1 GBP = 103.95

സംസ്ഥാനത്ത് ഇക്കുറി ഗാന്ധിജയന്തി ദിനത്തിൽ തടവുകാർക്ക് മോചനമില്ല

സംസ്ഥാനത്ത് ഇക്കുറി ഗാന്ധിജയന്തി ദിനത്തിൽ തടവുകാർക്ക് മോചനമില്ല

തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ 150-ാം ജയന്തിക്ക് തടവുകാർക്ക് ശിക്ഷയിളവിനായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് കേരളത്തിൽ നടപ്പായില്ല. ശിക്ഷയിളവിനുള്ള തടവുകാരുടെ പട്ടിക ശനിയാഴ്ച രാത്രിയോടെയാണ് ഗവർണറുടെ അനുമതിക്കായി രാജ്ഭവനിലെത്തിച്ചത്. തടവുകാരുടെ പട്ടികയും കേന്ദ്രസർക്കാരിന്റെ വിജ്ഞാപനവും കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ കത്തും മാത്രമാണ് ഹാജരാക്കിയത്. ഈ രേഖകൾ മാത്രം പരിഗണിച്ച് തടവുകാരുടെ മോചനത്തിന് അനുമതി നൽകാനാവില്ലെന്നും ഇവരെ ശിക്ഷിച്ച ഉത്തരവുകൾ ഹാജരാക്കണമെന്നും ഗവർണർ നിർദ്ദേശിച്ചു. ഗുരുതര കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരുടെ കാര്യത്തിൽ അവർ പ്രതികളായ കേസുകളിലെ ഇരകളുടെ കുടുംബങ്ങളുടെ അഭിപ്രായം തനിക്ക് അറിയണമെന്ന് കൂടി ഗവർണർ പി. സദാശിവം നിലപാടെടുത്തതോടെ സർക്കാർ വലഞ്ഞു.

എല്ലാസംസ്ഥാനങ്ങളിലും ഗാന്ധിജയന്തിക്ക് തടവുകാരെ മോചിപ്പിക്കുമ്പോൾ ഇവിടെ മാത്രം മോചനമില്ലാതായി. മുഖ്യമന്ത്രി രാജ്ഭവനിലെത്തി കാര്യങ്ങൾ വിശദീകരിച്ചെങ്കിലും ഗവർണർ നിലപാടുമാറ്റിയില്ല.
വൃദ്ധർ, വനിതകൾ, ശാരീരിക വൈകല്യമുള്ളവർ, ഗുരുതരരോഗികൾ എന്നിവരെ പ്രത്യേകഇളവ് അനുവദിച്ച് മൂന്നുഘട്ടമായി വിട്ടയയ്ക്കാനാണ് കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരുന്നത്. സ്ത്രീധനക്കൊല, മാനഭംഗം, മനുഷ്യക്കടത്ത്, കുട്ടികളെ പീഡിപ്പിക്കൽ, കള്ളനോട്ട്, മയക്കുമരുന്ന്,വിദേശനാണ്യവിനിമയ കേസുകളിലും പോട്ട, യു.എ.പി.എ, ടാഡ എന്നീ ഭീകരവിരുദ്ധനിയമപ്രകാരവും ശിക്ഷിക്കപ്പെട്ടവർക്ക് ഇളവില്ല.

ഗവർണറുടെ അനുമതിയോടെ അർഹരായ തടവുകാരുടെ പട്ടിക കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് അയയ്ക്കണമെന്നായിരുന്നു നിർദ്ദേശം. ഇതുപ്രകാരം 120 പേരുടെ പട്ടികയാണ് ജയിൽവകുപ്പ് തയ്യാറാക്കിയത്. രാഷ്ട്രീയസംഘർഷങ്ങളിൽ ജീവപര്യന്തത്തിനു താഴെ ശിക്ഷകിട്ടിയവരായിരുന്നു ഭൂരിഭാഗവും. നിയമസെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ്, ആഭ്യന്തരസെക്രട്ടറി സുബ്രതാബിശ്വാസ്, ഡി.ജി.പി ലോക്നാഥ് ബെഹ്റ എന്നിവരുടെ സൂക്ഷ്‌മപരിശോധനയിൽ 84 രാഷ്ട്രീയതടവുകാരെ ഒഴിവാക്കി. സ്ത്രീകളെ ഉപദ്രവിച്ചതിനും ജീവനാംശം നൽകാത്തതിനും ശിക്ഷിക്കപ്പെട്ടവരെയും പട്ടികയിൽനിന്നൊഴിവാക്കി. ഇതേച്ചൊല്ലിയുള്ള ആശയക്കുഴപ്പം കാരണം 36 പേരുടെ പട്ടിക അംഗീകരിക്കാനും ഗവർണർക്ക് അയയ്ക്കാനും വൈകി.

മൂന്ന് സെൻട്രൽ ജയിലുകളിലെയും ചീമേനി തുറന്ന ജയിലിലെയും തടവുകാരാണ് മോചിപ്പിക്കാനുള്ള പട്ടികയിലുണ്ടായിരുന്നത്. ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ചീഫ് ജസ്റ്റിസായി ചുമതലയേൽക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ ഇന്ന് ഉച്ചയ്ക്ക് ഗവർണർ ഡൽഹിയിലേക്ക് പോവും. സത്യപ്രതിജ്ഞയ്ക്കുശേഷം ബുധനാഴ്ച രാത്രിയേ അദ്ദേഹം മടങ്ങിവരൂ. നേരത്തേ കേരളപ്പിറവിയുടെ വജ്രജൂബിലി പ്രമാണിച്ച്,കലാപക്കേസിൽ ശിക്ഷയനുഭവിക്കുന്നവരും വാടകക്കൊലയാളികളും സ്ത്രീപീഡകരും ഉൾപ്പെട്ട 1850 തടവുകാരുടെ ശിക്ഷയിളവിനുള്ള ശുപാർശ ഗവർണർ മടക്കിഅയച്ചിരുന്നു. ഇവരെ ഒഴിവാക്കി 739 പേരുടെ പട്ടിക ഗവർണർക്ക് സമർപ്പിച്ചെങ്കിലും ഹൈക്കോടതിയിൽ കേസായി. ശിക്ഷയിളവിനുള്ള ഫയലിൽ ഗവർണർ തീരുമാനമെടുത്തശേഷം ഹൈക്കോടതിയിൽ സമർപ്പിക്കണമെന്നാണ് ഉത്തരവ്. ശിക്ഷയിളവ് നൽകാനുള്ള ഭരണഘടനാപരമായ അധികാരത്തിൽ ഹൈക്കോടതി ഇടപെട്ടെന്ന് വിലയിരുത്തി ഫയൽ ഗവർണർ സർക്കാരിലേക്ക് മടക്കിഅയച്ചു. ഗവർണറുടെ അധികാരം കവരുന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന് സർക്കാർ ഹർജി നൽകിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more