1 GBP = 104.16

‘റിഥം കലാസന്ധ്യ 2019 ‘ -അരങ്ങുണർത്താൻ സരയുവും സംഘവും എത്തി, പുത്തൻ നാടകാനുഭവത്തിന്റെ കാത്തിരിപ്പിന് വിരാമമിടുവാൻ ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കി റിഥം ചെൽട്ടൻഹാം .

‘റിഥം കലാസന്ധ്യ 2019 ‘ -അരങ്ങുണർത്താൻ സരയുവും   സംഘവും എത്തി, പുത്തൻ നാടകാനുഭവത്തിന്റെ കാത്തിരിപ്പിന് വിരാമമിടുവാൻ ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കി റിഥം ചെൽട്ടൻഹാം .

അജിമോൻ ഇടക്കര

ഗ്ലോസ്റ്റർ: ചെൽട്ടൻഹാം റിഥം തിയേറ്റേഴ്സിന്റെ ‘അസ്തമയം’ എന്ന മുഴു നീള സാമൂഹ്യ നാടകം ഉൾപ്പെടുന്ന ‘റിഥം കലാസന്ധ്യ 2019 ‘ എന്ന കലാവിരുന്നിന്റെ ഒരുക്കങ്ങൾ എല്ലാം വിജയകരമായി തന്നെ പൂർത്തിയാക്കി, കലാസ്വാദകർക്കായ് ചെൽട്ടൻഹാം ബേക്കൺ തിയേറ്റർ കാത്തിരിക്കുന്നു. പ്രസിദ്ധ സിനിമാ സീരിയൽ നടിയും പ്രൊഫഷണൽ നർത്തകിയുമായ സരയുവിന്റെ നൃത്ത നൃത്യങ്ങളിലൂടെയാവും അരങ്ങുണരുക. നാളെ (മാർച്ച് 9 , ശനിയാഴ്ച ) വൈകുന്നേരം കൃത്യം അഞ്ചു മണിക്ക് തന്നെ കലാപരിപാടികൾ ആരംഭിക്കുന്നതായിരിക്കും.

കഴിഞ്ഞ ബുധനാഴ്ച കലാസന്ധ്യക്കായി യൂക്കെയിൽ എത്തിയ സരയുവും സംഘവും നൃത്താവിഷ്കാരത്തിനുള്ള ഒരുക്കങ്ങളും റിഹേഴ്‌സലുകളും എല്ലാം പൂർത്തിയാക്കി കഴിഞ്ഞു. ബേക്കൺ തിയേറ്റേഴ്സിൽ വച്ച് തന്നെ അവസാന ഫുൾ ഡ്രസ്സ് റിഹേഴ്‌സലും നടത്തി റോബി മേക്കരയുടെ നേതൃത്വത്തിലുള്ള നാടക സംഘവും കലാസ്വാദകർക്ക് അവിസ്മരണീയമായ ഒരു കാവ്യാനുഭവം പ്രദാനം ചെയ്യുവാൻ കാത്തിരിക്കുന്നു.

സരയു അവതരിപ്പിക്കുന്ന പ്രത്യേക രംഗ പൂജയോടെ ആരംഭിക്കുന്ന കലാസന്ധ്യയിൽ മിമിക്രിയും ഗാനങ്ങളും സരയുവിന്റെ നേതൃത്വത്തിൽ തന്നെയുള്ള മനോഹര സംഘ നൃത്തങ്ങളും നാടകത്തിനു മുന്നോടിയായി അരങ്ങേറുന്നതാണ്. ഇതിനോടകം ഒട്ടേറെ ചെറു നാടകങ്ങളും സ്കിറ്റുകളും അവതരിപ്പിച്ച് കയ്യടി നേടിയ ഗ്ലോസ്റ്റെർഷെയറിലെ
ചെൽട്ടൻഹാം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു കൂട്ടം മലയാളി സഹൃദയരുടെ കൂട്ടായ്മയായ റിഥം തീയേറ്റേഴ്‌സിന്റെ ലൈവ് ആയി ഡയലോഗ് പറഞ്ഞു അവതരിപ്പിക്കുന്ന, രണ്ട് മണിക്കൂർ ദൈർഘ്യമുള്ള, ആദ്യ മുഴുനീള നാടകമാണ് ‘അസ്തമയം’. മലയാള നാടക വേദികളിൽ ശ്രദ്ധേയരായ കൊല്ലം അസ്സീസി തിയേറ്റേഴ്സിന്റെ സാങ്കേതിക സഹകരണത്തോടെയാണ് ‘അസ്തമയം’ അരങ്ങിൽ എത്തുന്നത്. ഫ്രാൻസിസ് ടി മാവേലിക്കര രചിച്ച ഈ നാടകത്തിന്റെ പുനരാവിഷ്കരണം യൂക്കെയിൽ ഒരുക്കിയിരിക്കുന്നത് മലയാളികൾക്ക് സുപരിചിതനായ റോബി മേക്കരയുടെ സംവിധാന മികവിലൂടെയാണ്.

