1 GBP = 104.04
breaking news

ഗാറ്റ്‌വിക്ക് വിമാനത്താവളത്തിലെ ഡ്രോൺ ഭീഷണിക്ക് കാരണക്കാർ അറസ്റ്റിലായ മുൻ സൈനികനും ഭാര്യയുമെന്ന് അന്വേഷണോദ്യോഗസ്ഥർ; അറസ്റ്റ് ചെയ്തത് നിരപരാധികളെയെന്ന് നാട്ടുകാർ

ഗാറ്റ്‌വിക്ക് വിമാനത്താവളത്തിലെ ഡ്രോൺ ഭീഷണിക്ക് കാരണക്കാർ അറസ്റ്റിലായ മുൻ സൈനികനും ഭാര്യയുമെന്ന് അന്വേഷണോദ്യോഗസ്ഥർ; അറസ്റ്റ് ചെയ്തത് നിരപരാധികളെയെന്ന് നാട്ടുകാർ

ലണ്ടൻ: ഗാറ്റ്‌വിക്ക് വിമാനത്താവളത്തില്‍ ഏതാനും ദിവസങ്ങളായി നടക്കുന്ന ഡ്രോണ്‍ ഭീഷണിക്ക് പിന്നില്‍ മുൻ സൈനികനും ഭാര്യയുമാണെന്ന് ആരോപിച്ച് പോലീസ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഗാറ്റ്‌വിക്കില്‍ നിന്നും അഞ്ച് മൈല്‍ അകലെ വെസ്റ്റ് സസെക്‌സിലെ ക്രൗളിയില്‍ താമസിക്കുന്ന പോളും, ഭാര്യ എലെയിനും നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവരാണ്. ഇതിനിടെയാണ് ഇവരെ അത്ഭുതപ്പെടുത്തി ഡ്രോണ്‍ കേസില്‍ ഇരുവരെയും അറസ്റ്റ് ചെയ്യുന്നത്.

സമൂഹത്തോട് ഏറെ അടുത്ത് നില്‍ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു ദമ്പതികളെ പോലീസ് അബദ്ധത്തില്‍ അറസ്റ്റ് ചെയ്തതാണെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു. ആരെയും അറസ്റ്റ് ചെയ്യാന്‍ പറ്റാതെ വന്നതോടെ ഉയര്‍ന്ന സമ്മര്‍ദം തീര്‍ക്കാന്‍ അധികൃതര്‍ കിട്ടിയവനെ പിടികൂടിയെന്നാണ് ഇവരുടെ വിശ്വാസം. പൊടുന്നനെയാണ് ഇവരുടെ വീട്ടില്‍ നിന്നും ബഹളവും, ആക്രോശവും ഉയര്‍ന്നതെന്ന് പോളിനെ അറസ്റ്റ് ചെയ്യുന്നതിന് സാക്ഷിയായ അയല്‍ക്കാരന്‍ ബോബ് സിംപ്കിന്‍ വ്യക്തമാക്കി. ഇവര്‍ ഇങ്ങനൊരു കൃത്യം ചെയ്യുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതുന്നില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാറ്റ്‌വിക്കിനെ അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമാക്കിയ ഡ്രോണ്‍ പ്രയോഗത്തില്‍ ദമ്പതികളെ ഇന്നലെ രാത്രിയും ചോദ്യം ചെയ്ത് വരികയാണ്. മന്ത്രിമാരുടെയും, ഉദ്യോഗസ്ഥരുടെയും വീഴ്ചകള്‍ തുറന്നുകാട്ടിയതോടൊപ്പം 140,000 വിമാന യാത്രക്കാരുടെ ക്രിസ്മസ് ആഘോഷങ്ങളും രാജ്യത്തെ ഞെട്ടിച്ച ഡ്രോണ്‍ പറത്തല്‍ തകര്‍ത്തിരുന്നു.

കെന്റിലെ പോളിന്റെ വസതിയില്‍ 70-കളില്‍ പ്രായമുള്ള മാതാപിതാക്കള്‍ അവിശ്വാസത്തോടെയാണ് വാര്‍ത്തകള്‍ കണ്ടത്. മകനെയും ഭാര്യയെയും അറസ്റ്റ് ചെയ്തത് വിശ്വസിക്കാന്‍ കണ്ണീര്‍ വാര്‍ത്ത് നില്‍ക്കുന്ന ഈ കുടുംബത്തിന് ഇപ്പോഴും സാധിച്ചിട്ടില്ല. അത്താഴം തയ്യാറാക്കിക്കൊണ്ടിരിക്കവെയാണ് കുടുംബം ഞെട്ടിക്കുന്ന വാര്‍ത്ത മനസ്സിലാക്കുന്നത്. ഇതോടെ ഭക്ഷണം പോലും കഴിക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ അമ്പരപ്പിലാണ് ഈ വൃദ്ധമാതാപിതാക്കള്‍. സ്‌കൂളില്‍ നിന്നും നേരിട്ട് സൈന്യത്തില്‍ ചേര്‍ന്ന വ്യക്തിയാണ് ഇവരുടെ മകന്‍ പോള്‍. റോയല്‍ ആര്‍ട്ടിലറിയില്‍ ഗണ്ണറായി രാജ്യത്തെ സേവിച്ച മകന്‍ ഒരിക്കലും ഇതുപോലെ മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കില്ലെന്നാണ് പിതാവ് വിശ്വസിക്കുന്നത്.

സൈന്യത്തില്‍ നിന്നും വിരമിച്ച ശേഷം കെന്റ് ടണ്‍ബ്രിഡ്ജ് വെല്‍സ് കൗണ്‍സിലിന്റെ സെക്യൂരിറ്റി ഗാര്‍ഡായി സിസിടിവി ക്യാമറകള്‍ നിരീക്ഷിക്കുന്ന ജോലിയും പോള്‍ നിര്‍വ്വഹിച്ചിരുന്നു. നിലവില്‍ ഈസ്റ്റ് സസെക്‌സിലെ ഡബിള്‍ ഗ്ലേസിംഗ് കമ്പനിയില്‍ ജോലി ചെയ്യുന്ന മകന് ഗാറ്റ്‌വിക്ക് അക്രമത്തിന് സമയം കിട്ടില്ലെന്നാണ് പിതാവ് പറയുന്നത്. പോളിന്റെ ഡ്രോണ്‍ പ്രേമത്തിന് ഫേസ്ബുക്ക് പോസ്റ്റുകള്‍ തെളിവാണ്, ഇത് തന്നെയാണ് പ്രതിയെ പിടിക്കാനും പോലീസ് ഉപയോഗിച്ച ആയുധമെന്നാണ് കരുതുന്നത്. എന്നാൽ ക്രോളിയിലെ ഗ്രാമപ്രദേശത്തെ വഴിയരികിൽ സംഭവ ദിവസം ഇവർ ഡ്രോണുകൾ പാക്ക് ചെയ്യുന്നതായി ചില ദൃക്‌സാക്ഷികൾ മൊഴി നൽകിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more