1 GBP = 104.27
breaking news

ആരാധനാ ക്രമങ്ങളിൽ പൂർണ്ണമായ സമന്വയം അനിവാര്യമെന്ന്’ SMYM; സെന്റ് മോനിക്കാ മിഷനിൽ ഊർജ്ജവും, പ്രതീക്ഷകളും പകർന്ന യുവജന മുന്നേറ്റം ഇടവകൾക്കു മാതൃകയാവുന്നു

ആരാധനാ ക്രമങ്ങളിൽ പൂർണ്ണമായ സമന്വയം അനിവാര്യമെന്ന്’ SMYM; സെന്റ് മോനിക്കാ മിഷനിൽ ഊർജ്ജവും, പ്രതീക്ഷകളും പകർന്ന യുവജന മുന്നേറ്റം ഇടവകൾക്കു മാതൃകയാവുന്നു
അപ്പച്ചൻ കണ്ണഞ്ചിറ
ലണ്ടൻ: സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപത 2019 -2020 യുവജനവർഷം ആയി ആഘോഷിക്കുമ്പോൾ വ്യത്യസ്തമായ കർമ്മ മേഖലകളിൽ ശ്രദ്ധേയമായ പദ്ധതികളുമായും, അതിനൊപ്പം ശക്തമായ സഭാ സ്നേഹത്തിന്റെ വക്താക്കളുമായും ലണ്ടനിലെ മോനിക്ക മിഷൻ സീറോ മലബാർ യൂത്ത് മൂവ്മെന്റ് യുണിറ്റ് ശ്രദ്ധയാകർഷിക്കുന്നു.
‘പാശ്ചാത്യ മണ്ണിൽ സംസ്കാര സമന്വയത്തിന്റെ പേര് പറഞ്ഞു തങ്ങളുടെ ആരാധനാ ക്രമങ്ങളെ വെള്ള പൂശാൻ അനുവദിക്കരുതെന്നും, സീറോ മലബാർ ആരാധനാക്രമത്തിന്റെ ആന്തരിക സൗന്ദര്യവും, അർത്ഥവും, പാരമ്പര്യ-പൈതൃകങ്ങളുടെ അന്തർലീനമായ സത്തും നഷ്‌ടപ്പെടുത്താതെ സഭ ഏതു സംസ്കാരത്തിന്റെയും, ഭാഷയുടെയും വിശ്വാസത്തിന്റെയും നാട്ടിലും തങ്ങളുടെ തായ്‌വഴികളിലൂടെ തന്നെ മുന്നോട്ടു പോകണമെന്നും’ SMYM.
‘മലയാളിമക്കളെന്ന നിലയിൽ നവ തലമുറ അഭിമാനം കൊള്ളുന്നുവെന്നും നമ്മുടെ ഭാഷയുടെയും നാടിന്റേതുമായ സംസ്കാരവും, സഭയുടെ നാമവുമാണ് ഈ നാട്ടിൽ നമ്മൾക്കുണ്ടാക്കിത്തന്ന ഐഡന്റിറ്റിയും ശക്തിയുമെന്നും വിസ്മരിക്കുവാനാവില്ല.’
‘സീറോ സഭയുടെ പ്രവർത്തനങ്ങളിൽ ശക്തമായ യുവജന പ്രാതിനിദ്ധ്യം ഉണ്ടാവേണ്ടത് അനിവാര്യമാണെന്നും ‘നാളെയുടെ ചക്രം ചലിപ്പിക്കേണ്ടവർ ‘ ഇന്ന് പിൻ ബെഞ്ചിൽ ഇരുത്തപ്പെടുന്ന അവസ്ഥാ വിശേഷം മാറ്റണമെന്നും’ അവർ ചൂണ്ടിക്കാട്ടി.
“ആരാധനാ ക്രമങ്ങളിൽ പൂർണമായും സമന്വയിക്കുക” എന്ന സുസ്ഥിരമായ അജണ്ട മാത്രമാണ് തങ്ങളുടെ മുന്നിലുള്ളതെന്നും’ SMYM പറയുന്നു. തങ്ങളുടെ പ്രഥമ മീറ്റിംഗിൽ യുവജനങ്ങൾ തന്നെയാണ് ഇങ്ങനെയൊരു ചർച്ച ക്രമീകരിച്ചതും ആശയങ്ങൾ ശേഖരിച്ചതും.
വചനവേദിയിലും വിശുദ്ധബലി അർപ്പണത്തിലും ശുശ്രൂഷകരായും, ഗായക സംഘമായും, യുവജനങ്ങൾ സ്വയം മുന്നോട്ടു വന്നത് ദൈവജനത്തിനു വേറിട്ട അനുഭവമായി. ആദ്യ മീറ്റിങ്ങിന് ശേഷമുള്ള മോനിക്ക മിഷന്റെ പ്രഥമ കുർബ്ബാനയിൽത്തന്നെ യുവജനങ്ങൾ തങ്ങളുടെ ശുശ്രുഷകൾ ആല്മീയ അനുഭവമാക്കി മാറ്റുന്നതിൽ നിസ്തുല പങ്കാണ് വഹിച്ചത്. സഭയുടെ നാഡീ സ്പന്ദനത്തിൽ ആവേശമായും ഉണർവ്വായും യുവജനങ്ങൾ തങ്ങളുടെ വരവറിയിച്ചപ്പോൾ, ഇനിയുള്ള അവരുടെ പ്രവർത്തനങ്ങളിലേക്ക് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് ഇടവക സമൂഹങ്ങൾ.
വിശുദ്ധ കുർബ്ബാനക്കുശേഷം ജീവകാരുണ്യ നിധിക്കും, SMYM പ്രവർത്തന ഫണ്ടിനുമായി യുവജനങ്ങൾ തന്നെ തയ്യാറാക്കികൊണ്ടുവന്ന കേക്കുകൾ വില്പനക്ക് വച്ചപ്പോൾ മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും പൂർണ പിന്തുണയും പ്രോത്സാഹനവും ദൃശ്യമായിരുന്നു.
ആൽവിൻ ആന്റണിയുടെയും, അലീനാ ആന്റണിയുടെയും നേതൃത്വത്തിലാണ് SMYM സെന്റ് മോണിക്ക മിഷൻ, റെയിൻഹാം-ൽ പ്രവർത്തനം തുടങ്ങിയത്.
സീറോ മലബാർ യൂത്ത് മൂവ്മെന്റിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രീസ്റ്റ് ഇൻ ചാർജ്ജ് ജോസ് അന്ത്യാംകുളം അച്ചനും മതബോധന സ്‌കൂൾ ഹെഡ്ടീച്ചർ ജെയ്‌മോനും ഇടവകാ സമൂഹവും യുവജനങ്ങളുടെ പ്രചോദനമായി ആവേശപൂർവ്വം ഒപ്പമുണ്ടായിരുന്നു.
സെന്റ് മോനിക്ക മിഷൻ ഇൻ ചാർജ്ജ് ജോസ് അന്ത്യാംകുളം അച്ചനും, കമ്മറ്റിഅംഗങ്ങളും ഇടവകാംഗങ്ങളും യുവജനങ്ങളെ മുക്തകണ്ഡം പ്രശംസിക്കുകയും അവരുടെ എല്ലാ പ്രവർത്തങ്ങളും, സഭയുടെയും അതിലൂടെ സഭാമക്കളുടെയും ഉന്നമനത്തിന് കാരണമാകട്ടെ എന്നാശംസിക്കുകയും ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more