ങനെ തന്നെ ഇരിക്കട്ടെ… ഇത് എന്റെ പുതു പുത്തൻ റെയ്ബാൻ, ഇതിൽ ആരുടേയും നിഴൽ വേണ്ട എന്ന അടിക്കുറിപ്പോടെ പോസ്റ്ററും സംവിധായകന്‍ ബിജു റിലീസ് ചെയ്തു.

ഏറെക്കാലം ഒരു വിവരങ്ങളുമില്ലാത്ത ചിത്രത്തിന്റെ പുതിയ വിശേഷങ്ങളുമായാണ് ബിജു ഫേസ്ബുക്കില്‍ വന്നത്. ശനിയാഴ്ച്ച 9 മണിക്ക് പുറത്തിറക്കുന്ന പോസ്റ്ററിനെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ മോഹന്‍ലാല്‍ ആരാധകര്‍ മോശമായ രീതിയിലാണ് പ്രതികരിക്കുന്നത്. സംവിധായകന്‍ ബിജു ഈ സിനിമയുടെ നിര്‍മ്മാണത്തില്‍ നിന്നും പിന്‍മാറണമെന്നാവശ്യപ്പെട്ടാണ് ഭൂരിഭാഗം പ്രതികരണങ്ങളും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more