1 GBP = 102.95
breaking news

തദ്ദേശ സ്ഥാപന ഉപതെരഞ്ഞെടുപ്പ് ; ഇടത് മുന്നണിക്ക് മേല്‍ക്കൈ

തദ്ദേശ സ്ഥാപന ഉപതെരഞ്ഞെടുപ്പ് ; ഇടത് മുന്നണിക്ക് മേല്‍ക്കൈ

തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളിലായി 30 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം. പതിനാറിടത്ത് എല്‍ഡിഎഫും 12 ഇടങ്ങളില്‍ യുഡിഎഫും ജയിച്ചപ്പോള്‍ ബിജെപിക്ക് സീറ്റുകളൊന്നും ലഭിച്ചില്ല. ഒരിടത്ത് യുഡിഎഫ് വിമതനും ഒരു സ്വതന്ത്രനും ജയിച്ചു.മലപ്പുറത്ത് എല്‍ഡിഎഫ് അട്ടിമറി വിജയം നേടി, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത്, കവനൂര്‍ പഞ്ചായത്ത് ഭരണം പിടിച്ചെടുത്തു. പത്തനംതിട്ട റാന്നിയിലും എല്‍ഡിഎഫ് വിജയിച്ചു സംസ്ഥാന ശ്രദ്ധ നേടിയ ഒഞ്ചിയത്തെ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന് വീണ്ടും അടിതെറ്റിയപ്പോള്‍ ആര്‍എംപി പഞ്ചായത്ത് ഭരണം നിലനിര്‍ത്തി.

മലപ്പുറം കാവനൂര്‍ പഞ്ചായത്തിലെ പതിനാറാം വാര്‍ഡിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഹിന 40 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. ഇതോടെ പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി. എറണാകുളം ജില്ലയില്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ വൈറ്റില ജനതാ വാര്‍ഡില്‍ എല്‍ഡിഎഫിന് അട്ടിമറി ജയം. കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന എം പ്രേമചന്ദ്രന്റെ മരണത്തെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്. കണ്ണൂരില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് വാര്‍ഡുകളിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠപുരം മുന്‍സിപ്പാലിറ്റി കാവുമ്പായി വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇ രാജന് 245 വോട്ടിന് വിജയിച്ചു. യുഡിഎഫിലെ പി മാധവനെയാണ് തോല്‍പ്പിച്ചത്.

 

വയനാട് നെന്മേനി പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫാണ് വിജയം നേടിയത്. പത്മനാഭനാണ് 169 വോട്ടുകള്‍ക്ക് വിജയിച്ചത്. ഇതോടെ ഇടതുമുന്നണിക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടമാകും. പട്ടിക ജാതിക്ക് സംവരണം ചെയ്ത പ്രസിഡണ്ട് സ്ഥാനത്തേക്ക് പത്മനാഭന്‍ ചുമതലയേല്‍ക്കും.കോട്ടയം നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ യുഡിഎഫിന് അട്ടിമറി വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ 17 വോട്ടുകള്‍ക്കാണ് കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി ഷിബു ചാക്കോ തോല്‍പ്പിച്ചത്. കഴിഞ്ഞ മൂന്നു തവണ എല്‍ഡിഎഫ് വിജയിച്ചിരുന്ന സീറ്റ് ആയിരുന്നു ഇത്. സിപിഐ പ്രതിനിധി അസുഖ ബാധിതനായതിനെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.

ആലപ്പുഴ മുന്‍സിപ്പാലിറ്റിയില്‍ 15ാം വാര്‍ഡില്‍ യുഡിഎഫ് വിമതന്‍ ബി മഹബൂബ് വിജയിച്ചു. സ്റ്റാന്‍ഡിംങ് കമ്മറ്റി അധ്യക്ഷ സ്ഥാനം രാജിവയ്ക്കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ യുഡിഎഫ് കൗണ്‍സിലര്‍ ആയിരുന്ന മഹബൂബ് രാജിവച്ചപ്പോഴാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. പാലക്കാട് ബിജെപിക്ക് കനത്ത തിരിച്ചടി നല്കി രണ്ടാം വാര്‍ഡായ കല്‍പ്പാത്തിയില്‍ യുഡിഎഫിന് ജയം. യുഡിഎഫ് സ്ഥാനാര്‍ത്ഥി പി എസ് വിബിന്‍ 428 വോട്ടുകള്‍ക്ക് വിജയിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി എന്‍ ശാന്തകുമാരന്‍ 44 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തായി. നേരത്തെ കോണ്‍ഗ്രസിന്റെ ശരവണന്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. ശരവണന്‍ പിന്നീട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. സിപിഐഎം സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തായി. ബത്തേരി നെന്മേനി പഞ്ചായത്ത് 15ാം വാര്‍ഡായ മംഗലത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ കെ സി പത്മനാഭന്‍ 149 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. എല്‍ഡിഎഫിന്റെ സീറ്റായിരുന്നു ഇത്. റാന്നിയിലെ പുതുശ്ശേരിമല വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. പാലക്കാട് നഗരസഭയിലെ കല്‍പ്പാത്തി വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കോട്ടയം നീണ്ടൂര്‍ പഞ്ചായത്ത് 9ാം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more