1 GBP = 104.04
breaking news

സാമ്പത്തിക സംവരണ ബില്‍: ഹര്‍ജിയുമായി എസ്എന്‍ഡിപിയും സുപ്രിം കോടതിയിലേക്ക്‌

സാമ്പത്തിക സംവരണ ബില്‍: ഹര്‍ജിയുമായി എസ്എന്‍ഡിപിയും സുപ്രിം കോടതിയിലേക്ക്‌

ആലപ്പുഴ: മുന്നോക്ക വിഭാഗത്തിന് പത്തുശതമാനം സംവരണം നല്‍കുന്ന സാമ്പത്തിക ബില്ലിനെതിരെ എസ്എന്‍ഡിപിയും സുപ്രിം കോടതിയിലേക്ക്. കേന്ദ്രത്തിന്റേത് ഏകപക്ഷീയമായ തീരുമാനമാണെന്നും, സംവരണത്തിനെതിരെ സുപ്രിം കോടതിയെ സമീപിക്കുകയാണെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അറിയിച്ചു. ഭരണഘടനയ്ക്ക് പുറത്തുള്ള ഒരു സംവരണവും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ സാമ്പത്തിക സംവരണബില്‍ പാസ്സാക്കിയ നരേന്ദ്ര മോദി സര്‍ക്കാരിന് നന്ദി അറിയിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ കത്തയച്ചിരുന്നു. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ മുതല്‍ എന്‍എസ്എസ് ആവശ്യപ്പെടുന്ന ഒന്നാണ് സാമ്പത്തിക സംവരണം. അത് നടപ്പില്‍ വരുത്തിയതിന്റെ സന്തോഷം അറിയിച്ചാണ് സുകുമാരന്‍ നായര്‍ മോദിക്ക് കത്തയച്ചത്.

ബില്ലിനായി കൊണ്ടു വന്ന ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന ഘടന ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി യൂത്ത് ഫോര്‍ ഇക്വാലിറ്റി എന്ന സംഘടന നേരത്തെ ഹര്‍ജി ഹര്‍ജി കൊടുത്തിരുന്നു. സാമ്പത്തിക അടിസ്ഥാനത്തിലുള്ള സംവരണം, സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം എന്നിവ സുപ്രിംകോടതി ഭരണഘടന ബെഞ്ചുകളുടെ വിധികള്‍ക്ക് എതിരാണ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.

ഇന്ദിര സാഹിനി കേസില്‍ 1992 ല്‍ സുപ്രിംകോടതിയുടെ ഒന്‍പത് അംഗ ഭരണഘടന ബെഞ്ച് പുറപ്പടിവിച്ച വിധി പ്രകാരം സാമ്പത്തിക അടിസ്ഥാനത്തിലുള്ള സംവരണം നിലനില്‍ക്കില്ല. ബില്ല് പ്രകാരം പൊതു വിഭാഗത്തിലുള്ളവര്‍ക്ക് മാത്രമാണ് സാമ്പത്തിക സംവരണം ലഭിക്കുക. ഇത് വിവേചനപരമാണ്. സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തിയത് ടിഎംഎപൈ, ഇനാം ദര്‍ കേസുകളിലെ ഭരണഘടന ബെഞ്ചിന്റെ വിധിയുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.

എട്ട് ലക്ഷത്തിന് താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കായിരിക്കും സംവരണം ലഭിക്കുക. പത്ത് ശതമാനം സംവരണം സര്‍ക്കാര്‍ ജോലികളില്‍ നല്‍കും. നിലവില്‍ ഒബിസി, പട്ടികജാതിപട്ടികവര്‍ഗക്കാര്‍ക്ക് സംവരണം നല്‍കുന്നുണ്ട്. ഏറെ കാലമായി ആര്‍എസ്എസ് ഉള്‍പ്പടെയുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നതാണ് സാമ്പത്തികസംവരണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more