1 GBP =
breaking news

കിളിക്കൊഞ്ചല്‍ (ബാലനോവല്‍- 11: കാരൂര്‍ സോമന്‍)

കിളിക്കൊഞ്ചല്‍ (ബാലനോവല്‍- 11: കാരൂര്‍ സോമന്‍)

വല്യപ്പന്റെ മുന്നിലേക്ക് ചെന്നു. മനസ്സ് തേങ്ങുന്നുണ്ടായിരുന്നു. വല്യപ്പന്‍ സ്‌നേഹത്തോടെ നോക്കി. ആ നോട്ടത്തില്‍ ആശ്വാസം തോന്നി. മനസ്സിനെ വരിഞ്ഞുമുറുകിയ ഭയം മാറി. കൈയ്യില്‍ ഒരു ചെറിയ തുണ്ട് പേപ്പര്‍ കൊടുത്തിട്ടു പറഞ്ഞു.
“നാളെ ഈ വീട്ടിക്കൂടി പേപ്പര്‍ ഇടണം. നീ പോകുന്ന വഴിയാ’ നെഞ്ചിടിപ്പുമാറി. ഉടനെ കുഞ്ഞമ്മ അകത്തേക്ക് ചായ കുടിക്കാന്‍ വിളിച്ചു. ചായയും കപ്പ പുഴുങ്ങിയതും കൊടുത്തിട്ട് പറഞ്ഞു.
“നീ ചായ കുടിച്ചിട്ട് ആ കോഴിക്കുഞ്ഞുങ്ങളെ ഒന്ന് തീറ്റ്’ അവന്‍ തലയാട്ടി. കോഴിക്കുഞ്ഞുങ്ങളെ പറമ്പില്‍ തീറ്റിക്കൊണ്ടുനില്‍ക്കവേ വല്യപ്പന്‍ നടന്നുപോകുന്നത് കണ്ടു. അവന്‍ അടുത്തൊരു മരച്ചുവട്ടിലിരുന്നു. കണ്ണുകള്‍ ഉറക്കക്ഷീണത്താല്‍ ഇടയ്ക്കിടെ അടഞ്ഞുകൊണ്ടിരുന്നു. ഒരു പ്രാവശ്യം പരുന്തിനെ ഭയന്ന് കഞ്ഞുകോഴികള്‍ തള്ളക്കോഴിയുടെ ചിറകിനടിയില്‍ അഭയം പ്രാപിച്ചത് മയക്കത്തിലിരുന്ന ചാര്‍ളി അറിഞ്ഞില്ല. പെട്ടെന്ന് ഒരു കുഞ്ഞുകോഴിയെ പരുന്ത് റാഞ്ചി. തള്ളക്കോഴിയുടെ ഉച്ചത്തിലുള്ള ശബ്ദംകേട്ട് ചാര്‍ളി കണ്ണുതുറന്നു. പരുന്തിനെ തൊട്ടു മുന്നിലായി കണ്ടു. അടുത്തേക്ക് ഓടിയെത്തിയെങ്കിലും കുഞ്ഞുകോഴിയുമായി പരുന്ത് പറന്നുയര്‍ന്നു. പരുന്ത് കോഴിക്കുഞ്ഞിനെ റാഞ്ചുമ്പോള്‍ തള്ളക്കോഴിയും കുഞ്ഞുങ്ങളും വീട്ടലേക്ക് ഭയന്നോടുകയായിരുന്നു. ശബ്ദം കേട്ട് കുഞ്ഞമ്മ കോഴികളുടെ അടുത്തേക്ക് വന്നു. ഏതോ ആപത്തില്‍ നിന്നും ഓടിവന്ന കോഴികളുടെ എണ്ണം നോക്കി. മുഖത്ത് നിരാശ. വീണ്ടും എണ്ണി. ഒരു കോഴിക്കുഞ്ഞ് എവിടെ?
കോഴികള്‍ വന്ന ഭാഗത്തേക്ക് നോക്കിയെങ്കിലും കണ്ടില്ല.