വേദിയിൽ ഇവിടെ ഇരുന്നാലും പരിപാടികൾ അതിന്റെ പൂർണ്ണതയിൽ തന്നെ ആസ്വദിക്കാമെങ്കിലും ആദ്യം എത്തുന്നവർക്ക് മുൻ സീറ്റുകൾ തന്നെ കരസ്ഥമാക്കാവുന്നതാണ്. കലാസന്ധ്യ അരങ്ങേറുന്ന ചെൽട്ടൻഹാം ഡീൻ ക്ളോസ് സ്കൂളിനോട് അനുബന്ധിച്ച ബേക്കൺ തിയേറ്ററിലേക്ക് നാലരയ്ക്ക് തന്നെ പ്രവേശനം അനുവദിക്കുന്നതായിരിക്കും. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിരുന്ന ഈ പരിപാടി കൃത്യ സമയത്ത് തന്നെ തുടങ്ങുന്നതായിരിക്കും എന്ന് സംഘാടകർ പ്രത്യേകം അറിയിച്ചിട്ടുണ്ട്. വിശാലമായ സൗജന്യ കാർ പാർക്കിങ് സൗകര്യങ്ങളും അത്യാധുനിക ശബ്ദ വെളിച്ച ക്രമീകരണങ്ങളും ആയിരത്തിലധികം ഇരിപ്പിടങ്ങളും ഉള്ള ഈ വേദിതന്നെ അനുവാചകർക്ക് വേറിട്ടൊരു നാടകാനുഭവം പകരും. മുൻകൂട്ടി ടിക്കറ്റു ലഭിക്കാത്തവർക്ക് വേദിയുടെ പ്രധാന കവാടത്തിൽ നിന്ന് ടിക്കറ്റു വാങ്ങാവുന്നതാണ്. ഹാളിലേയ്‌ക്ക്‌ പ്രവേശിക്കും മുൻപേ ടിക്കറ്റു കാണിച്ച് പരിപാടി സമയത്തു കയ്യിൽ ധരിക്കേണ്ട റ്റാഗുകൾ സ്വന്തമാക്കുകയും വേണം. മിതമായ നിരക്കിൽ ഭക്ഷണ ക്രമീകരണങ്ങളും സംഘാടകർ അനുവാചകർക്കായി ഒരുക്കിയിട്ടുണ്ട്. ഗ്ലോസ്റ്റർ ഷെയർ മലയാളി അസോസിയേഷൻ അടക്കമുള്ള പ്രാദേശിക സംഘടനകളുടെയും കൂടി സഹകരണത്തോടെ, പരിപാടിയുടെ വിജയത്തിനായി വിവിധ കമ്മിറ്റികൾ രൂപീകരിച്ച് മാസങ്ങൾ നീണ്ടു നിന്ന ഒരുക്കങ്ങൾ ആണ് , സംഘാടനത്തിനു പേര് കേട്ട റിഥം ചെൽട്ടൻഹാം നടത്തിയിരിക്കുന്നത്.

ഗ്ലോസ്റ്റർഷെയർ NHS ട്രസ്റ്റ് ചാരിറ്റിയുടെ ധന ശേഖരണാർത്ഥം നടത്തുന്ന ഈ കലാസന്ധ്യയിലേയ്ക്ക് സഹൃദയരായ എല്ലാ നാടക പ്രേമികളെയും കലാസ്വാദകരെയും ഇതിന്റെ സംഘാടകർ സ്നേഹപൂർവം ക്ഷണിക്കുന്നു. ലൈഫ് ലൈൻ്ട പ്രൊട്ടക്ട് ഇൻഷുറൻസ്, മൂൺ ലൈറ്റ് ബെഡ്റൂംസ് & കിച്ചൻ, മേക്കര ആർക്കിടെക്ച്ചറൽ കൺ സൾട്ടന്റ്സ്, മണവാളൻസ് ലിമിറ്റഡ്, ഷോയ് ചെറിയാൻ – ഡയറക്റ്റ് ആക്സിഡന്റ് ക്ലെയിംസ് എന്നിവർ പ്രായോജകരായി എത്തിയിട്ടുള്ള ഈ പരിപാടിയുടെ
ടിക്കറ്റിനും കൂടുതൽ വിവരങ്ങൾക്കുമായി ടോം ശങ്കൂരിക്കൽ (Ph . 07865075048), മാത്യു ഇടിക്കുള (Ph. 07976458267) , ഡോ. ബിജു പെരിങ്ങത്തറ (Ph. 07904785565 ) എന്നിവർ ആരെയെങ്കിലുമായി ബന്ധപ്പെടുക.

Rhythm Kalasandya 2019
Date & Time: 9th March 2019, Saturday 5 PM
Venue : Bacon Theater, Dean Close School, Cheltenham GL51 6EP
Family Ticket – £25.00
Single Ticket – £10.00

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more