1 GBP =

സീറോ മലബാർ സഭ പാത്രിയാർക്കൽ പദവിയിലേക്ക്

സീറോ മലബാർ സഭ പാത്രിയാർക്കൽ പദവിയിലേക്ക്

തിരുവനന്തപുരം: കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധികാരങ്ങള്‍ വെട്ടിക്കുറച്ചുകൊണ്ടുള്ള വത്തിക്കാന്‍ തീരുമാനങ്ങള്‍ക്ക് സിനഡ് അംഗീകാരം നല്‍കി. മെത്രാന്‍ മാര്‍ക്ക് സ്ഥലംമാറ്റം നല്‍കിയും പുതിയ രൂപതകള്‍ പ്രഖ്യാപിച്ചും തര്‍ക്കങ്ങള്‍ പരിഹരിച്ച് പാത്രിയര്‍ക്കേറ്റ് സ്ഥാപിക്കാനും തീരുമാനയിട്ടുണ്ട്.

ആരാധനാക്രമത്തെ ചൊല്ലി കര്‍ദ്ദിനാള്‍ പാറേക്കാട്ടില്‍ ജോസഫും അനുയായികളും ഒരു പക്ഷത്തും കല്‍ദായ വാദികള്‍ മറുപക്ഷത്തുമായി നടത്തിവന്ന ശീതസമരമാണ് ഭൂമി കച്ചവട വിവാദമായി പുറത്തു വന്നതെന്നാണ് വത്തിക്കാന്റെ കണ്ടെത്തല്‍. ഇതിനുള്ള പരിഹാര നടപടികള്‍ കൈക്കൊള്ളാനാണ് പൗരസ്ത്യ സഭകള്‍ക്കായുള്ള കര്‍ദിനാള്‍ സംഘം സീറോ മലബാര്‍ സഭാ സിനഡിനോട് ആവശ്യപ്പെട്ടത്. ഭരണനിര്‍വ്വഹണം നടത്തുന്നതില്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് എന്ന നിലയിലും എറണാകുളംഅങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്ത എന്ന നിലയിലും പരാജയപ്പെട്ടതായും വത്തിക്കാന്‍ വിലയിരുത്തി. ഇതിനെ തുടര്‍ന്ന് സിനഡില്‍ നടന്ന ചര്‍ച്ചകളില്‍ മെത്രാന്‍ മാര്‍ക്ക് സ്ഥലംമാറ്റം നല്‍കാന്‍ തീരുമാനമായി. മുന്‍പ് കല്യാണ്‍, മാനന്തവാടി രൂപതകളില്‍ സ്ഥലം മാറ്റം നടപ്പാക്കിയ കീഴ്‌വഴക്കം സിനഡിനുണ്ട്. എറണാകുളം-അങ്കമാലി അതിരൂപതയുടെ അഡ്മിസ്‌ട്രേറ്ററായി പ്രവര്‍ത്തിച്ച ബിഷപ്പ് ജേക്കബ് മനന്തോടത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ വത്തിക്കാനും സിനഡും പൂര്‍ണ തൃപ്തി രേഖപ്പെടുത്തി. മാര്‍ മനത്തോടത്തിനെ എറണാകുളം അങ്കമാലി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി നീയമിക്കാന്‍ തീരുമാനമായിട്ടുണ്ട്.

