1 GBP =
breaking news

തായ്‌ലൻഡ്: നാല് കുട്ടികളെ പുറത്തെത്തിച്ചു; രണ്ടാം ദൗത്യം ഇന്ന് ആരംഭിച്ചു

തായ്‌ലൻഡ്: നാല് കുട്ടികളെ പുറത്തെത്തിച്ചു; രണ്ടാം ദൗത്യം ഇന്ന് ആരംഭിച്ചു

ബാങ്കോക്ക്: പ്രാർത്ഥനയോടെ കാത്തിരുന്ന ലോകത്തിന് വിസ്മയവും ആശ്വാസവും പകർന്ന്, തായ്‌ലൻഡിലെ താം ലുവാങ് ഗുഹയിൽ 16 ദിവസമായി കുടുങ്ങിയ 12 കുട്ടികളിൽ നാല് പേരെ മുങ്ങൽ വിദഗ്ദ്ധർ ഇന്നലെ സാഹസികമായി രക്ഷപ്പെടുത്തി. ഇവരെ ഗുഹയിൽ നിന്ന് പുറത്തെത്തിച്ചതായി തായ്‌ലൻഡ് നേവി സീൽ സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചു. മറ്റ് രണ്ട് കുട്ടികളെ ഗുഹാമുഖത്തിന് അടുത്തുള്ള ചേംബർ–3 എന്ന ബേസ് ക്യാമ്പിൽ എത്തിച്ചതായും റിപ്പോർട്ടുണ്ട്.
നാല് കുട്ടികളെ രണ്ട് തവണയായാണ് പുറത്തെത്തിച്ചത്. ഏറ്റവും ആരോഗ്യമുള്ള കുട്ടികളെയാണ് ആദ്യം എത്തിച്ചതെന്നും നാല് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ചിയാങ്റായി പ്രവിശ്യാ ആക്‌ടിംഗ് ഗവർണർ നരോങ് സാക് ഓസ്റ്റാനകോൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാത്രി പത്ത് മണിയോടെ ( ഇന്ത്യൻ സമയം രാത്രി എട്ടര ) ഇന്നലത്തെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു. മറ്റുള്ളവരെ രക്ഷിക്കാനുള്ള തയ്യാറെടുപ്പുകൾക്ക് 10 മുതൽ 20 മണിക്കൂർ വേണം. ഇന്ന് ദൗത്യം പുനരാരംഭിക്കും.

തായ് സമയം ഇന്നലെ രാവിലെ പത്തു മണിയോടെയാണ് ( ഇന്ത്യൻ സമയം രാവിലെ 8:30 ) രക്ഷാപ്രവർത്തനം തുടങ്ങിയത്. വൈകിട്ട് 6 മണിക്ക് ആദ്യത്തെ കുട്ടിയെ പുറത്തു കൊണ്ടുവന്നു. ഒൻപതര മണിക്കൂർ നീണ്ടു രക്ഷാദൗത്യം. 18 മുങ്ങൽ വിദ‌ഗ്ദ്ധർ ബഡ്ഡി ഡൈവിംഗ് ദൗത്യത്തിൽ പങ്കാളികളായി.

മുപ്പത് ഡോക്‌‌ടർമാരടങ്ങിയ 13 മെഡിക്കൽ സംഘങ്ങളാണ് പുറത്ത് കാത്തിരിക്കുന്നത്. ഗുഹാമുഖത്ത് ഡോക്ടർമാരുടെ എമർജൻസി ടീം കുട്ടികളെ പരിശോധിച്ചു. പ്രാഥമിക ശുശ്രൂഷയ്‌ക്ക് ശേഷം സൈനിക ഹെലികോപ്റ്ററിൽ അവരെ 57 കിലോമീറ്റർ അകലെയുള്ള ചിയാങ് റായിയിലെ ഹെലിപാഡിൽ എത്തിച്ച് അവിടെ നിന്ന് ആംബുലൻസിൽ പ്രചാനുക്രോഹ് ആശുപത്രിയിലേക്ക് കൊണ്ടു പോയി.
ഗുഹയുടെ പുറത്ത് നിന്ന മുഴുവൻ മാദ്ധ്യമപ്രവർത്തകരെയും ഫോട്ടോഗ്രാഫർമാരെയും നീക്കിയ ശേഷമാണ് രക്ഷാ ദൗത്യം തുടങ്ങിയത്.

