1 GBP =
breaking news

സോഷ്യൽ മീഡിയ പ്രതികരണം നിർത്തി ഗാന്ധിയൻ ഉപവാസം ചെയ്യാൻ കെ.ആർ.മീരയുടെ ഉപദേശം നല്ലത്. (കാരൂർ സോമൻ )

സോഷ്യൽ മീഡിയ പ്രതികരണം നിർത്തി ഗാന്ധിയൻ ഉപവാസം ചെയ്യാൻ കെ.ആർ.മീരയുടെ ഉപദേശം നല്ലത്.   (കാരൂർ സോമൻ )
കേരളത്തിലെ  തെങ്ങിൽ നിന്നും നല്ല ആദായമായിരിന്നു കര്ഷകന് കിട്ടിയത്.  ആദയമോ നൂറു വർഷത്തിൽ അധികം. നല്ല വളക്കൂറുള്ള മണ്ണിലെ ഇത് വളരു. അതുപോലെ നമ്മുടെ രാഷ്ട്രീയ-മതത്തിനു വളരെ വളക്കൂറുള്ള മണ്ണാണ് ഇന്ത്യ. തെങ്ങിൻറ ആദായം കുറഞ്ഞുതുപോലെ മത-രാഷ്ട്രിയക്കാരുടെ ആദായവും കുറഞ്ഞു വരുന്നതിന്റ ശബ്ദമാണ് ഒരു സാഹിത്യകാരിയിൽ നിന്നും പുറത്തു വന്നത്. ഒരു ബെല്ലും ബ്രേക്കുമില്ലാത്ത  സോഷ്യൽ മീഡിയയിൽ പ്രസ്താവനകൾ നടത്താതെ, വികാരാവേശങ്ങൾ നടത്താതെ,  സൂത്രശാലികൾ ആകാതെ നേർവഴിയിൽ സഞ്ചരിക്കാൻ ഗാന്ധിയൻ ഉപവാസമുറകൾ നല്ലത്. കുറഞ്ഞ പക്ഷം വിശപ്പിൻറ രുചിയെങ്കിലും അറിയുമെല്ലോ.
കേരളത്തിലെ മത-രാഷ്ട്രീയ-സാഹിത്യ -സാംസ്‌കാരിക മേഖലയിലെ എത്രയോ പ്രമുഖരുടെ മുഖം നഷ്ടപെടുന്നതിന്റ ധാരാളം ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്.  അവരെ താങ്ങി നടത്തുന്നത് ആനപ്പുറത്തിരിക്കുന്നവരാണ്. ഒരു എഴുത്തുകാരിയുടെ നേർക്ക് സോഷ്യൽ മീഡിയയിൽ നടത്തുന്ന അസഭ്യവാക്കുകൾ എത്രയോ ലജ്ജാകരമാണ്. രണ്ടു കൂട്ടർ തമ്മിലുള്ള അമർഷ-വിമർശനങ്ങൾ അവർ തമ്മിൽ തീർക്കുന്നതല്ലേ നല്ലത്. അവിടെ ഫേസ് ബുക്ക് എന്ന യന്ത്രം ഉപയോഗിച്ച്  നായ് കുരക്കുന്നതുപോലെയാണ് ഒരു പറ്റം സൈബർ ഗുണ്ടകൾ  കുരച്ചു കുരച്ചു പിറകേയോടുന്നതും കുറെയൊടുമ്പോൾ തളർന്നു ഇരിക്കുന്നതും. മറ്റൊരു കുട്ടരാകട്ടെ ഞാനാണ് കേമൻ, മാന്യൻ  എന്ന ഭാവത്തിൽ ക്രൂരവും നിന്ദ്യവുമായ വിധത്തിൽ ആരെയും അധിക്ഷേപിക്കും.  ഈ സോഷ്യൽമീഡിയയെന്ന യന്ത്രപ്പെട്ടി മരിച്ചവരെ  ഉയിർത്തുഴുന്നേൽപ്പിക്കുമോ?
