1 GBP = 103.84
breaking news

അഭിനന്ദനെ ഇന്ത്യക്ക് ഔദ്യോഗികമായി കൈമാറി

അഭിനന്ദനെ ഇന്ത്യക്ക് ഔദ്യോഗികമായി കൈമാറി

പാക് കസ്റ്റഡിയിലായ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ ഇന്ത്യയില്‍ തിരിച്ചെത്തി. വാഗ അതിര്‍ത്തി വഴിയാണ് അഭിനന്ദനെ പാകിസ്താന്‍ ഇന്ത്യക്ക് കൈമാറിയത്. ലാഹോറില്‍ നിന്നും റോഡ് മാര്‍ഗമാണ് അഭിനന്ദനെ വാഗ അതിര്‍ത്തിയിലെത്തിച്ചത്. വ്യോമസേന എയര്‍ വൈസ് മാര്‍ഷല്‍മാരായ ആര്‍.ജി.കെ.കപൂര്‍, ശ്രീകുമാര്‍ പ്രഭാകര്‍ എന്നിവര്‍ ചേര്‍ന്നാണ് അഭിനന്ദനെ സ്വീകരിച്ചത്.

05.30 ഓടെയാണ് അഭിനന്ദനെ പാകിസ്താന്‍ ഔദ്യോഗികമായി ഇന്ത്യക്ക് കൈമാറിയത്. പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. ഇന്ത്യക്ക് കൈമാറുന്നതിന് മുമ്പ് അഭിനന്ദനെ വാഗാ അതിര്‍ത്തിയില്‍ വെച്ച് വൈദ്യ പരിശോധന നടത്തി. അഭിനന്ദനെ തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായി വാഗാ അതിര്‍ത്തിയിലെ ഇന്നത്തെ ബീറ്റിങ് റിട്രീറ്റ് ചടങ്ങ് ബി.എസ്.എഫ് ഉപേക്ഷിച്ചിരുന്നു.

ഇന്ത്യന്‍ ജനത ഒരേ മനസോടെ കേള്‍ക്കാന്‍ കൊതിച്ച ആ വാര്‍ത്ത ഇന്നലെ വൈകുന്നേരമാണ് വന്നത്. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്താണ് കസ്റ്റഡിയിലുള്ള വൈമാനികനെ വിട്ടയക്കുമെന്ന പ്രഖ്യാപനം പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നടത്തിയത്. രാജ്യതലസ്ഥാനത്തെത്തി രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ളവരെ അഭിനന്ദന്‍ കണ്ടേക്കും.

അഭിനന്ദനെ വിട്ടയക്കുന്നത് സമാധാന ശ്രമങ്ങളുടെ ഭാഗമായാണ് എന്നാണ് പാക് പ്രധാനമന്ത്രി വിശദീകരിച്ചത്. എന്നാല്‍ ഇന്ത്യയുടെ ശ്രമഫലമായുണ്ടായ കടുത്ത അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ഉപാധികളില്ലാതെയാണ് അഭിനന്ദനെ പാകിസ്താന്‍ വിട്ടയക്കുന്നത്. കാണ്ഡഹാര്‍ മാതൃകയില്‍ വിലപേശലിനാണ് പാകിസ്താന്‍ ശ്രമിക്കുന്നതെന്നും ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നുമായിരുന്നു ഇന്ത്യയുടെ നിലപാട്.

ജനീവ കണ്‍വെന്‍ഷന്‍ മാനിച്ച് വൈമാനികനെ സുരക്ഷിതമായി വിട്ടയച്ചാലല്ലാതെ ഒരു ചര്‍ച്ചക്കും ഇടമില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ 26ന് വ്യോമാതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാക് പോര്‍വിമാനങ്ങളെ ചെറുക്കുന്നതിനിടെയാണ് മിഗ് 21 വിമാനം ഇന്ത്യക്ക് നഷ്ടമാവുകയും അഭിനന്ദന്‍ പാകിസ്താന്റെ പിടിയിലാവുകയും ചെയ്തത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more