ദൗത്യം ഇങ്ങനെ
ഗുഹയിൽ ഡോക്‌ടർമാർ കുട്ടികളെ പരിശോധിച്ച് പത്ത് മണിക്കൂർ നീളുന്ന ദൗത്യത്തിന്റെ കാഠിന്യം താങ്ങുമെന്ന് ഉറപ്പാക്കി.
 കുട്ടികളെ നാല് സംഘങ്ങളായി തിരിച്ചു
 ആദ്യ സംഘത്തിൽ നാല് പേർ
 രണ്ട്, മൂന്ന്, നാല് സംഘങ്ങളിൽ മൂന്നുപേർ വീതം
 നാലാം സംഘത്തിനൊപ്പമാണ് പരിശീലകൻ
13 വിദേശ മുങ്ങൽ വിദഗ്ദ്ധരും തായ് നേവിയിലെ അഞ്ച് വിദഗ്ദ്ധരും
ദൗത്യത്തിന്റെ വിവരങ്ങൾ കുട്ടികളെ അറിയിച്ചു
മുഖം പൂർണമായി മൂടുന്ന ഓക്സിജൻ മാസ്‌കുകളും ഡൈവിംഗ് വസ്‌ത്രവും കുട്ടികളെ ധരിപ്പിച്ചു.
മുങ്ങൽ വിദഗ്ദ്ധൻ വഹിക്കുന്ന ഓക്സിജൻ സിലിണ്ടറിൽ നിന്ന് കുട്ടിയുടെയും മാസ്‌കിലേക്ക് കണക്‌ഷൻ നൽകി.
ഒരു കുട്ടിക്കൊപ്പം രണ്ട് വിദഗ്ദ്ധർ വെള്ളത്തിലേക്ക് ഇറങ്ങി.
ഒരാൾ കുട്ടിയുടെ മുന്നിലും ഒരാൾ പിന്നിലുമായി ദുർഘ‌ടമായ ഇടുക്കുകളിലൂടെ മുന്നോട്ട് നീങ്ങി.
ഗുഹാമുഖം വരെ സ്ഥാപിച്ച കട്ടിയുള്ള കയറിൽ ( ഗൈഡ് വയർ ) പിടിച്ചാണ് ഓരോ കുട്ടിയും നീങ്ങിയത്.
ഏറ്റവും ദുർഘടമായ സ്ഥലത്ത് കഷ്‌ടിച്ച് ഒന്നര അടി വിസ്‌താരം. അതിലൂടെ മുങ്ങൽ വിദഗ്ദ്ധരുടെ സഹായത്തോടെ തിങ്ങി ഞെരുങ്ങി കുട്ടികൾ നീങ്ങി.
ചെളിയും വെള്ളവും നിറഞ്ഞ കുഴികളും ശക്തമായ അടിയോഴുക്കുകളും താണ്ടാൻ വിദഗ്ദ്ധർ കുട്ടികളെ സഹായിച്ചു.
ഒരാൾ പൊക്കത്തിൽ വെള്ളം നിറഞ്ഞ് വളഞ്ഞും പുളഞ്ഞും ഇടുങ്ങിയും കിടക്കുന്ന നാലു കിലോമീറ്റർ താണ്ടുകയായിരുന്നു ഏറെ ശ്രമകരം.
ആദ്യത്തെ രണ്ട് കുട്ടികൾ ഗുഹാമുഖത്ത് എത്തിയപ്പോൾ കാത്തു നിന്നവരുടെ ആഹ്ലാദം പോട്ടിത്തെറിച്ചു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more