1 GBP =

സീറോ മലബാർ അല്മായരുടെ സോഷ്യൽ ക്ലബ്ബ് ശ്രദ്ധേയമാവുന്നു; ലെസ്റ്റർ സെന്റ് തോമസ് ഫാമിലി ക്ലബ്ബിന്റെ ക്രിസ്തുമസ് പ്രൗഢ ഗംഭീരമായി.

സീറോ മലബാർ അല്മായരുടെ സോഷ്യൽ ക്ലബ്ബ് ശ്രദ്ധേയമാവുന്നു; ലെസ്റ്റർ സെന്റ് തോമസ് ഫാമിലി ക്ലബ്ബിന്റെ ക്രിസ്തുമസ് പ്രൗഢ ഗംഭീരമായി.
അപ്പച്ചൻ കണ്ണഞ്ചിറ
ലെസ്റ്റർ: സീറോ മലബാർ മാർത്തോമ്മാ കത്തോലിക്കർ ലെസ്റ്റർ കേന്ദ്രീകരിച്ച് രൂപം കൊടുത്ത സെന്റ് തോമസ് ഫാമിലി സോഷ്യൽ ക്ലബ്ബ് വിശ്വാസി സമൂഹത്തിൽ ഏറെ ശ്രദ്ധേയവും, ചർച്ചാകേന്ദ്രവും ആവുന്നു. കഴിഞ്ഞ ദിവസം സെന്റ് തോമസ് ഫാമിലി സോഷ്യൽ ക്ലബ്ബ് ലെസ്റ്ററിൽ സംഘടിപ്പിച്ച തിരുപ്പിറവി-നവവത്സര ആഘോഷം പ്രൗഢ ഗംഭീരവും, വർണ്ണാഭവും ആയി.
വിശ്വാസവും,പൈതൃകവും, പാരമ്പര്യവും കാത്തു പരിപാലിക്കുകയും, സഭയുടെ വളർച്ചയിൽ പങ്കാളിയാവുകയും അതിനൊപ്പം തങ്ങളുടേതായ ഒരു ഫാമിലി സോഷ്യൽ ക്ലബ്ബ് എന്ന ആശയത്തിന് പൂർണ്ണതകൈവരിക്കുകയുമാണ് ലെസ്റ്റർ സെന്റ് തോമസ് ഫാമിലി സോഷ്യൽ ക്ലബ്ബ് എന്ന കൂട്ടായ്മ്മ. നൂറോളം കുടുംബങ്ങൾ കൈകോർത്തും ഊർജ്ജം പകർന്നും രൂപം കൊടുത്ത ഫാമിലി സോഷ്യൽ ക്ലബ്ബിന്റെ ക്രിസ്തുമസ് ആഘോഷത്തെ കുട്ടികളുടെ നിറപ്പകിട്ടാർന്ന കലാമേളക്കൊപ്പം, ഗംഭീര സ്റ്റേജ് ഷോയും, നാടൻ വിഭവങ്ങളുടെ രുചിക്കൂട്ടും,ലൈവ് കിച്ചനും, മദർ ഓഫ് ഗോഡ് പ്രീസ്റ്റ് ഫാ.ജോർജ്ജ് ചേലക്കൽ അച്ചന്റെ ഉദ്ഘാടന സന്ദേശവും, കരോൾ ഗാനാലാപനവും ചേർന്നപ്പോൾ അവിസ്മരണീയവും, ആകർഷകവുമായി.
ഈശ്വര പ്രാർത്ഥനയോടെ സമാരംഭിച്ച ക്ലബ്ബിന്റെ ക്രിസ്തുമസ്സ്-നവവത്സര ആഘോഷം ലെസ്റ്റർ മദർ ഓഫ് ഗോഡ് പ്രീസ്റ്റ് ഇൻ ചാർജ് ബഹു.ജോർജ്ജ് ചേലക്കൽ അച്ചൻ  ഉദ്ഘാടനം ചെയ്തു സന്ദേശം നൽകി.
“മുതിർന്ന തലമുറ ആർജ്ജിച്ച തനതായ സാമൂഹികവും, സാംസ്കാരികവുമായ നന്മയുടെ പാഠങ്ങളും, കലാ സാഹിത്യ പാഠവങ്ങളും പരിപാലിക്കപ്പെടുവാനും, നവ തലമുറയ്ക്ക് അത് പകർന്നു നൽകുവാനും, അവരെ പ്രോത്സാഹിപ്പിക്കുവാനും ഒരേ പാരമ്പര്യ വിശ്വാസ മനസ്സുകളുടെ ശക്തമായ ഒരു കൂട്ടായ്മ്മ പടുത്തയർത്തിയത് എല്ലാ നിലക്കും അഭികാമ്യമായി. സെന്റ് തോമസ് ഫാമിലി സോഷ്യൽ ക്ലബ്ബ്  മറ്റുള്ളവർക്കു പ്രചോദനവും, മാതൃകയും  സഹായവുമായി വർത്തിക്കുവാനാവണം. സന്തോഷവും, സന്താപവും, ആഹ്ളാദവും,വേദനയും, വിനോദവും ഒക്കെ പങ്കിടുമ്പോൾ  വിശ്വാസം പങ്കു വെക്കുന്ന ഒരു സമൂഹത്തോടൊപ്പം ആവുന്നത് ഏറെ നന്നാവും”. ഫാമിലി ക്ലബ്ബിനു  നല്ല കർമ്മപഥത്തിലൂടെ മാത്രം എല്ലാക്കാലത്തും ചരിക്കുവാൻ കഴിയട്ടെയെന്നു ആശംശിച്ച ജോർജച്ചൻ സർവ്വ വിജയങ്ങൾ നേരുകയും ചെയ്തു.
 
