1 GBP = 103.68
breaking news

അയോധ്യ കേസ്: സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് വ്യാഴാഴ്ച്ച ഹര്‍ജികളില്‍ വാദം കേള്‍ക്കും

അയോധ്യ കേസ്: സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് വ്യാഴാഴ്ച്ച ഹര്‍ജികളില്‍ വാദം കേള്‍ക്കും

ദില്ലി: അയോധ്യ കേസ് സുപ്രിംകോടതി ഭരണഘടന ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യാഴാഴ്ച്ച ഹര്‍ജികളില്‍ വാദം കേള്‍ക്കല്‍ ആരംഭിക്കും. നിലവിലെ ചീഫ് ജസ്റ്റിസിന് പുറമെ ഭാവിയില്‍ ചീഫ് ജസ്റ്റിസ് ആകാവുന്ന നാല് ജഡ്ജിമാര്‍ അടങ്ങുന്നതാണ് ഭരണഘടന ബെഞ്ച്. അയോധ്യ തര്‍ക്കവുമായി ബന്ധപെട്ട ഇസ്മയില്‍ ഫറൂഖി കേസ് വിശാല ബെഞ്ചിന് വിടണമെന്ന ആവശ്യം മൂന്നംഗ ബെഞ്ച് നേരത്തെ തള്ളിയിരുന്നു.

അയോധ്യയിലെ തര്‍ക്ക ഭൂമി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരായ 16 അപ്പീലുകളാണ് ഭരണഘടന ബെഞ്ച് പരിഗണിക്കുക. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് പുറമെ ജസ്റ്റിസുമാരായ എസ്എ ബോബ്‌ഡെ, എന്‍വി രമണ, യുയു ലളിത്, ഡിവൈ ചന്ദ്രചൂഡ് എന്നിവരാണ് ബെഞ്ചിലെ അംഗങ്ങള്‍. കേസ് ഒരു ഭൂമി തര്‍ക്കം മാത്രമാണെന്നായിരുന്നു മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നിലപാട്.

ഇസ്‌ലാം മത വിശ്വാസികള്‍ക്ക് ആരാധനക്കായി പള്ളി അനിവാര്യമല്ലെന്ന ഇസ്മയില്‍ ഫറൂഖി കേസിലെ ഭരണഘടന ബെഞ്ച് വിധി വിശാല ബെഞ്ചിന് വിടണമെന്ന ആവശ്യം ഭൂരിപക്ഷ വിധിയിലൂടെ ദീപക് മിശ്ര അധ്യക്ഷനായ മൂന്ന് അംഗ ബെഞ്ച് തള്ളിയിരുന്നു. അപ്പീലുകള്‍ ഭരണഘടന ബെഞ്ചിന്റെ പരിഗണനക്ക് വരുന്നതോടെ ഉള്‍പ്പെട്ടിരിക്കുന്ന ഭരണഘടന വിഷയങ്ങളും കോടതി പരിശോധിക്കാനുള്ള സാഹചര്യമുണ്ടായി.

വ്യാഴാഴ്ച്ച ഹര്‍ജികള്‍ പരിഗണനക്ക് വരുമ്പോള്‍ അന്തിമവാദം എപ്പോള്‍ തുടങ്ങുമെന്നകാര്യം കോടതി വ്യക്തമാക്കും.രാഷ്ട്രീയപരമായി ഏറെ പ്രാധാന്യമുള്ള കേസില്‍ ഉല്‍പ്പെട്ടിരിക്കുന്നത് ഭാവിയില്‍ ചീഫ് ജസ്റ്റിസ് പദവിയില്‍ എത്തുന്ന ജഡ്ജിമാരാണെന്നതും ശ്രദ്ധേയം. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് കേസില്‍ വിധിയുണ്ടാകുമോ എന്നത് ഏറെ പ്രധാനമാണ്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നവംബറില്‍ വിരമിക്കുന്നതിനാല്‍ ഈ വര്‍ഷം കേസില്‍ വിധിയുണ്ടാകുമെന്ന കാര്യം ഉറപ്പാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more