കാസർഗോഡ് ഇരട്ട കൊലപാതകം മനഃസാക്ഷിയുള്ള ആരും അംഗീകരിക്കില്ല. ഇടത്തു പക്ഷത്തെ തകർക്കാൻ കൗശലക്കാരായ ആരോ ഇതിന്റെ പിന്നിൽ ഇല്ലേ എന്ന സംശയം എനിക്കുണ്ട്. എന്തെന്നാൽ ഒരു ഇലക്ഷന് പടിവാതിൽക്കൽ നിൽക്കുമ്പോൾ ഉള്ളുപൊള്ളുന്ന ഈ പണി ആരെങ്കിലും ചെയ്യുമോ?  എഴുത്തുകാർ കൊലപാതകത്തിൽ പ്രതികരിക്കാത്തതുകൊണ്ട് ആ നിഷ്ടുര ക്രൂരകൃത്യത്തിനു കൂട്ടുനിൽക്കുന്നു എന്ന് കരുതരുത്. ചിലരെങ്കിലും പ്രതികരിക്കുന്നില്ലേ?  ചിലർ പ്രതികരിക്കാത്തത് അവർക്കു കിട്ടിക്കൊണ്ടിരിക്കുന്ന, കിട്ടാനിരിക്കുന്ന പദവി, പുരസ്‌ക്കാരങ്ങൾ നഷ്ടമാകും എന്നതുകൊണ്ടാണ്. ഈ മിണ്ടാപ്രാണികൾക്ക് ഒരു വാഴപ്പിണ്ടിയെങ്കിലും സമ്മാനമായി കൊടുക്കുന്നതിൽ തെറ്റൊന്നും കണ്ടിട്ട് കാര്യമില്ല.   റഷ്യയിലെ സർ ചക്രവർത്തി ഭരണകാലത്തു് സാഹിത്യകാരൻ മാക്‌സിം ഗോർക്കി അന്നത്തെ പോലീസ് വെടിവെപ്പിൽ  വിദ്യാർഥികളുടെ ചുടു രക്തം നേരിൽ കണ്ട വ്യക്തിയാണ്. അതിന്റ പേരിൽ അദ്ദേഹം ഒരു കവിത എഴുതി. “തുഫാനി പിതറേൽ കാ ഗീത്” അത് സർ ചക്രവർത്തിക്കും കൂട്ടർക്കും ദഹിച്ചില്ല. അദ്ദേഹത്തെ നാടുകടത്താൻ ശ്രമം നടന്നു. അവിടെ വിപ്ലവ നേതാവ് ലെനിൻ രംഗത്തു വന്നു. ഗോർക്കിയും  പിന്മാറിയില്ല. തോക്ക് കാട്ടി തൂലികയോട് കളിക്കേണ്ട എന്നു സാരം. ആ ദുഷിച്ച ഭരണത്തിനെതിരെ ആഞ്ഞടിച്ചതിനാൽ ജയിലിലുമായി. ടോൾസ്റ്റോയിയെ എടുത്താലോ. റഷ്യൻ വിപ്ലവത്തിന്റ കണ്ണാടി എന്നാണ് ലെനിൻ അദ്ദേഹത്തെ വിളിച്ചത്. എവിടെ സാഹിത്യകാ രൻമാരുണ്ടോ, കവികളുണ്ടോ അവിടെ നവോത്ഥാനമുണ്ട്. സത്യമുണ്ട്. നീതിയുണ്ട്. കേരളത്തിലും ഇന്ത്യയിലും എഴുത്തുകാരുണ്ട്.  അവർ എവിടെ എന്ന് പലരും ചോദിക്കാറുണ്ട്. ആ ചോദ്യത്തിന് ഉത്തരം നല്കാൻ നമ്മുടെ പൂർവ്വികരായ  എഴുത്തുകാർക്കുണ്ടായിരുന്നു. ആ ദേശീയബോധം നമുക്കു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.  അവർ മത-രാഷ്ട്രീയ മാടമ്പികളുടെ പരിഹാസത്തിനും പുച്ഛത്തിനും ഇരയായവരായിരുന്നു. അവരുടെ ലക്ഷ്യ൦ പദവിയും പുരസ്കാരങ്ങളുമായിരുന്നില്ല. സർഗ്ഗപ്രതിഭയുള്ള എഴുത്തുകാർ സംസ്കാരിക ഫാസിസത്തിനെതിരെ രംഗത്ത് വരുന്നവരാണ്. അവർ  മാളത്തിൽ ഒളിക്കുന്നവരല്ല.
