1 GBP = 103.12

ന്യൂസിലാൻഡ് ഭീകരാക്രമണം: കൊടുങ്ങല്ലൂർ സ്വദേശി കൊല്ലപ്പെട്ടതായി സ്ഥിരീകരണം

ന്യൂസിലാൻഡ് ഭീകരാക്രമണം: കൊടുങ്ങല്ലൂർ സ്വദേശി കൊല്ലപ്പെട്ടതായി സ്ഥിരീകരണം

ന്യൂസിലന്റിലെ മുസ്ലിം പള്ളിയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരില്‍ മലയാളിയും. കൊടുങ്ങല്ലൂര്‍ സ്വദേശി കരിപ്പാക്കുളം അന്‍സി ആണ് മരിച്ചത്. ഇന്ന് വൈകീട്ടോടെ ഭര്‍ത്താവു അബ്ദുല്‍ നാസറാണ് അന്‍സി മരണ വിവരം കൊടുങ്ങല്ലൂരിലെ ബന്ധുക്കളെ അറിയിച്ചത്.

ന്യൂസിലന്റിലെ ലിന്‍കോണ്‍ സര്‍വകലാശാലയിലെ അഗ്രികള്‍ച്ചര്‍ ബിസിനസ് മാനേജ്മന്റ് വിദ്യാര്‍ഥിയായിരുന്നു അന്‍സി. ഭര്‍ത്താവ് അബ്ദുല്‍ നാസറും അന്‍സിയോടൊപ്പം ന്യൂസിലന്റിലുണ്ടായിരുന്നു. ആക്രമണം നടന്ന പള്ളിയോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ ആയിരുന്നു ഇവര്‍ താമസം.

ഇന്നലെ ഉച്ചക്ക് ഉച്ചക്ക് കൊടുങ്ങല്ലൂരിലുള്ള അന്‍സിയുടെ മാതാവിനെ വിളിച്ചു അന്‍സിക്ക് രക്ഷപ്പെടുന്നതിനിടെ കാലിന് ചെറിയ പരുക്ക് പറ്റിയെന്നും ആശുപത്രിയിലാണെന്നും മാത്രമാണ് അബ്ദുള്‍ നാസര്‍ പറഞ്ഞിരുന്നത്. ഇന്ന് വൈകീട്ടോടെയാണ് മരിച്ച വിവരം അറിയിച്ചത്. കൊടുങ്ങല്ലൂര്‍ ടി.കെ.എസ് പുരം കരിപ്പാകുളം പരേതനായ അലിബാവയുടെ മകളാണ് അന്‍സി. രണ്ടു വര്‍ഷം മുന്‍പായിരുന്നു അബ്ദുല്‍ നാസറുമായുള്ള വിവാഹം. നാസര്‍ ന്യൂസിലാന്റില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്.

വെള്ളിയാഴ്ചയാണ് ന്യൂസിലന്‍റിലെ രണ്ടു മുസ്‌ലിം പള്ളികള്‍ക്കു നേരേ ആക്രമണമുണ്ടായത്. സംഭവത്തില്‍ 49 പേര്‍ കൊല്ലപ്പെടുകയും 20ലേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സൗത്ത് ഐലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചിലുള്ള പള്ളികളിലാണു സംഭവം.

നേരത്തെ റെഡ്‌ക്രോസ് ന്യൂസിലാന്റ് പുറത്തുവിട്ട കാണാതായവരുടെ പട്ടികയില്‍ കൊടുങ്ങല്ലൂര്‍ അരിപ്പാങ്കുളം സ്വദേശി അന്‍സി അലിബാവയുടെ പേരും ഉള്‍പ്പെട്ടിരുന്നു. ആക്രമണ സമയത്ത് അന്‍സിയോടൊപ്പം പള്ളിയിലുണ്ടായിരുന്ന ഭർത്താവ് നാസര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടിട്ടുണ്ട്.
ഒരു വര്‍ഷം മുമ്പാണ് ഇരുവരും ന്യൂസിലന്‍റിലേക്ക് പോയത്.

വെടിവെപ്പില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗുജറാത്ത് സ്വദേശി മൂസാ വാലി സുലേമാന്‍ പട്ടേല്‍ മരിച്ചതായി സഹോദരന്‍ സ്ഥിരീകരിച്ചു. കാണാതായ എട്ട് ഇന്ത്യക്കാരെ കുറിച്ച് ഇനിയും വിവരമൊന്നും ലഭിച്ചിട്ടില്ല. ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങളില്‍ നിന്ന് ഹൈദരാബാദ് സ്വദേശി അഹ്മദ് ജഹാംഗീറിനെയും വാറങ്കല്‍ സ്വദേശി ഫര്‍ഹാജ് അഹ്‌സനെയും ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ബന്ധുക്കള്‍ ഹൈദരാബാദ് എം.പി അസദുദ്ദീന്‍ ഉവൈസി വഴി വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടു. വെടിയേറ്റ ജഹാംഗീര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more