1 GBP = 103.12

മുനമ്പം മനുഷ്യക്കടത്ത്; രാജ്യാന്തര അന്വേഷണ ഏജന്‍സികളുടെ സഹായം തേടി കേരള പൊലീസ്

മുനമ്പം മനുഷ്യക്കടത്ത്; രാജ്യാന്തര അന്വേഷണ ഏജന്‍സികളുടെ സഹായം തേടി കേരള പൊലീസ്

മുനമ്പം വഴിയുള്ള അനധികൃത കുടിയേറ്റം നടന്നതായി സംശയിക്കുന്ന കേസില്‍ രാജ്യാന്തര അന്വേഷണ ഏജന്‍സികളുടെ സഹായം തേടി കേരള പൊലീസ്. ഇതിനായി നയതന്ത്ര ഇടപെടല്‍ നടത്താന്‍ അന്വേഷണസംഘം കേന്ദ്രസര്‍ക്കാരിനോട് അഭ്യർത്ഥിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്ത ദീപക് എന്ന പ്രഭുവിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണെങ്കിലും ഇയാളില്‍ നിന്നും പ്രധാന പ്രതികളിലേക്ക് എത്താന്‍ സഹായിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നാണ് സൂചന.

മുനമ്പത്ത് നിന്ന് ഇരുനൂറോളം പേര്‍ ന്യൂസിലാന്റിലേക്ക് പോയതായാണ് കസ്റ്റഡിയിലുള്ള പ്രഭു പൊലീസിന് മൊഴി നല്‍കിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ നാനൂറോളം ആളുകള്‍ തീരം വിടാന്‍ ശ്രമം നടത്തിയതായും ഇയാള്‍ വെളിപ്പെടുത്തി. വിദേശത്തേക്ക് കടന്നവര്‍ ശ്രീലങ്കന്‍ തമിഴ് വംശജരാണെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. എന്നാല്‍ ഇന്ത്യയില്‍ അഭയാർത്ഥികളായി കഴിഞ്ഞിരുന്ന ശ്രീലങ്കന്‍ അഭയാർത്ഥികളെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ കൃത്യമായ വിവരശേഖരണത്തിന് കഴിഞ്ഞിട്ടില്ല. വിദേശ ബന്ധം സംശയിക്കുന്ന കേസായതിനാല്‍ അന്വേഷണത്തിന്റെ വിവരങ്ങള്‍ സംസ്ഥാന പൊലീസ് കേന്ദ്ര ഏജന്‍സികള്‍ക്കു കൈമാറിയിട്ടുണ്ട്. ശ്രീലങ്കന്‍ പൊലീസിന്റെയും അഭയാർത്ഥികള്‍ കുടിയേറിയിട്ടുണ്ടാകാമെന്ന് സംശയിക്കുന്ന രാജ്യങ്ങളിലെ അന്വേഷണസംഘവുമായി സഹകരിച്ചുകൊണ്ടുള്ള ഒരന്വേഷണത്തിനാണ് ശ്രമം നടക്കുന്നത്. സംഭവത്തിലെ മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന ബോട്ട് ഉടമ ശ്രീകാന്തനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തില്‍ ഇയാള്‍ വിദേശരാജ്യങ്ങളിലുള്ളവരുമായി പണമിടപാട് നടത്തിയതിന്റെ രേഖകളടക്കം കണ്ടെടുത്തിട്ടുണ്ട്. ശ്രീകാന്തന്റെ വീട്ടില്‍നിന്നു കണ്ടെടുത്ത രണ്ട് സിസിടിവി ക്യാമറകളില്‍ പതിഞ്ഞ വാഹനങ്ങളെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.

ശ്രീകാന്തന് അന്താരാഷ്ട്രമനുഷ്യക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നാണ് പൊലീസ് സംശയം. പണം വാങ്ങിയ ഇടനിലക്കാരെക്കുറിച്ചടക്കം കൃത്യമായ വിവരങ്ങള്‍ അറിയില്ലെന്നാണ് കസ്റ്റഡിയിലുള്ള ഡല്‍ഹി സ്വദേശി പ്രഭു പറയുന്നത്. ഇയാള്‍ ഇടനിലക്കാരനാണോ എന്ന സംശയം നിലനില്‍ക്കുന്നുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകുന്ന മുറക്ക് ഇയാളെ ബാഗുകള്‍ കണ്ടെടുത്ത പ്രദേശങ്ങളിലടക്കം എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more