ഇതിനിടെ സീറോ മലബാര്‍സഭ ഏറെ നാളായി കാത്തിരുന്ന പാത്രിയര്‍ക്കല്‍ പദവി പ്രഖ്യാപനം 15 ന് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ജംബസ്തി ദോ ദിഗ് വാദ്രേ സഭാ ആസ്ഥാനത്ത് വച്ച് നടത്തുമെന്നാണ് സൂചന. പുതുതായി രൂപീകരിക്കുന്ന കുറവിലങ്ങാടോ, കൊടുങ്ങല്ലൂരോ ആയിരിക്കും പാത്രിയര്‍ക്കീസിന്റെ ആസ്ഥാന രൂപത. ചങ്ങനാശ്ശേരി അതിരൂപതയിലെ കുടമാളൂര്‍, അതിരംപുഴ ഫൊറോനകളും പാല രൂപതയിലെ കുറവിലങ്ങാട്, കോതനല്ലൂര്‍ രൂപതകളും എറണാകുളം അങ്കമാലി അതിരൂപതയിലെ തലയോലപറമ്പ്, വൈക്കം ഫൊറോനകളും ചേര്‍ത്താണ് കുറവിലങ്ങാട് മേജര്‍ അതിരൂപത രൂപീകരിക്കുക. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി തന്നെയാകും പാത്രിയര്‍ക്കീസായി നീയമിതനാകുക. ഇതിനു മുന്നോടിയായി സിനഡ് കര്‍ദ്ദിനാള്‍ ആലഞ്ചേരിയില്‍ പൂര്‍ണ വിശ്വാസം രേഖപ്പെടുത്തി പ്രമേയം പാസാക്കി വത്തിക്കാന് നല്‍കിയിട്ടുണ്ട്.

ഭരണനിര്‍വ്വഹണത്തില്‍ പരാജയമെന്ന് വത്തിക്കാനും സിനഡും വിലയിരുത്തിയ ജോര്‍ജ് ആലഞ്ചേരിക്ക് ഭരണ നിര്‍വ്വഹണ അധികാരം ഉണ്ടാകില്ല. മുന്‍പ് സീറോ മലബാര്‍ സഭയ്ക്ക് ആദ്യമായി മേജര്‍ ആര്‍ച്ച് ബിഷപ്പ് പദവി നല്‍കിയപ്പോള്‍ സ്വീകരിച്ച നിലപാടാകും ഇത്തവണയും നടപ്പാക്കുക. അന്ന് മാര്‍ ആന്റണി പടിയറ മേജര്‍ ആര്‍ച്ച് ബിഷപ്പായെങ്കിലും ഭരണനിര്‍വ്വഹണം അപ്പസ്‌തോലിക്ക് അഡ്മിനിസ്‌ട്രേറ്ററായ ഏബ്രഹാം കാട്ടുമനക്കായിരുന്നു. ഇത്തവണ പെര്‍മനന്റ് സിനസിന് പുറമെ ഒരു പുതിയ കമ്മറ്റിയെ കൂടി സിനഡ് നിയോഗിക്കും. ഇതിനിടെ ദീപികയിലെ കെടുകാര്യസ്ഥത സിനസില്‍ പുകഞ്ഞു കത്തുകയാണ്. 16ന് ചേരുന്ന പ്രത്യേക സമ്മേളനം ഈ വിഷയം ചര്‍ച്ച ചെയ്യും.

ഇതിനിടെ ഹൈറേഞ്ച് സംരക്ഷണസമതിയുടെ രാഷ്ട്രീയ നിലപാടിന് പിന്തുണ തുടരാനും സിനഡില്‍ തീരുമാനമായി. ദീപികയുടെ പുതിയ പ്രസിന്റെ ഉദ്ഘാടനം ഫെബ്രുവരി മൂന്നിന് പിണറായി വിജയനെ കൊണ്ട് നടത്തിക്കാനും സിനഡ് തീരുമാനിച്ചു. ഈ അവസരം വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സഭ സ്വീകരിക്കുന്ന നിലപാടിന്റെ പ്രഖ്യാപനമായി മാറ്റണമെന്ന നിലപാടും പല മെത്രാന്‍മാരും സ്വീകരിച്ചു. കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കെഎം മാണിയെ കൈവിടാനും ഫ്രാന്‍സീസ് ജോര്‍ജിനെ പ്രോല്‍സാഹിപ്പിക്കാനുമാണ് ധാരണ. ഫ്രാന്‍സീസ് ജോര്‍ജിനെ കോട്ടയത്തോ,പത്തനംതിട്ടയിലോ സ്ഥാനാര്‍ത്ഥിയാക്കാന്‍ സമര്‍ദ്ദം ശക്തമാക്കാനും തീരുമാനമായിട്ടുണ്ട്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more