കോഴിക്കുഞ്ഞുങ്ങളെ നോക്കാന്‍ ഏല്‍പ്പിച്ചവനെയും കാണുന്നില്ല. റീനയ്ക്ക് ദേഷ്യം വന്നു. ആ ഉറക്കംതൂങ്ങി ചെറുക്കന്‍ ഏതെങ്കിലും മരത്തിലിരുന്ന് ഉറങ്ങിക്കാണും. എത്ര അടികൊണ്ടാലും നന്നാകാത്ത പിള്ളാരുണ്ടോ? സൂര്യപ്രകാശം ആകാശത്ത് മങ്ങി നിന്നു. കുഞ്ഞമ്മയെ ഭയന്ന് മരമുകളിലെത്തിയ ചാര്‍ളി കാറ്റില്‍ മരക്കൊമ്പുകള്‍ ആടിയുലയുന്നത് കണ്ടു. കുഞ്ഞമ്മ വീടുനുള്ളില്‍ കയറുന്നതുവരെ അവന്‍ മരത്തില്‍ തന്നെയായിരുന്നു. വീടിനുള്ളിലേക്ക് നടക്കുമ്പോള്‍ ചെന്നുചാടിയത് കുഞ്ഞമ്മയുടെ മുന്നിലായിരുന്നു.
ഭീതിയോടെ അവരുടെ കണ്ണുകളിലേക്ക് നോക്കി. പുരികക്കൊടികള്‍ ഉയര്‍ന്നു. “എവിടെയാടാ ഒരു കോഴിക്കുഞ്ഞ്?’ അവനൊന്നും മിണ്ടിയില്ല. ആകെ പേടിച്ചരണ്ട കണ്ണുകള്‍. “ചോദിച്ചത് കേട്ടില്ലേ?’ കുഞ്ഞമ്മയുടെ മുഖഭാവം മാറിയിരുന്നു. കോപം കണ്ണുകളില്‍ തെളിഞ്ഞു. മനസ്സാകെ വിറകൊണ്ടു. സത്യം പറയുവാന്‍ തന്നെ തീരുമാനിച്ചു. “പരുന്ത് കൊണ്ടുപോയി.’