എഴുത്തുകാരൻ ഏത് പാർട്ടിക്കാരനായാലും ആ വ്യക്തിയുടെ രചനകളാണ് പ്രധാനം. അവരുടെ വായ് മൂടിക്കെട്ടി അവരെ നിശ്ശബ്തരാക്കുന്നത്ആനപ്പുറത്തിരിക്കുന്നവരാണ്. അവരുടെ  കഴുതകളായിരിക്കാൻ എല്ലാം എഴുത്തുകാരെയും കിട്ടില്ല. ഈ കൂട്ടർ വിപ്ലവകാരിയും എഴുത്തുകാരനുമായിരുന്ന ലെനിനെ കണ്ടു പഠിക്കണം. എത്രയോ വര്ഷങ്ങളായി നിഷ്പക്ഷമായി എഴുതുന്ന എഴുത്തുകാർക്ക് ഒരു രാഷ്ട്രീയ പാർട്ടിയുടെയും  പിന്തുണയില്ല. അധികാര രാഷ്ട്രീയ൦ എഴുത്തുകാരേ രണ്ട് തട്ടിലാക്കി ഭരിക്കുന്നു. പാർട്ടിക്ക് ഓശാന പാടുന്നവനെ അപ്പ കഷണം കിട്ടു. കാലം പിഴക്കുമ്പോൾ എല്ലാം പിഴക്കുമെല്ലോ.  രാഷ്ട്രീയ കൊലപാതകങ്ങൾ പോലെ സാഹിത്യത്തിലും ഇതുപോലുള്ള കൊലപാതകങ്ങൾ നടക്കുന്നുണ്ട്.
രാഷ്ട്രീയ പാർട്ടികൾ രാഷ്ട്രീയ ഗുണ്ടകളെ, രാഷ്ട്രീയ തീവ്രവാദികളെ നിലക്ക് നിർത്തണം. പാവപെട്ട അമ്മമാരുടെ മക്കളാണ് കൊലക്കത്തിക്ക് ഇരയാകുന്നത് അല്ലാതെ നേതാക്കന്മാരുടെ മക്കളല്ല. ഇത് ജനങ്ങൾ തിരിച്ചറിയണം. അധികാരം നിലനിർത്താൻ അമ്മമാരുടെ കണ്ണുനീരും, ചുടുരക്തവും ഇവർക്കാവശ്യമാണ്. അതിനുവേണ്ടി മാതാപിതാക്കൾ മക്കളെ വിട്ടുകൊടുക്കരുത്. ഇന്ന് ഇന്ത്യയിൽ കാണുന്നത് മുൻപ് ഭരിച്ചിരുന്ന കൊളോണിയൽ  യജമാനന്മാരാണ്. മക്കളെ തൊഴിലെടുത്തു് ജീവിക്കാൻ പരിശീലിപ്പിക്കുക. മേലാളന്മാരുടെ കിഴാളന്മാരായി മക്കളെ വളർത്താതിരിക്കുക.  രാഷ്ട്രീയ പാർട്ടികൾ പാവപ്പെട്ട യൂവാക്കളെ കിറിമുറിക്കുന്നതിനേക്കാൾ സ്വയം കിറിമുറിച്ചു ഒരു ആല്മ പരിശോധന നടത്തി ജനത്തെ അറിവുള്ളവരാക്കി വളർത്തുക.  ചുടു രക്തത്തിൽ നിന്നും വർഗ്ഗിയഭികരരുടെ കരാളഹസ്തങ്ങളിൽ നിന്നും മലയാളിക് മോചനം കൊടുക്കുക.

Post Your Comments Here ( Click here for malayalam )

Press Esc to close
show more