1 GBP = 103.12

ഫ്രാൻസിൽ സർക്കാർ വിരുദ്ധ കലാപം അതിരൂക്ഷമാകുന്നു; എഴുന്നൂറോളം പേര് അറസ്റ്റിൽ; പ്രതിഷേധം യൂറോപ്പിലേക്കും പടരുന്നു

ഫ്രാൻസിൽ സർക്കാർ വിരുദ്ധ കലാപം അതിരൂക്ഷമാകുന്നു; എഴുന്നൂറോളം പേര് അറസ്റ്റിൽ; പ്രതിഷേധം യൂറോപ്പിലേക്കും പടരുന്നു

പാരിസ്– ഇന്ധന വില വര്‍ധന ഉള്‍പ്പെടെ ജീവിത ചെലവുകള്‍ ഏറിയതില്‍ പ്രതിഷേധിച്ച് ഏതാനും ആഴ്ചകളായി ഫ്രാന്‍സില്‍ നിലനില്‍ക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം ശനിയാഴ്ച വീണ്ടും രൂക്ഷമായി. ഫ്രാന്‍സിലുടനീളം ഒരു ലക്ഷത്തോളം പേര്‍ പ്രതിഷേധവുമായി തെരുവിലറങ്ങി. ഇവരില്‍ 8000ഓളം പേര്‍ പാരിസ് നഗരത്തില്‍ കലാപം അഴിച്ചുവിട്ടു. നിരവധി വാഹനങ്ങള്‍ കത്തിക്കുകയോ മിറിച്ചിട്ട് നശിപ്പിക്കുകയോ ചെയ്തു. കച്ചവട സ്ഥാപനങ്ങളും മറ്റും വ്യാപകമായി വീണ്ടും ആക്രമിക്കപ്പെട്ടു. ഒരാഴ്ച മുമ്പ് പാരിസില്‍ നടന്നത് പതിറ്റാണ്ടുകള്‍ക്ക് ശേഷമുണ്ടായ ഏറ്റവും വലിയ കലാപമായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വീണ്ടും രൂക്ഷമായ കലാപം അരങ്ങേറിയത്. ഏഴുനൂറോളം പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര സഹമന്ത്രി ലോറന്റ് നുനെസ് പറഞ്ഞു. കണ്ണീര്‍ വാതക പ്രയോഗവും റബര്‍ ഉണ്ടകളുപയോഗിച്ചുള്ള വെടിവയ്പ്പുമായാണ് പോലീസ് പ്രക്ഷോഭകരെ നേരിട്ടത്. പാരിസ് നഗരത്തില്‍ കവചിത വാഹനങ്ങളും നിരത്തിലിറക്കി.

അതിനിടെ ഫ്രാന്‍സിലെ കലാപത്തിന്റെ അനുരണനങ്ങള്‍ മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വ്യാപിച്ചു തുടങ്ങി. ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സിലും നെതര്‍ലാന്‍ഡ്‌സ് തലസ്ഥാനമായ ആംസറ്റര്‍ഡാമിലും ആക്രമോത്സുക പ്രതിഷേധങ്ങള്‍ അരങ്ങേറി.

യെല്ലോ വെസ്റ്റ്് പ്രതിഷേധക്കാര്‍ എന്നു വിളിക്കപ്പെടുന്ന മഞ്ഞ മേല്‍ക്കുപ്പായം ധരിച്ചവരാണ് പ്രസിഡന്റ് ഇമാനുവല്‍ മക്രോണിനെതിരെ ഫ്രാന്‍സില്‍ സമര രംഗത്തുള്ളത്. മക്രോണ്‍ രാജിവയ്ക്കണമെന്ന മുദ്രാവാക്യങ്ങളുമായാണ് ഇവര്‍ തെരുവിലിറങ്ങിയത്. പാരിസ് നഗരം സത്ംഭിച്ചു. മക്രോണ്‍ ധനികര്‍ക്കു വേണ്ടിയാണ് ഭരണം നടത്തുന്നതെന്നും സാധാരക്കാരുടെ പ്രശ്‌നങ്ങള്‍ അവഗണിക്കുകയാണെന്നുമാണ് പ്രക്ഷോഭകരുടെ ആരോപണം. ഇന്ധന വില വര്‍ധന ഉള്‍പ്പെടെ വന്‍കിടക്കാരെ മാത്രം സഹായിക്കുന്ന സാമ്പത്തിക നയങ്ങളാണ് മക്രോണിന്റേതെന്നും ഇവര്‍ ആരോപിക്കുന്നു.

നവംബര്‍ 17നാണ് ഇന്ധന വില വര്‍ധനക്കെതിരെ ഫ്രാന്‍സില്‍ റോഡുകള്‍ ഉപരോധിച്ചും പ്രകടനങ്ങളായും പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നത്. ഇതു പിന്നീട് മക്രോണിന്റെ ഭരണത്തിനെതിരെ വന്‍ ജനകീയ സമരമായി മാറുകയായിരുന്നു. യെല്ലോ വെസ്റ്റ് എന്നറിയപ്പെടുന്ന പ്രതിഷേധക്കാര്‍ക്ക് നേതൃത്വമില്ല. അതേസമയം ശനിയാഴ്ച ഏകോപിത രീതിയിലാണ് ഫ്രാന്‍സിലുടനീളം പ്രതിഷേധങ്ങള്‍ അരങ്ങേറിയത്. ദേശീയ പാതകള്‍ അടക്കം നിരവധി റോഡുകള്‍ തടഞ്ഞ് ഗതാഗതം തടസ്സപ്പെടുത്തി. ഈ സമരം തുടങ്ങിവച്ചവരുടെ നിയന്ത്രണങ്ങളില്‍ നിന്നും കൈവിട്ടു പോയി എന്നാണ് വിലയിരുത്തല്‍. ആക്രമോത്സുക പ്രതിഷേധങ്ങള്‍ക്ക് മുതിരരുത് എന്നാഹ്വാനം ചെയ്ത് മഞ്ഞക്കുപ്പായക്കാരിലെ തീവ്രത കുറഞ്ഞ ഒരു വിഭാഗം രംഗത്തുണ്ട്. ഇവരുടെ ഒരു സംഘവുമായി പ്രധാനമന്ത്രി എഡ്വേര്‍ഡ് ഫിലിപെ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ പ്രസിഡന്റ് മാക്രോണിന്റെ അടുത്തെത്തിക്കാമെന്ന് ഫിലിപെ ഉറപ്പു നല്‍കിയതായും ഇവര്‍ പറയുന്നു.

പ്രതിഷേധം രൂക്ഷമായതോടെ ഇവരുടെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ഇന്ധന വില വര്‍ധന ഉപേക്ഷിക്കുകയും വൈദ്യുതി, പാചക വാതക വില വര്‍ധന മരവിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതു പോരെന്നാണ് മഞ്ഞക്കുപ്പായക്കാര്‍ പറയുന്നത്. യുണിവേഴസിറ്റി പരിഷ്‌ക്കരണങ്ങളിലും വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കൂടാതെ അടുത്തയാഴ്ച കര്‍ഷകരും പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്്തു. ഇതോടെ കലാപം കൂടുതല്‍ രൂക്ഷമാകുമെന്ന് കരുതപ്പെടുന്നു. ഈ അവസരം മുതലെടുത്ത് ശമ്പള, പെന്‍ഷന്‍ വര്‍ധന ആവശ്യപ്പെട്ട് തൊഴിലാളി യുണിയനായ സി.ജി.ടി യൂണിയനും റെയില, മെട്രോ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more