1 GBP = 103.12

ജാമ്യാപേക്ഷയുമായി ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ വീണ്ടും ഹൈക്കോടതിയില്‍; അന്വേഷണസംഘം വീണ്ടും ഡൽഹിയിൽ

ജാമ്യാപേക്ഷയുമായി ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ വീണ്ടും ഹൈക്കോടതിയില്‍; അന്വേഷണസംഘം വീണ്ടും ഡൽഹിയിൽ

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചു. അന്വേഷണം പൂര്‍ത്തിയായിട്ടുള്ളതിനാല്‍ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. അന്വേഷണത്തോട് പൂര്‍ണമായും സഹകരിച്ചതായും ബിഷപ് ഹര്‍ജിയില്‍ പറയുന്നു. ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട നേരത്തേയും ബിഷപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ബിഷപ്പിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു നിരീക്ഷിച്ച കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. റിമാന്‍ഡ് ചെയ്യപ്പെട്ട് പാലാ സബ്ജയിലിലാണ് ബിഷപ് ഇപ്പോഴുള്ളത്. പാലാ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അദ്ദേഹത്തിന്റെ റിമാന്‍ഡ് കാലാവധി ഒക്ടോബര്‍ 20 വരെ നീട്ടിയിരുന്നു.

അതേസമയം ഫ്രാങ്കോ മുളയ്‌ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി അന്വേഷണസംഘം ഡല്‍ഹിയിലേക്ക് പോയി. കേസന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ അംഗമായ ജില്ലാ ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ‌്പി ഗിരീഷ‌് പി സാരഥി, വാകത്താനം സിഐ ജയപ്രകാശ് എന്നിവരടങ്ങുന്ന സംഘമാണ് ഡല്‍ഹിയിലുള്ളത്.  ഇതിനിടെ ഇരയായ കന്യാസ്ത്രീയെ സ്വാധീനിക്കുക എന്ന ലക്ഷ്യത്തോടെ ഇവര്‍ താമസിക്കുന്ന നാടുകുന്നിലെ മഠത്തില്‍ തിങ്കളാഴ്ച രണ്ടുവാഹനങ്ങളിലായി എട്ട‌് പേര്‍ എത്തി. വിവരമറിഞ്ഞ് വൈക്കം ഡിവൈഎസ‌്പി കെ സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഇവരെ തിരിച്ചയച്ചു. ഇതോടെ മഠത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന പൊലീസ് കാവല്‍ കൂടുതല്‍ ശക്തമാക്കി.

കേസില്‍ സാക്ഷികളായ രണ്ടുപേരുടെ രഹസ്യമൊഴി ബുധനാഴ്ച ഈരാറ്റുപേട്ട ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തും. കുറവിലങ്ങാട് കോഴാ ബ്ലോക്കിനുടുത്തുള്ള ഡ്രൈവര്‍ കാരിയ്ക്കാപ്രായില്‍ പ്രവീണ്‍ കെ സെബാസ്റ്റ്യന്‍, കോടനാട് വല്ലശ്ശേരി ഡാര്‍വിന്‍ ആന്റണി എന്നിവരുടെ മൊഴികളാണ് 164 പ്രകാരം ഈരാറ്റുപേട്ട കോടതി രേഖപ്പെടുത്തുക.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കേസ് ഫ്രാന്‍സിസ് മാര്‍പാപ്പ നിരീക്ഷിച്ചു വരികയാണെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) കഴിഞ്ഞ ദിവസം അറിയിച്ചു. വത്തിക്കാന്‍ പ്രതിനിധികളുമായി ഇന്ത്യയിലെ കര്‍ദ്ദിനാള്‍മാര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. മാര്‍പാപ്പ സംഭവവികാസങ്ങള്‍ സൂക്ഷ്മായി നിരീക്ഷിക്കുന്നതായും പൊലീസ് അന്വേഷണത്തിന്റെ ഫലത്തിനായി കാക്കുകയാണെന്നും വത്തിക്കാന്‍ പ്രതിനിധികള്‍ അറിയിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more