റീന അവന്റെ മെലിഞ്ഞ കൈയ്യില്‍ കടന്ന് പിടിച്ച് വടികൊണ്ടും കൈ കൊണ്ടും കരണത്തും പുറത്തും ആഞ്ഞടിച്ചു. അവന്‍ വാവിട്ട് കരഞ്ഞു “കുഞ്ഞമ്മേ…കുഞ്ഞമ്മേ…അടിക്കാതെ….’ കോപാകുലയായ റീന ചോദിച്ചു. “എന്തിനാടാ ഞാന്‍ നിന്നോട് കോഴിയെ നോക്കാന്‍ പറഞ്ഞേ. പരുന്തിന് തിന്നാനാ. പറയെടാ…’ അവനും തോന്നി മറുപടി പറയണമെന്ന്. “പറയെടാ പരുന്തിന് തിന്നാനാ.’ അടികൊണ്ട് താഴെ വീണെങ്കിലും ചാടിപ്പിടഞ്ഞ് എഴുന്നേറ്റ് ദൂരെക്ക് ഓടിമാറി നിന്നു പറഞ്ഞു. “മനുഷ്യന് തിന്നാമെങ്കീ പരുന്തിനും തിന്നാം.’ “തര്‍ക്കുത്തരം പറയുന്നോടാ.’ദേഷ്യത്തോടെ റീന അവന്റെ അടുത്തേക്ക് ഓടി. അവന്‍ പാടത്തേക്ക് അടികൊള്ളാതെ അതിവേഗമോടി. പാടത്തിന്റെ മധ്യത്തില്‍ ഓടി കിതച്ചു നിന്നു. അവന് സങ്കടം താങ്ങാനായില്ല. വീണ്ടും വിങ്ങിപ്പൊട്ടി കരയുകയും കണ്ണുകള്‍ തുടക്കുകയും ചെയ്തു.
പരുന്ത് കോഴിയെ കൊണ്ടുപോയതിലും കുഞ്ഞമ്മ അടിച്ചതിലും അവന് കുറ്റബോധമോ പശ്ചാത്താപമോ തോന്നിയില്ല.
ദിവസങ്ങള്‍ ചെല്ലുന്തോറും കുഞ്ഞമ്മക്ക് തന്നോട് ദേഷ്യം കൂടിവരികയാണ്. തന്റെ അമ്മ ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ വഴക്ക് പറയുകയും തല്ലുകയുമില്ലായിരുന്നു. അമ്മയുടെ മുഖമേ ഓര്‍മ്മയുള്ളൂ. പാടത്തിന്റെ വരമ്പിലൂടെ മുന്നോട്ട് നടന്നു. പള്ളിക്കടുത്തുള്ള അമ്മയുടെ ശവക്കല്ലറയില്‍ പോയിരുന്ന് അമ്മയെ ഓര്‍ത്ത് കണ്ണുനീര്‍ വാര്‍ത്തു. അപ്പന്‍ ഗള്‍ഫിലായതിനാല്‍ ആ സ്‌നേഹവും ലഭിച്ചിട്ടില്ല. അവധിക്ക് വരുമ്പോഴൊക്കെ സ്‌നേഹത്തിന് പകരം ദേഷ്യപ്പെടും. അതിന് കാരണക്കാരി രണ്ടാനമ്മയായ റീനയാണ്. തന്നെ നോക്കാനാണ് അപ്പന്‍ രണ്ടാമത് വിവാഹം കഴിച്ചതെന്ന് പറയുമെങ്കിലും അതിലൊട്ടും സത്യമില്ല. രണ്ടാനമ്മയില്‍ ഒരു ആണ്‍കുട്ടി ജനിച്ചപ്പോള്‍ കുഞ്ഞമ്മക്ക് താനൊരു അധികപറ്റായി. ആദ്യം ഉണ്ടായിരുന്ന സ്‌നേഹം തീരെയില്ല. അതിന് അതിശയിക്കേണ്ടതില്ല. പരാതിപ്പെട്ടിട്ടും കാര്യമില്ല. മനഃസാക്ഷിയുള്ള സ്ത്രീകള്‍ക്കേ നല്ല അമ്മയാകാന്‍ കഴിയൂ.

മണിക്കൂറുകളോളം അവന്‍ അവിടെ തന്നെ ഇരുന്നു. ഇതിനിടയില്‍ അവനെ നോക്കി വീട്ടിലെ പശു അമറി. പാടത്തിന്റെ ഒരരുകില്‍ കെട്ടിയിരുന്ന വീട്ടിലെ പശുവിന്റെ അടുത്തേക്കവന്‍ നടന്നു. ഒരു പശു വീട്ടിലുണ്ട്. അതിനെ തീറ്റുകയും പോറ്റുകയും ചെയ്യുന്നത് ചാര്‍ളിയാണ്. പശുവിന്റെ അടുത്ത് ചെന്നപ്പോള്‍ വളരെ ഇഷ്ടത്തോടെ പശു അവന്റെ അടുത്തേക്ക് വന്നു. പശുവിന് എന്തെന്നില്ലാത്ത സ്‌നേഹം. പശുവിന്റെ പുറത്തവന്‍ തടവി സ്‌നേഹം പങ്കുവെച്ചു. അതിനെ അഴിച്ചു വീട്ടിലേക്ക് നടന്നു. കുഞ്ഞമ്മ ഇനിയും അടിക്കുമോ?

Post Your Comments Here ( Click here for malayalam )

Press Esc to close
show more