ലെസ്റ്റർ ഫാമിലി ക്ലബ്ബിന്റെ ആഘോഷത്തിലേക്ക് ജസ്റ്റിൻ ഏവർക്കും ഹാർദ്ധവമായ സ്വാഗതം ആശംസിക്കുകയും ക്ലബ്ബിന്റെ പ്രവർത്തന മേഖലയെ പ്രദിപാദിച്ചു സംസാരിക്കുകയും ചെയ്തു. കലാപരിപാടികൾക്കായി ദിവസങ്ങളായുള്ള പരിശീലനവും,   ഒറ്റക്കെട്ടായ പാചക പങ്കാളിത്തവും, വേദിയുടെ ആകർഷകമായ ഒരുക്കങ്ങളും ആയി പങ്കിട്ട നല്ല നിമിഷങ്ങൾ ഏവർക്കും കൂടുതൽ സ്നേഹോർമ്മകളേകുകയും, ഫാമിലി സോഷ്യൽ ക്ലബ്ബെന്ന ആശയത്തിന്റെ ബന്ധത്തെ അരക്കിട്ടുറപ്പിക്കുന്നതുമായി.
പൊറോട്ടയും, ബീഫ് കറിയും, ദംബിരിയാണിയും, കപ്പയും, മീൻകറിയും അടക്കം നാടൻ വിഭവങ്ങളുടെ സമ്പന്നമായ രുചിക്കൂട്ട് ആഘോഷത്തിലെ ഹൈലൈറ്റായി.
അടിപൊളി ‘കോഴിക്കോടൻ പൊറോട്ട’ക്കായുള്ള ‘തിക്കും തിരക്കും’ ഏറെ രസക്കാഴ്ച പകരുന്നതായി. വൈകും വരെ ‘ലൈവ് കിച്ചൻ’ നിലനിറുത്തി ഏവരെയും സംതൃപ്തരാക്കിയ ‘പൊറോട്ട അടിക്കാരൻ’ അലക്സ് ഏറെ കയ്യടിയും പ്രശംസയും നേടിയാണ് വേദി വിട്ടത്. ക്ളബ്ബംഗങ്ങളുടെ നാടൻ വിഭവങ്ങളുടെ പാചക ‘കസർത്ത്’ ഏവരും നന്നായിത്തന്നെ ആസ്വദിച്ചു.
ഫാമിലി ക്ലബ്ബിലെ കുട്ടികളുടെ മികവുറ്റ വൈവിദ്ധ്യമായ കലാ പ്രകടനങ്ങൾക്കൊപ്പം, ഗംഭീര സ്റ്റേജ് ഷോയും അരങ്ങു വാണു. ഫാമിലി ക്ലബ്ബ് ഒരുക്കിയ കലാ വിരുന്നിൽ  നേറ്റിവിറ്റി, ഓർക്കസ്ട്ര, നൃത്തനൃത്യങ്ങൾ, സ്കിറ്റ്, പാട്ട്, പ്രസംഗം എന്നിവക്കൊപ്പം ആഘോഷത്തിന് മാന്തിക രസച്ചരടുമായെത്തിയ ഗംഭീര സ്റ്റേജ് ഷോയിൽ ചാലക്കുടിയുടെ സ്വന്തം കലാഭവൻ മണിയെ അനുസ്മരിപ്പിച്ച തകർപ്പൻ ‘ മണിയുടെ നാടൻ കലാ വിഭവങ്ങളുമായി’ വന്ന് വേദി കീഴടക്കിയ രഞ്ജി, ഹാസ്യ കൗണ്ടറടിയുടെ രാജാവായ പന്തളം ഉല്ലാസ്, നർത്തകി മഞ്ജു അടക്കം 14 കലാകാർ അണിനിറഞ്ഞ സ്റ്റേജ് ഷോയും ഒന്നിച്ചപ്പോൾ  ആഘോഷത്തിനു ഉത്സവത്തിന്റെ പൊൻ പ്രഭ പരന്നു.
പ്രോഗ്രാം വൻ വിജയമാക്കിയ സുബിൻ തോമസ്, സന്തോഷ് മാത്യു, ബിറ്റോ സെബാസ്റ്റ്യൻ, ജോമി ജോൺ, ഷിബു, ജിജിമോൻ, ജോബി എന്നിവരുടെ കോർഡിനേഷനും, ഏവരും നന്നായി ആസ്വദിച്ച നാടൻ വിഭവങ്ങളുടെ രുചിക്കൂട്ടിനു നേതൃത്വം നൽകിയ ജോസ്, ഷെറിൻ, വിജയ് എന്നിവരുടെ പാചക നേതൃത്വവും, അരങ്ങു വാണ കൊച്ചു കലാകാരുടെ പ്രകടനങ്ങളും ഏവരുടെയും മുക്തകണ്ഠമായ പ്രശംസ പിടിച്ചു പറ്റി.
ആഘോഷത്തെ വൻ വിജയമാക്കി മാറ്റിയ സെന്റ് തോമസ് ഫാമിലി സോഷ്യൽ ക്ളബ്ബാംഗങ്ങൾക്കും, അതിഥികൾക്കും സ്റ്റാൻലി പൈമ്പിള്ളിൽ നന്ദി പ്രകാശിപ്പിച്ചു.

ഏപ്രിൽ മാസത്തിൽ വിഭാവനം ചെയ്ത ‘ത്രിദിന ഫാമിലി ഔട്ടിങ്’ ഗംഭീരമാക്കുവാൻ ഉള്ള തയ്യാറെടുപ്പുകൾക്കു നാന്ദി കുറിച്ചു കൊണ്ടാണ് ഏവരും വേദി വിട്ടത്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more