1 GBP = 103.84
breaking news

മിതാലിയെ പുറത്തിരുത്തിയതിന് പിന്നില്‍ മുംബൈയില്‍ നിന്നുള്ള കോള്‍, വിവാദം പുതിയ വഴിത്തിരിവില്‍

മിതാലിയെ പുറത്തിരുത്തിയതിന് പിന്നില്‍ മുംബൈയില്‍ നിന്നുള്ള കോള്‍, വിവാദം പുതിയ വഴിത്തിരിവില്‍

മിതാലി രാജിനെ വനിതാ ലോകകപ്പ് ട്വന്റി 20യുടെ സെമിയില്‍ ടീമില്‍ നിന്നും പുറത്താക്കിയ സംഭവം പുതിയ വഴിത്തിരിവിലേക്ക്. ക്രിക്കറ്റില്‍ ഏറെ സ്വാധീനമുള്ള ബി.സി.സി.ഐ അംഗത്തിന്റെ മുംബൈയില്‍ നിന്നുള്ള ഫോണ്‍ കോളിനെ തുടര്‍ന്നാണ് രമേഷ് പവാര്‍ മിതാലി രാജിനെ ടീമില്‍ നിന്നും പുറത്താക്കിയതെന്നാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. വിവാദങ്ങളെ തുടര്‍ന്ന് രമേഷ് പവാറിന് വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം നഷ്ടമാകുമെന്നും സൂചനയുണ്ട്.

ടീമിലെ ഭൂരിഭാഗം കളിക്കാരുടേയും പിന്തുണയുണ്ടെങ്കിലും മിതാലി രാജിനെ നിര്‍ണ്ണായക മത്സരത്തില്‍ പുറത്തിരുത്തിയ തീരുമാനമാണ് രമേഷ് പവാറിന് തിരിച്ചടിയായിരിക്കുന്നത്. വനിതാ ട്വന്റി 20 ലോകകപ്പ് സെമിഫൈനലിനുള്ള ടീമില്‍ നിന്നും മിതാലി രാജിനെ പുറത്താക്കിയത് മുതലാണ് വിവാദം ആരംഭിച്ചത്. സെമിയില്‍ ഇംഗ്ലണ്ടിനോട് തോറ്റ് ഇന്ത്യ പുറത്തായതോടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമായി. പരിശീലകന്‍ രമേഷ് പവാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി മിതാലി ബി.സി.സി.ഐയെ സമീപിച്ചു. 20 വര്‍ഷം രാജ്യത്തിനായി ക്രിക്കറ്റ് കളിച്ച തന്നെ തകര്‍ക്കാനും അപമാനിക്കാനും ശ്രമിച്ചെന്നും കരിയര്‍ ഇല്ലാതാക്കാന്‍ ശ്രമം നടന്നെന്നും മിതാലി ആരോപിച്ചു.

ഇതിന് പിന്നാലെയാണ് ബി.സി.സി.ഐ മുമ്പാകെ രമേഷ് പവാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രതീക്ഷിച്ചപോലെ മിതാലിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പരിശീലകന്‍ ഉന്നയിക്കുന്നത്. മുന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകന്‍ സ്ഥാനമൊഴിയാന്‍ കാരണം മിതാലി അടക്കമുള്ള സീനിയര്‍ താരങ്ങളാണെന്ന് രമേഷ് പവാര്‍ പറയുന്നു. ടീമിന്റെ ജയത്തേക്കാള്‍ സ്വന്തം നേട്ടത്തിനായി കളിക്കുന്ന മിതാലിയുടെ രീതി തന്നെ ശരിയല്ലെന്നും പരിശീലകനെയും കോച്ചിംങ് സ്റ്റാഫിനേയും ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും രമേഷ് പവാര്‍ പറഞ്ഞിരുന്നു.

എന്നാല്‍ മിതാലിയെ ടീമില്‍ നിന്നും പുറത്തിരുത്താനുള്ള നിര്‍ണ്ണായക തീരുമാനത്തിന് മുമ്പ് രമേഷ് പവാറിന് മുംബൈയില്‍ നിന്നും ഒരു ഫോണ്‍ കോള്‍ വന്നിരുന്നെന്നാണ് പുതിയ റിപ്പോര്‍ട്ട്. രണ്ട് മത്സരങ്ങളില്‍ തുടര്‍ച്ചയായി അര്‍ധ സെഞ്ചുറി നേടുകയും മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത ശേഷമായിരുന്നു മിതാലി സെമിയിലെ ടീമില്‍ നിന്നും പുറത്തായത്. പുറത്തു നിന്നുള്ള സമ്മര്‍ദത്തിന്റെ അടിസ്ഥാനത്തില്‍ മിതാലിയെ പുറത്താക്കിയെന്നു തെളിഞ്ഞാല്‍ കര്‍ശനനടപടിയായിരിക്കും രമേഷ് പവാര്‍ നേരിടേണ്ടി വരിക. ഓപണിംങ് സ്ഥാനത്തു നിന്നും മിതാലിയെ മാറ്റിയതിലും ടീമില്‍ നിന്നു തന്നെ പുറത്താക്കിയതിലും വ്യക്തമായ കാരണം വിശദീകരിക്കാന്‍ പവാറിന് കഴിഞ്ഞിട്ടില്ലെന്നാണ് സൂചന.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more